First Gear
വിദേശനിര്‍മിത കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്


സ്വിഫ്റ്റ് സ്പോർട്ട്
ന്യൂഡല്‍ഹി: വിദേശ നിര്‍മിത കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര റോഡ് വികസന മന്ത്രാലയം ലഘൂകരിച്ചു. കാര്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ വിദേശ പ്ലാന്റില്‍ നിര്‍മിക്കുന്ന നിശ്ചിത എണ്ണം കാറുകള്‍ എന്‍ജിനിലോ, വിലയിലോ മാറ്റമില്ലാതെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നയം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കാര്‍ നിര്‍മാതാക്കള്‍ക്ക് വര്‍ഷത്തില്‍ 2500 കാറുകള്‍ അല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ കൊണ്ടുവരാം. ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളായ ട്രക്കുകള്‍, ബസുകള്‍ എന്നിവ വര്‍ഷത്തില്‍ 500 എണ്ണം ഇറക്കുമതി ചെയ്യാം. അതേസയമം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ റൈറ്റ്ഹാന്‍ഡ് ഡ്രൈവിംഗ് മോഡലായിരിക്കണം എന്ന നിബന്ധനയില്‍ മാറ്റമുണ്ടാകില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണമെന്നും നിബന്ധനയുണ്ട്. ഇതോടൊപ്പം ഇറക്കുമതി ചുങ്കവും നല്‍കേണ്ടിവരും.
നിലവിലെ വ്യവസ്ഥ അനുസരിച്ച് 40,000 യുഎസ് ഡോളറിന് മുകളില്‍ (28.7 ലക്ഷം ഇന്ത്യന്‍ രൂപ) വിലവരുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് പാലിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ കമ്പനികള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ. ബൈക്കുകളാണെങ്കില്‍ 800 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റി ഉള്ളവ മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ സാധിച്ചിരുന്നത്.
മാരുതി സുസുകി, ടൊയോട്ട, നിസാന്‍ തുടങ്ങിയ കമ്പനികള്‍ക്ക് പുതിയ നയം ഗുണകരമാകും. വിദേശ നിര്‍മിത എന്‍ട്രി ലെവല്‍ കാറുകള്‍ തന്നെ ഇനി ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കാം. മാരുതിയുടെ സ്വിഫ്റ്റ് സ്‌പോര്‍ട്ട് അടക്കം മേഡാലുകള്‍ ഇതുവഴി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധിക്കും.