Connect with us

Articles

ബിഷപ്പ് കേസ്: പോലീസും പൊതുബോധവും

Published

|

Last Updated

ര്‍ച്ചാവിഷയമാകുന്ന ഓരോ സംഗതിയിലും സമൂഹത്തിന്റെ പൊതുബോധവും അതു കൈകാര്യം ചെയ്യുന്നവരുടെ നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേടുകളും ഏറ്റുമുട്ടലുകളും പതിവുപ്രതിഭാസമാണ്. എന്നാല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ നിലപാടുകള്‍ മറ്റുള്ളവരാല്‍ രൂപപ്പെടുത്തപ്പെട്ട പൊതുബോധത്തോട് യോജിക്കാതെ വരുമ്പോഴോ അല്ലെങ്കില്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയാതെ വരുമ്പോഴോ ഒക്കെയാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ അനാരോഗ്യകരമായ രീതിയിലേക്ക് മാറുന്നത്.

കേരളം ഇന്ന് വന്‍പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന കന്യാസ്ത്രീ ബലാത്സംഗ കേസില്‍ പൊതുബേധ്യവും വിഷയം കൈകാര്യം ചെയ്യുന്നവരുടെ നിലപാടുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഏറെ പ്രകടമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നത സ്ഥാനീയനായ മേലാധികാരി 14 തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നും നിസ്സഹായയായിരുന്നതുകൊണ്ടാണ് ഇക്കാര്യം പുറത്തെത്താന്‍ വൈകിയതെന്നും ഒരു കന്യാസ്ത്രീ പരാതി നല്‍കുന്നു. (പൊതുകാഴ്ചപ്പാടില്‍ ഈ പരാതി തന്നെ ഏറെ കൗതുകകരമാണ്. ലൈംഗികതയുള്‍പ്പെടെയുള്ള ലൗകിക സുഖങ്ങളെ ത്യജിച്ച് ജീവിതം സമര്‍പ്പിക്കാന്‍ സന്നദ്ധരായവരാണ് പരാതിയുടെ രണ്ടറ്റത്തും നില്‍ക്കുന്നവര്‍). കേസില്‍ കുറ്റാരോപിതന്റെ കൈയില്‍ അധികാരവും സ്വാധീനവും ഉണ്ടെന്നതും പരാതിക്കാരി നിസ്സഹായയാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുമ്പോള്‍ പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, നിയമ പരിരക്ഷ നല്‍കേണ്ട പോലീസ് ഇത്ര അമാന്തം കാണിക്കുന്നതെന്തെന്നാണ് പൊതുബോധം ചോദിക്കുന്നത്. ഉന്നയിക്കപ്പെടുന്ന ചോദ്യം ഏറെ പ്രസക്തവുമാണ്. കാരണം ഉന്നത സ്ഥാനീയരോ സ്വാധീനമുള്ളവരോ അല്ലാത്തവരാണ് പരാതിയുടെ മറുഭാഗത്തെങ്കില്‍ ഇത്തരമൊരു പരാതിയെ പോലീസ് എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക? ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പോലീസിനും പോലീസിനെ നിയന്ത്രിക്കുന്നവര്‍ക്കും ബാധ്യതയുണ്ട്. അതേ സമയം പൊതുബോധത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെങ്കിലും സമൂഹത്തിന്റെ ഇതുസംബന്ധിച്ച ആശങ്കകളെ ഇല്ലായ്മ ചെയ്യാന്‍ പോലീസിന്റെ ഈ കാര്യത്തിലെ നിലപാടുകളിലെ വ്യക്തത വിശദീകരിക്കപ്പെട്ടാല്‍ ഒരു പരിധി വരെ ഇതിന് പരിഹാരമായേക്കും. ഇങ്ങനെ ഇത്തരം കേസുകളില്‍ കുഴഞ്ഞുകയറാനും ഇതുവഴി പൊതുബോധത്തെ സ്വാധീനിക്കാനുമുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കങ്ങളെ ചെറുക്കാനാകും.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 75 ദിവസം പന്നിട്ടിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ പോലീസിന് കഴിയാത്തതെന്താണ് എന്നാണ് പ്രധാന ചോദ്യം. നേരത്തെ എം വിന്‍സെന്റ് എം എല്‍ എക്കു നേരെ സ്ത്രീപീഡന ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. ബിഷപ്പ് നല്‍കിയ മൊഴികളില്‍ പലതും ശരിയല്ലെന്ന് കണ്ടെത്തിയിട്ടും അറസ്റ്റിലേക്കു നീങ്ങുന്നില്ലെന്നത് എന്തുകൊണ്ട് എന്നത് ഒരു സാധാരണ ചോദ്യമാണ്. കുറവിലങ്ങാട് കോണ്‍വെന്റിലെ അതിഥിമന്ദിരത്തില്‍ തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയത്. ബിഷപ്പ് ആ ദിവസം അവിടെ എത്തിയിരുന്നതായി സെന്റ് ഫ്രാന്‍സിസ് അസീസി മിഷന്‍ ഹോമിലെ സന്ദര്‍ശക ഡയറിയില്‍ നിന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഒപ്പം അന്നേ ദിവസം ബിഷപ്പിനെ അവിടെ എത്തിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഡ്രൈവറും മൊഴിനല്‍കിയിട്ടുണ്ട്. ബിഷപ്പിനെതിരെ പരാതിയുന്നയിച്ച് തിരുവസ്ത്രമുപേക്ഷിച്ച ഈ മഠത്തിലെ ഒരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററില്‍ ബിഷപ്പ് എത്തിയത് രേഖപ്പെടുത്തിയത്. ബിഷപ്പ് മഠത്തില്‍ ചെന്ന ദിവസം രജിസ്റ്റര്‍ എഴുതിയ ഈ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് സഭാവസ്ത്രം ഉപേക്ഷിച്ചതെന്ന് മറ്റൊരു യുവതിയും മൊഴിനല്‍കിയിട്ടുണ്ട്.

സമാനമല്ലെങ്കിലും മറ്റൊരു മാനഭംഗ കേസില്‍ പോലീസ് സ്വീകരിച്ച നിലപാടുകളും നടപടികളും മുന്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത്. നടി ആക്രമണ കേസിലെ പോലീസിന്റെ ഇടപെടലുകളെയാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. കേസില്‍ പരാതിക്കാരി നേരിട്ട് പേര് ഉന്നയിക്കുകയോ, പൊതുപരാതി ഉയരുകയോ ചെയ്യാതിരിക്കെ ഒരു പ്രതിയുടെ വാക്കുകളെ മാത്രം ആധാരമാക്കിയാണ് സിനിമാ നടനെ പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം പുറത്തിറങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഇതേ പോലീസ് തന്നെ, ബിഷപ്പിനെതിരെ പരാതിക്കാരി നേരിട്ട് പരാതിപ്പെടുകയും നിരവധി തെളിവുകള്‍ കൈമാറുകയും കൈമാറിയ തെളിവുകള്‍ ശരിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും നടപടികളിലെ അവധാനതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. നടി ആക്രമണ കേസിന് സമാനമായ തുടര്‍നടപടികളിലേക്ക് ബിഷപ്പിന്റെ കാര്യത്തില്‍ കടക്കുന്നില്ലെന്ന പൊതുബോധത്തിന്റെ പ്രസക്തമായ ചോദ്യമാണ് ഇവിടെ പോലീസ് നേരിടുന്നത്. നടിയുടെ കേസില്‍ പോലീസിന് തടസ്സമാകാത്ത എന്ത് അദൃശ്യതയാണ് ബിഷപ്പ് കേസില്‍ ഉള്ളത്, അല്ലെങ്കില്‍ ബിഷപ്പിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണെന്ന ആരോപണത്തിന്റെ വസ്തുതയെന്താണ് തുടങ്ങിയവ വിശദീകരിക്കേണ്ടതുണ്ടെന്നാണ് ഉയരുന്ന ആവശ്യം.

എന്നാല്‍, അന്വേഷണം പൂത്തിയായിട്ടില്ലെന്നിരിക്കെ പൊതുബോധത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന പോലീസിന്റെ നിലപാടില്‍ വസ്തുതയുണ്ട്. സാധാരണക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്താല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നതിനാല്‍ അതിനെടുക്കുന്ന കാല താമസമായി ഇപ്പോള്‍ പോതുബോധ്യം ഉന്നയിക്കുന്ന “അവധാനത”യെ ന്യായീകരിക്കാം. ഒപ്പം കേസിന്റെ കാലപ്പഴക്കം തെളിവുകളില്‍ വരുത്തിയ അവ്യക്തതയെ നീക്കുന്നതിനും കാലതാമസം അനിവാര്യമാെണന്ന് വാദിക്കാം. ഇതിനുമപ്പുറം കുറ്റകൃത്യം 14 തവണ ആവര്‍ത്തിക്കപ്പെട്ടെന്ന പരാതിക്കാരിയുടെ മൊഴിയും, പരാതി ഉന്നിച്ച സന്ദര്‍ഭവും അതിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ച ബിഷപ്പിന്റെ മൊഴികളും തമ്മിലുള്ള വൈരുധ്യവും നടപടിയെടുക്കുന്നതിന് മുമ്പ് ഇഴ കീറി പരിശോധിച്ചില്ലെങ്കില്‍ കോടതി നടപടികളിലുള്‍പ്പെടെ പ്രതിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. കൂടുതല്‍ ശിക്ഷ വാങ്ങി നല്‍കാനുള്ള നീക്കമാണെന്നും പറയാം. ഒപ്പം കുറ്റകൃത്യം നടന്നുവെന്നതിന് ലഭിച്ച തെളിവുകള്‍ കോടതിയിലെത്തുമ്പോള്‍ ഇരുവരുടെയും മൊഴികളിലെ വൈരുധ്യത്തില്‍ തട്ടി പാഴാകരുതെന്ന സൂക്ഷ്മതയായും ഈ കാലതാമസത്തെ അവതരിപ്പിക്കാം. എങ്കിലും പൊതുബോധം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രത്യക്ഷമായും പോലീസിന്റെ വാദങ്ങള്‍ പരോക്ഷമായും നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഇതിന് വ്യക്തത വരുത്തേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

അല്ലെങ്കില്‍ കേസിനെ രാഷ്ട്രീയമായും മറ്റും മുതലെടുക്കുന്നവര്‍ പോലീസിനും സര്‍ക്കാറിനും കല്‍പ്പിച്ചുനല്‍കുന്ന പ്രതിച്ഛായ ഒരു പക്ഷേ കേസിനെ അവധാനതയോടെ കൈകാര്യം ചെയ്യാതിരുന്നാല്‍ വരാവുന്ന പ്രതിച്ഛായയേക്കാള്‍ മോശമായിരിക്കും.

അതേസമയം, മൂന്ന് മാസമായി നടത്തിയ അന്വേഷണത്തിന് ശേഷം പോലീസ് 2,000 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നേരത്തേയുണ്ടായിരുന്ന മൊഴികളിലെ വൈരുധ്യം പരിഹരിച്ചെന്നും ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിനെ ചെറുതായി കാണേണ്ടതില്ല. കേസില്‍ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങളാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ പ്രധാനമായും പരിശോധിച്ചത്. ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ധ്യാനകേന്ദ്രത്തിലെ വൈദികന്‍ നല്‍കിയ പിന്തുണയാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം പകര്‍ന്നതെന്ന് കന്യാസ്ത്രീ രണ്ടാംഘട്ടത്തില്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. മഠത്തില്‍നിന്ന് പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍, ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്ന് വൈദികന്‍ പറഞ്ഞത്രേ. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളുടെ പരിശോധനയും രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതും പരാതി നല്‍കാനുണ്ടായ കാലതാമസവുമാണ് അന്വേഷണസംഘം പ്രധാന വെല്ലുവിളിയായി കാണുന്നത്. അതേസമയം കേസില്‍ വ്യക്തമായ തെളിവുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ സമ്മര്‍ദങ്ങളുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ നീക്കം ശക്തമായതായും ആരോപണമുണ്ട്. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നതുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള അറസ്റ്റിനപ്പുറം കുറ്റവാളിയാണെങ്കില്‍ ബിഷപ്പിന് ശിക്ഷ വാങ്ങിക്കൊടുക്കലാണ് ലക്ഷ്യമെങ്കില്‍ പോലീസിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഭരണാധികാരികള്‍ക്കും സ്വാധീനിക്കുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്ന തരത്തിലുള്ള നീക്കമാണ് പോലീസ് നടത്തുന്നതെങ്കില്‍ പൊതുബോധത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി അധികൃതര്‍ നല്‍കുകയും വേണം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest