Connect with us

Kerala

പ്രഖ്യാപനം 29ന് കോഴിക്കോട്ട്; സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ വീടുകളിലും അംഗണ്‍വാടികളിലും വൈദ്യുതി എത്തിച്ച് കേരളം ചരിത്ര നേട്ടത്തിലേക്ക്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കോളനികളില്‍ സര്‍ക്കാര്‍ ചെലവില്‍ വൈദ്യുതി എത്തിച്ചുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. വൈദ്യുതി കണക്ഷന് അപേക്ഷ നല്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ കൂടാതെയും 1500 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന താത്കാലിക നമ്പറിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും മാത്രം അടിസ്ഥാനത്തിലും കണക്ഷന്‍ നല്കുകയായിരുന്നു. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ബി പി എല്‍ വിഭാഗങ്ങള്‍ക്ക് ക്യാഷ് ഡെപ്പോസിറ്റ് ഒഴിവാക്കി നല്‍കുകയും ചെയ്തു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം ഈ മാസം 29ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഗ്രാമങ്ങളില്‍ ഏതെങ്കിലും രണ്ട് പബ്ലിക്ക് യൂട്ടിലിറ്റികള്‍ വൈദ്യുതീകരിക്കുകയും ആകെ വീടുകളില്‍ പത്ത് ശതമാനത്തിന് വൈദ്യുതി നല്‍കുകയും ചെയ്താല്‍ സമ്പൂര്‍ണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം. ഈ നിലയില്‍ കണക്കാക്കിയാല്‍ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂര്‍ണ വൈദ്യുതീകൃതമാണ്. എന്നാല്‍ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ദൗത്യമാണ് സംസ്ഥാനം ഏറ്റെടുത്തത്. ഇതോടൊപ്പം എല്ലാ അംഗണ്‍വാടികളിലും വൈദ്യുതി എത്തിച്ചു. രാജ്യത്ത് നാലായിരത്തോളം ഗ്രാമങ്ങളിലും നാലര കോടി വീടുകളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം മാതൃകയാവുന്നതെന്ന് വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.

വൈദ്യുതി എത്താത്ത വീടുകളും അംഗനവാടികളും കണ്ടെത്തിയാണ് ആവശ്യമായ നടപടിയെടുത്തത്. സെക്ഷന്‍ ഓഫീസ് വഴിയും ജനപ്രതിനിധികള്‍ മുഖേനയും ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. കൂടാതെ മിസ്സ്ഡ് കാള്‍, വാട്ട്‌സാപ്പ് വഴിയും രെജിസ്ടര്‍ ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നു. അതോടൊപ്പം ജീവനക്കാര്‍ വീടുവീടാന്തരം കയറിയിറങ്ങിയും ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഫണ്ട് ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്തതും വയറിംഗ് ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി 5000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഒരുലക്ഷത്തോളം ഗുണഭോക്താക്കളെയാണ് ഈ പദ്ധതിയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒന്നര ലക്ഷത്തിലധികം ഗുണഭോക്താക്കളെ കണ്ടെത്തി വൈദ്യുതി എത്തിച്ചു. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവരാണ്. 32,000 കുടുംബങ്ങള്‍ പട്ടികജാതിയിലും, 17,500 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗത്തിലും പെടുന്നു.

രജിസ്ടര്‍ ചെയ്തതില്‍ ഭൂരിഭാഗം പേര്‍ക്കും വീട് വയറിംഗ് ചെയ്യാന്‍ സാമ്പത്തികമായി ശേഷിയില്ലാത്തവരായിരുന്നു. ഇത്തരക്കാരുടെ വീടുകളുടെ വയറിംഗ് പൂര്‍ത്തിയാക്കുന്നതില്‍ ബോര്‍ഡിലെ ജീവനക്കാരും അവരുടെ സംഘടനകളും സന്നദ്ധരായി. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സ്ഥാപനങ്ങളും വയറിംഗ് പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ബി പി എല്‍. കുടുംബങ്ങളുടേയും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടേയും വയറിംഗ് പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി ബോര്‍ഡ് തന്നെ നേരിട്ട് ഏറ്റെടുത്തു. ഇങ്ങിനെ 30000ത്തോളം വീടുകളുടെ വയറിംഗ് ജോലികളും സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി 65 കി.മീ 11 കെ വി ഓവര്‍ഹെഡ് ലൈനുകളും 40 കി.മീ 11 കെ.വി ഭൂഗര്‍ഭകേബിളുകളും 3040 കി മീ എല്‍ ടി ഓവര്‍ഹെഡ് ലൈനുകളും 39 കി മീ എല്‍ ടി ഭൂഗര്‍ഭകേബിളുകളും 21 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. ഇതില്‍ ഇടമലക്കുടി, പോങിന്‍ചുവട്, ആര്യനാട്, റോസ്മല, കുറത്തിക്കുടി, കാട്ടുകുടി, മേമാരി, ലക്കംകുടി, കമ്മാലംകുടി, പെരിയകുടി, കുത്തുകാല്‍കുടി, പറശ്ശിക്കടവ്, ചുള്ളിക്കാട്, അരേക്കാപ്പ് തുടങ്ങി വനപ്രദേശങ്ങളിലും വൈദ്യുതി എത്തിച്ചു.
ലൈന്‍ വലിക്കാന്‍ നിര്‍വാഹമില്ലാത്ത വനാന്തര പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ പഌന്റുകള്‍ സ്ഥാപിച്ചാണ് ഈ പദ്ധതിയില്‍ വൈദ്യുതി എത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആകെ 22 കോളനികളിലായി 1600 ഓളം വീടുകളില്‍ വൈദ്യുതി എത്തിച്ചിട്ടുണ്ട്.
കെ എസ് ഇ ബി കൂടാതെ, അനേര്‍ട്ട്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 174 കോടി രൂപ ചിലവഴിച്ച് നടപ്പാക്കിയ ഈ പദ്ധതിയില്‍ 127 എം.എല്‍.എ മാരുടെ വികസന ഫണ്ടില്‍ നിന്ന് 37.34 കോടി രൂപ ലഭ്യമാക്കി. പട്ടികജാതി വകുപ്പില്‍ നിന്ന് 11.78 കോടി രൂപയും പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് 11.5 കോടി രൂപയും ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 11.78 കോടി രൂപയും ലഭ്യമാക്കും.