Articles
മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം

“”ഞങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും -യഥാര്‍ഥത്തില്‍- വിശ്വാസം കൈ കൊള്ളാതിരിക്കുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരിലുണ്ട്, അവര്‍ അല്ലാഹുവിനേയും സത്യ വിശ്വാസികളേയും ചതിക്കുന്നതായി ഭാവിക്കുന്നു. (സത്യത്തില്‍) തങ്ങളെ തന്നെയാണ് അവര്‍ ചതിക്കുന്നത്. അതവര്‍ അറിയുന്നില്ല. അവരുടെ ഹൃദയങ്ങളില്‍ രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം ഒന്നുകൂടി വര്‍ധിപ്പിച്ച് കൊടുത്തു. വേദനാജനകമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. അവര്‍ കള്ളം പറഞ്ഞ് കൊണ്ടിരിക്കുന്നത് കാരണം. ഭൂമിയില്‍ നിങ്ങള്‍ നാശമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാല്‍ ഞങ്ങള്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ (ഇസ്‌ലാഹ്) നടത്തുന്നവര്‍ മാത്രമാണ് എന്നവര്‍ മറുപടി പറയും. അറിയുക, തീര്‍ച്ചയായും അവര്‍ നാശകാരികള്‍ തന്നെയാണ്. പക്ഷെ, അതവര്‍ അറിയുന്നില്ല. ജനങ്ങള്‍ (പ്രവാചകാനുചരന്മാര്‍) വിശ്വസിച്ചത് പോലെ നിങ്ങള്‍ വിശ്വസിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ ആ മൂഢന്മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കണമോ എന്നവര്‍ ചോദിക്കും. അറിയുക, അവര്‍ തന്നെയാണ് മൂഢന്മാര്‍ പക്ഷെ, അവര്‍ അറിയുന്നില്ല. (വി:ഖു: 2:8-13)
ശരിയായ വിശ്വാസം, ശരിയായ പ്രവര്‍ത്തനം. ഇതാണ് ഇസ്‌ലാമിന്റെ രീതി. വിശ്വാസത്തിലോ കര്‍മ്മത്തിലോ പക്വമായ ഈ ശരിയില്‍ നിന്നും വിശ്വാസികള്‍ വീണ് പോകുന്നതാണ് പതനം. പതനത്തില്‍ നിന്നു സമുദായത്തെ എഴുന്നേല്‍പ്പിക്കുന്നതിനെ നവോത്ഥാനം എന്നും വിളിക്കുന്നു. നശീകരണ ശ്രമങ്ങളെ ഉത്ഥാന പരിശ്രമങ്ങളായി വേഷം കെട്ടിക്കുന്നതിനെ മേല്‍ വചനങ്ങളില്‍ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കപട നവോത്ഥാന വാദികളെ ഗൗരവത്തില്‍ താക്കീത് ചെയ്യുകയും “ഇസ്‌ലാഹ്” എന്ന സമുന്നതമായ ആശയത്തെ അസ്ഥാനത്ത് പ്രയോഗിച്ച് നടത്തുന്ന കാപട്യത്തെ ചോദ്യം ചെയ്യുകയുമാണ് ഖുര്‍ആന്‍. ഇസ്‌ലാമിന്റെ വിശ്വാസ, കര്‍മകാര്യങ്ങളില്‍ സാക്ഷികളായി നിലകൊള്ളുന്നത് പ്രവാചകാനുചരന്മാരാണ്. അപ്പോള്‍ അവരുടെ വിശ്വാസത്തിലും അനുഷ്ഠാനത്തിലും മുസ്‌ലിംകളെ നിലനിര്‍ത്തുന്നതാണ് ഉത്ഥാനം. അതില്‍ നിന്നും മുസ്‌ലിംകള്‍ പിന്നാക്കം പോകുന്നത് പതനം. നേര്‍പഥത്തില്‍ നിന്നും അവരെ പിന്നാക്കം നടത്തുന്നതിനെ നശീകരണമെന്നും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
നവോത്ഥാനവും പതനവും കപട നവോത്ഥാനവുമെല്ലാം ശരിയായ വീക്ഷണത്തിലൂടെ ഖുര്‍ആന്‍ ഇവിടെ വരച്ച് കാട്ടുന്നു. പുതിയ കാലത്തെ പോലെ നവോത്ഥാനത്തിന്റെ അവകാശ വാദികള്‍ ഖുര്‍ആന്‍ അവതരണ കാലത്ത് തന്നെ ഉണ്ടായിരുന്നു വെന്നും ഈ വചനത്തില്‍ തെളിയിച്ച് പറയുന്നുണ്ട്. അത്തരക്കാരെ ചതിയന്മാര്‍ എന്ന് വിളിക്കുന്ന ഖുര്‍ആന്‍ ഇത്തരം അവകാശ വാദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് വിശ്വാസികളെ ഉണര്‍ത്തുന്നു.
ഇസ്‌ലാമിക സമൂഹത്തില്‍ ഉത്ഥാന പരിശ്രമങ്ങള്‍ നിലച്ചുപോയ സന്ദര്‍ഭങ്ങളില്ല. സമുദായം എപ്പോള്‍ വീണ് പോകുന്നുവോ അപ്പോഴെല്ലാം അവരെ എഴുന്നേല്‍പ്പിക്കാന്‍ നവോത്ഥാന നായകര്‍(മുജദ്ദിദുകള്‍) വന്ന് കൊണ്ടിരുന്നു. നവോത്ഥാന പരിശ്രമങ്ങള്‍ക്ക് രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. മുസ്‌ലിം നവോത്ഥാന നായകര്‍ ഊന്നല്‍ നല്‍കിയ മേഖലകളും രേഖപ്പെടുത്തപ്പെട്ടവയാണ്. ഈയൊരു വലിയ ചരിത്രത്തെ തമസ്‌കരിക്കാനാണ് കേരളത്തില്‍ മനഃപൂര്‍വം ശ്രമങ്ങള്‍ നടന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഈ തമസ്‌കരണ ശ്രമങ്ങളെയാണ് ചോദ്യം ചെയ്ത് കൊണ്ടിരുന്നത്. തൊഴിലായോ, രാഷ്ട്രീയ താത്പര്യങ്ങളോടെയോ നവോത്ഥാന പ്രക്രിയയെ സമീപിക്കുന്നവരാണ് പില്‍ക്കാലത്ത് അതിന്റെ കാലഗണന തെറ്റിച്ചത്. ചരിത്രത്തെ തെറ്റായ വായനക്ക് വിധേയമാക്കുകയായിരുന്നു അവര്‍. മുസ്‌ലിം നവോത്ഥാനം ഇപ്പോള്‍ ഒരു വിവാദമായി മാറിയിരിക്കുന്നു. മതനശീകരണ ശ്രമങ്ങള്‍ക്ക് നവോത്ഥാനമെന്ന പേരില്‍ പ്രചാരം നല്‍കാനുള്ള ഹീന പരിശ്രമങ്ങള്‍ നടത്തപ്പെട്ടതോടെ നവോത്ഥാനമേത്, നശീകരണമേത് എന്ന് തിരിച്ചറിയപ്പെടാതെപ്പോകുന്ന സ്ഥിതിയും വന്ന് ചേര്‍ന്നിരിക്കുന്നു.
ഓരോ നൂറ്റാണ്ടുകള്‍ പൂര്‍ത്തിയാകുമ്പോഴും ഈ സമുദായത്തെ സമുദ്ധരിക്കുന്നതിന് വേണ്ടി മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇതു പ്രകാരം പത്താം നൂറ്റാണ്ട് വരെയുള്ള നവോത്ഥാന നായകരെ പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഉമര്‍ബിന്‍ അബ്ദുല്‍ അസീസ്(റ). രണ്ട്, ഇമാം ശാഫിഈ(റ). മൂന്ന്, ഇമാം അബുല്‍ ഹസന്‍ അശ്അരി (റ). നാല്, ഖാസി അബൂബക്കര്‍ അല്‍ ബാക്കില്ലാനി (റ). അഞ്ച്, ഇമാം ഗസ്സാലി (റ). ആറ്, ഇമാം റാസി (റ). ഏഴ്, ഇമാം ഇബ്‌നു ദഖീഖില്‍ ഈദ്(റ). എട്ട്, ഇമാം ബുല്‍ഖൈനി (റ). ഒമ്പത്, ഇമാം സകരിയ്യല്‍ അന്‍സാരി(റ). പത്ത്, ഹാഫിള് ജമാലുദ്ദീന്‍ സുയൂഥി(റ). അതത് കാലങ്ങളില്‍ വിശ്വാസ രംഗത്ത് മുസ്‌ലിംകള്‍ക്ക് സംഭവിച്ച പതനങ്ങളില്‍ നിന്ന് അവരെ എഴുന്നേല്‍പ്പിക്കുന്ന പ്രക്രിയക്കാണ് നവോത്ഥാന നായകന്മാര്‍ പ്രാമുഖ്യം നല്‍കിയത് എന്ന് കാണാം. വിശ്വാസ രംഗത്തെ ജീര്‍ണതക്ക് വഴിതെളിയിച്ചത് മുമ്പ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ “ഇസ്‌ലാഹ്” തന്നെയായിരുന്നു. ഓരോ കാലത്തും ഇവരുണ്ടായിരുന്നു.
മുജദ്ദിദ് ഇമാം അശ്അരിയെ കുറിച്ച് ഹാഫിള് ഇബ്‌നു അസാകിര്‍ രേഖപ്പെടുത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. “”അദ്ദേഹം പ്രവാചക ചര്യയുടെ കാവലാളായി നിലകൊണ്ടു. മുഅ്തസിലത് വിഭാഗത്തെയും ഇതര മതനവീകരണ വാദികളേയും ചെറുത്തു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പ്രസിദ്ധവും രചനകള്‍ പ്രചുര പ്രചാരം നേടിയവയുമാണ്.”” (തബ്‌യീന്‍: പേ: 53). ഇസ്‌ലാമിന്റെ പേരില്‍ ഫസാദിന് തുനിഞ്ഞവരെ ഖുര്‍ആന്‍ തുറന്ന് കാട്ടുന്നത് അനുധാവനം ചെയ്യുകയായിരുന്നു അതത് കാലയളവിലെ നവോത്ഥാന നായകര്‍ ചെയ്തത്. എല്ലാ വ്യാജന്മാരെയും അവര്‍ തുറന്ന് കാട്ടി.
നേര്‍പഥത്തില്‍ സഞ്ചരിച്ച് ലോകത്ത് ഇസ്‌ലാമികാശയങ്ങളെ പ്രയോഗിച്ചവരായിരുന്നു പ്രവാചകാനുചരന്മാര്‍. ഇവര്‍ മുഖാന്തിരമാണ് കേരളീയ സമൂഹത്തില്‍ ഇസ്‌ലാം പ്രചരിക്കുന്നത്. കേരളത്തില്‍ നിന്ന് തന്നെയുള്ള പ്രഥമ മുസ്‌ലിം, സ്വഹാബിയായിരുന്നു. അദ്ദേഹം കേരളത്തില്‍ നിന്നും യാത്ര പുറപ്പെട്ട് പ്രവാചക തിരുമേനിയെ സന്ദര്‍ശിച്ച് തിരിച്ച് വരുന്നത് വരെയുള്ള ചരിത്രം സുപരിചിതമാണ്. അദ്ദേഹത്തോടൊപ്പം അറേബ്യയില്‍ നിന്നു പുറപ്പെട്ട സംഘമാണ് ഇന്ത്യയിലെത്തിയ ആദ്യത്തെ മത പ്രബോധകന്‍മാര്‍. അവര്‍ കേരളത്തില്‍ പ്രചരിപ്പിച്ച വിശ്വാസത്തിനോ കര്‍മാനുഷ്ഠാനങ്ങള്‍ക്കോ എപ്പോഴെങ്കിലും ക്ഷതമേറ്റതായോ പൂര്‍ണ്ണമായി തകര്‍ന്നതായോ രേഖകളില്ല. എവിടെയെങ്കിലും ജീര്‍ണ്ണതകള്‍ സംഭവിച്ചെങ്കില്‍ അതത് സന്ദര്‍ഭങ്ങളില്‍ അത് തിരുത്തപ്പെട്ട് വന്നിരുന്നു.
ഇസ്‌ലാമിക കേരളത്തിന്റെ കഴിഞ്ഞ കാല ചരിത്രങ്ങള്‍ ഏറെക്കുറേ രേഖപ്പെടുത്തപ്പെട്ടവയാണ്.
ഇസ്‌ലാം എത്തിക്കുന്നത് സ്വഹാബിമാര്‍. അവര്‍ ഖുര്‍ആനും സുന്നത്തും പ്രകാരം തന്നെ മതം പ്രചരിപ്പിച്ചു. ഒരു കെ എന്‍ എം പ്രസ്താവനയില്‍ കാണുന്നു. “”പ്രവാചകന്റെ ജീവിത കാലത്ത് തന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തില്‍ വന്നിട്ടുണ്ട്. മാലിക് ബിന്‍ ദീനാര്‍, ഹബീബ് ബിന്‍ മാലിക് തുടങ്ങിയ ആദ്യകാല മുസ്‌ലിം മിഷണറിമാരുടെ പാദമുദ്രകള്‍ പതിഞ്ഞ പ്രദേശമാണ് മലബാര്‍. അതുകൊണ്ട് തന്നെ കേരളീയര്‍ക്ക് പരിചയപ്പെട്ട ഇസ്‌ലാം തീര്‍ച്ചയായും ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള ഇസ് ലാം തന്നെയായിരുന്നു””.(അന്നദ്‌വ- പേ:103). കേരളത്തില്‍ പള്ളികള്‍ സ്ഥാപിക്കുന്നതും അവിടെ ജുമുഅ നിസ്‌കാരം, ജമാഅത്ത് നിസ്‌കാരം എന്നിവ നില നിര്‍ത്തുന്നതും സ്വഹാബിമാര്‍ തന്നെ. അവര്‍ ജുമുഅ നടത്തി കാണിക്കുമ്പോള്‍ സ്വീകരിച്ച സുന്നത്തുകള്‍ തന്നെയാണ് ഇന്നും നില നില്‍ക്കുന്നത്. രണ്ട് ബാങ്കുകള്‍, അറബി ഭാഷയില്‍ ഖുത്വ്ബ, 20 റക്അത് തറാവീഹ് ഉള്‍പ്പെടെയുള്ളവ. ഈ ഇസ്‌ലാമാണ് പില്‍ കാലത്ത് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ വഴി വളര്‍ന്ന് വികാസം കൊണ്ടത്. ആത്മീയാചാര്യന്മാരുടെ പ്രബോധന പരിശ്രമങ്ങള്‍ ഒട്ടൊന്നുമല്ല ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ പങ്ക്‌വഹിച്ചത്. പതിനാറാം നൂറ്റാണ്ടോടെ മഖ്ദൂം സഹോദരങ്ങള്‍ താവഴിയായി നടക്കുന്ന ഇസ്‌ലാമിക പ്രബോധന മുന്നേറ്റങ്ങള്‍ക്ക് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുസ്‌ലിം കേരളത്തിന്റെ പ്രബോധന സംവിധാനങ്ങള്‍ ശക്തമായിരുന്നു. പഴുതടച്ചുതന്നെയാണ് പണ്ഡിതന്മാര്‍ മുന്നോട്ട് പോയത്. ആര്‍ക്കും നുഴഞ്ഞ് കയറാനാകാത്തവിധം. പ്രധാനമായും നാല് താവഴികള്‍. മാലിക് ബിന്‍ ദീനാര്‍ താവഴി, കോഴിക്കോട് ഖാസിമാരുടെ താവഴി, മഖ്ദൂം താവഴി, ഹള്‌റമീ സാദാത്ത് താവഴി. വ്യക്തമായ ആസൂത്രണവും കൃത്യമായ ലക്ഷ്യബോധവുമുള്ളതായിരുന്നു പ്രബോധനാവിഷ്‌കാരങ്ങള്‍. സൈനുദ്ദീന്‍ മഖ്ദൂമുമാരും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, അഹ്മദ് കോയ ശാലിയാത്തി എന്നിവരടക്കമുള്ളവരും ഇളക്കിവിട്ട വൈജ്ഞാനിക വിപ്ലവങ്ങള്‍ പ്രബോധന മുന്നേറ്റങ്ങള്‍ അദ്വിതീയമായിരുന്നു. ഇസ്‌ലാമിന്റേയും ഇസ്‌ലാമിക സമൂഹത്തിന്റേയും ആ നല്ല കാലം ആരാണ് തട്ടിയെടുത്ത് കൊണ്ട് പോയത്? ആരാണ് മുസ്‌ലിം സമുദായത്തെ സാമ്രാജ്യത്വ ശത്രുവിന്റെ തൊള്ളയിലേക്ക് തിരുകിക്കയറ്റിയത്?
പടിഞ്ഞാറിന്റെ വായിലേക്ക് ഇസ്‌ലാമിനെ എറിഞ്ഞ് കൊടുത്ത് കൈയടി നേടിയ സി എന്‍ അഹമ്മദ് മൗലവിയുടെ ഈ പ്രസ്ഥാവന അവര്‍ വായിക്കണം. “”മുന്‍ഗാമികള്‍ കൊള്ളരുതാത്തവരും അപരിഷ്‌കൃതരുമായിരുന്നു. നാമാണ് എല്ലാ തരം കഴിവുകളും നേടിയെടുത്തവരും പരിഷ്‌കാരികളുമെന്ന് ആധുനിക തലമുറക്കൊരു നാട്യമുണ്ട്. അത് മുഴുവനും ശരിയല്ല. ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമുക്ക് പല നേട്ടങ്ങളും കൈ വന്നിട്ടുണ്ട്. അതനുസരിച്ച് നാം കുറെയൊക്കെ വളരുകയും ചെയ്തിരിക്കുന്നു. അതേ പ്രകാരം നമ്മുടെ മുന്‍ഗാമികള്‍ക്ക് കൈ വന്ന അവസരങ്ങളെന്നും തങ്ങളുടെ വളര്‍ച്ചക്ക് അവര്‍ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ലെന്ന് നാം ഓര്‍ക്കണം””. ക്രമാനുഗതമായി കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന് വന്ന ഉത്ഥാന പരിശ്രമങ്ങളെ തമസ്‌കരിച്ച് നവോത്ഥാനത്തിന് പുതിയ ചരിത്രം രചിക്കുന്നവരെ സി എന്‍ അഹ്മദ് മൗലവിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതെന്ത്? മറച്ച് പിടിക്കപ്പെട്ട ആ മഹാചരിത്രത്തിന്റെ വായനയിലാണ് ഈ ചോദ്യത്തിന്റെ ഉത്തരമിരിക്കുന്നത്.
മുസ്‌ലിം നവോത്ഥാനത്തിന്റെ
തമസ്‌കരിക്കപ്പെട്ട ഏടുകള്‍
“”കേരള മുസ്‌ലിം നവോത്ഥാന സംരംഭം ആദ്യമായി ആരംഭിക്കുന്നത് എ ഡി 1922-ാം വര്‍ഷത്തിലാണ്. ആ വര്‍ഷമാണ് കേരള മുസ്‌ലിംകള്‍ക്കായി ആദ്യമായി ഒരു സംഘടന രൂപം കൊള്ളുന്നത്””. ഇസ്‌ലാഹി പ്രസ്ഥാനം. കെ എന്‍ എം പ്രസിദ്ധീകരണം പേ.8. കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ തമസ്‌കരണ കഥയും ഇവിടെ ആരംഭിക്കുന്നു. മുസ്‌ലിം പണ്ഡിതന്മാരും സാദാത്തുക്കളും നൂറ്റാണ്ടുകളായി നിര്‍വഹിച്ച നവോത്ഥാന ചരിത്ര പാരമ്പര്യമാണ് കൊള്ളയടിക്കപ്പെട്ട് പോയത്.
സി എന്‍ അഹ്മദ് മൗലവിയുമായി ചേര്‍ന്ന് കെകെ മുഹമ്മദ് അബ്ദുല്‍കരീം എഴുതിയ മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യത്തില്‍ നിന്നും ചില വരികള്‍ ഉദ്ധരിക്കാം.””ദേശഭക്തി, സ്വാതന്ത്ര്യ പ്രേമം, ത്യാഗ ശീലം, വിജ്ഞാനതൃഷ്ണ, സാമൂഹ്യ ബോധം, മതഭക്തി, ഇവയെല്ലാമാണല്ലോ ഒരുത്തമസമുദായത്തിന്റെ ലക്ഷണങ്ങള്‍. ഇതേതെങ്കിലുമൊന്നില്‍ മാപ്പിള- മുസ്‌ലിം -സമുദായം ഇന്ത്യന്‍ ജനതയുടേയോ ലോക മുസ്‌ലിം വിഭാഗങ്ങളുടേയോ പിന്നിലാണോ? ഒരിക്കലുമൊരിക്കലുമല്ല. ചരിത്രമാണ് അതിനേറ്റവും ഉത്തമ ദൃഷ്ടാന്തം”” (പേ:15)
മുസ്‌ലിംകള്‍ എന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്ന തരത്തിലുള്ള ഉത്തമസമുദായമായി നിലകൊണ്ടിരുന്നുവെന്നും അവര്‍ ഒരു കാലത്തും അന്ധവിശ്വാസാനാചാരങ്ങളില്‍ അഭിരമിച്ചിരുന്നില്ലെന്നും ഇവിടെ വ്യക്തമാകുന്നു. ക്രമബദ്ധമായി നടന്ന് വന്ന നവോത്ഥാന പരിശ്രമങ്ങളുടെ ഫലമായാണ് ഈ സല്‍പേര് ആര്‍ജിക്കാന്‍ മുസ്‌ലിം സമൂഹത്തിന് കഴിഞ്ഞത്. പിന്നീട് ചരിത്രത്തിന്റെ ഏത് ഘട്ടത്തിലാണ് നവോത്ഥാന പരിശ്രമങ്ങള്‍ നിലച്ചുപോയത്? അന്ധവിശ്വാസാനാചാരങ്ങളുടെ മാറാപ്പിലേക്ക് സമുദായം വഴുതി വീണെന്ന് ഏത് ചരിത്രഘട്ടത്തെ സൂചിപ്പിച്ചാണ് പറയാനാവുക? 1922-ല്‍ തുടങ്ങിയെന്ന് പറയുന്ന “നവോത്ഥാന” പരിശ്രമങ്ങള്‍ ആരെയാണ് സംബോധനം ചെയ്തത്? ഏത് തരം താത്പര്യങ്ങളാണ് അവയെ മുന്നോട്ട് നയിച്ചത്? ദേശഭക്തിയും വിജ്ഞാന തൃഷ്ണയും സാമൂഹിക ബോധവും മതഭക്തിയും വേണ്ട അളവില്‍ നില കൊണ്ട ഒരു ഉത്തമ സമുദായത്തില്‍ എന്ത് നവോത്ഥാനമായിരുന്നു നടക്കാനുണ്ടായിരുന്നത്? 1922-ന് ശേഷമുള്ള നവോത്ഥാന തേരോട്ടങ്ങളുടെ ചരിത്രം വായിച്ചാല്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ലഭിക്കുന്നതാണ്. ഇസ്‌ലാം ഒരു കളിക്കോപ്പായിമാറി എന്നതാണ് ആ ചരിത്രത്തിന്റെ ആകെത്തുക.
“ജമാഅത്തും” സലഫിയ്യത്തുമായിരുന്നല്ലോ മുന്നില്‍. “നവോത്ഥാനം” പരസ്പരം പൊരുതി തലവെട്ടുന്നത് അവഗണിക്കാം. ഭൗതികമായും മതപരമായും മുസ്‌ലിം സമുദായത്തെ പിന്നാക്കം വലിക്കുന്നതിനെ അവഗണിക്കാമോ? ഇസ്‌ലാം എന്നും രൂക്ഷമായി എതിര്‍ത്ത് മുസ്‌ലിംകളെ അകറ്റി നിര്‍ത്തിയ പലിശക്ക് അനുകൂലമായി “ഹീലത്തുരിബാ” ബേങ്ക് സ്ഥാപിച്ച് കൊണ്ടായിരുന്നല്ലോ സലഫിയ്യത്തിന്റെ അരങ്ങേറ്റം. മുസ്‌ലിം സമുദായം ഇവരെ പുഛിച്ച് തള്ളിയത് നല്ല കാര്യം. ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു? മുന്‍കാലങ്ങളില്‍ ബഹുദൈവത്വമെന്ന് പരിചയപ്പെടുത്തിയ കാര്യങ്ങള്‍ തൗഹീദായിരിക്കുന്നു. തൗഹീദിനും ശിര്‍ക്കിനും മാറി മാറി നിര്‍വചനങ്ങള്‍ പിറക്കുന്നു. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി “നവോത്ഥാനം” ഏറ്റ് മുട്ടുന്നു. കുഫ്‌റ് ശിര്‍ക്കാരോപണങ്ങള്‍ മുറക്ക് നടക്കുന്നു. അത്തിക്കാട്ടെ, കാറ്റും വെളിച്ചവും കടക്കാത്ത സലഫി ഗ്രാമത്തില്‍ നിന്നും അഫ്ഗാനിലും സിറിയയിലുമുള്ള മലമടക്കുകളിലെ മടകളില്‍ നിന്നും കേരളത്തിലേക്കൊഴുകിയെത്തിയ മെസേജുകള്‍ വായിച്ച് പേടിച്ചരണ്ട് ഐക്യം സംഭവിച്ച് പോകുന്നു. അനന്തരം ഇപ്പോഴിതാ ശിര്‍ക്ക് വീണ്ടും തൗഹീദാകുന്നു. ജിന്നും പിശാചും ഒളിച്ച് വെക്കപ്പെടുന്നു. നാമവിശേഷണങ്ങളിലെ തൗഹീദ് എന്തായി? ആര്‍ക്കറിയാം. സംസമിന്റെ ബറകത്ത്, ഹജറുല്‍ അസ്‌വദിന്റെ അദൃശ്യ സഹായം? അല്ലാഹുവിന്റെ ഊര? കൈകാലുകള്‍? ഉടല്‍ വയറാദികള്‍? അല്ലാഹുവിനെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ മുമ്പ് മതഭ്രഷ്ട് ബാധിക്കുന്ന കുറ്റമായിരുന്നു. ഇപ്പോള്‍ അവ തൗഹീദിന്റെ അവിഭാജ്യഘടകമായിരിക്കുന്നു! നിലപാടുകള്‍ക്ക് അല്‍പായുസ്സ്! തൗഹീദിനോ അതിലും കുറവ് ആയുസ്സ്! നാണം കെട്ട് പോയ ഈ നവോത്ഥാനം! എന്തിന് വേണ്ടിയായിരുന്നു? ആര്‍ക്ക് വേണ്ടിയായിരുന്നു?
“ഹാകിമിയ്യത്ത്” കൂടി വേണമായിരുന്നു മൗദൂദികള്‍ക്ക് “നവോത്ഥാനം” താമ്മാകാന്‍. ജനാധിപത്യവും മതേതരത്വവും ബിംബങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യം പെരിയ ബിംബം. തിരഞ്ഞെടുപ്പും വോട്ടും ശിര്‍ക്ക്. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം മുഴുത്ത ശിര്‍ക്ക്. വിദ്യാഭ്യാസത്തിനും ജോലിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോയിക്കൂടാ. ശിര്‍ക്ക്. എന്ത് ചെയ്യാം. കുട്ടികള്‍ പഠനമുപേക്ഷിച്ച് പുറത്തിറങ്ങി. ഇനി ദൈവരാജ്യത്ത് പഠിക്കാമെന്ന് വെച്ചു. മുസ്‌ലിം ഉദ്യോഗസ്ഥന്‍മാര്‍ സര്‍ക്കാര്‍ ജോലി രാജിവെച്ച് പുറത്തിറങ്ങി. മൗദൂദിയന്‍ ഉത്ഥാനക്കാര്‍ അളിഞ്ഞ് ചിരിച്ചു. നവോത്ഥാനത്തിന്റെ വിജയ പഥങ്ങള്‍!! ഹാകിമിയ്യത്തിലേക്കുള്ള ദൂരം കുറഞ്ഞ് വരുന്നുവോ? “ദൈവരാജ്യം” യാഥാര്‍ഥ്യമാകുന്നുവോ? ഒന്നും സംഭവിച്ചില്ല. “ഹാകിമിയ്യത്ത്” നവോത്ഥാനം ഇപ്പോള്‍ എവിടെയെത്തിയെന്നല്ലേ? ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പും, എഴുപത്തി അഞ്ചാം വാര്‍ഷിക പതിപ്പും ഒന്നിച്ച് വെച്ച് വായിച്ചാല്‍ മതി. നവോത്ഥാന നായകരേ, പ്രമാണങ്ങളുടെ അക്ഷരങ്ങള്‍ വലിച്ചെറിഞ്ഞ് “മഅന”കള്‍ വായിച്ചെടുത്തവരേ, ഇത്രയൊക്കെ ആകാമോ ചെയ്ഞ്ച്? സമ്മതിക്കണം.
വോട്ട് തൗഹീദായി. മത്സരം, ജനാധിപത്യം, മതേതരത്വം, കോടതി, സര്‍ക്കാര്‍ ജോലി, എല്ലാം ശിര്‍ക്കിന്റെ വളമുരിഞ്ഞ് അരങ്ങത്തേക്ക് വരുന്നു. അപ്പോള്‍ ശിര്‍ക്ക് തൗഹീദാകുമോ? മറിച്ചാകുമോ? ക്ഷമിക്കണം. നവോത്ഥാന ത്തില്‍ ചോദ്യമില്ല. അടിയന്തരാവസ്ഥയില്‍ ജമാഅത്തികള്‍ അകത്തായപ്പോഴാണ് ഇന്ത്യന്‍ കോടതിയുടെ താഗൂത്ത് പരിവേശം സ്വയമേവ അഴിഞ്ഞ് വീണത്. ജാമ്യം ലഭിക്കണമല്ലോ? എന്ത് ചെയ്യാന്‍. ഇതാണ് കപട നവോത്ഥാനത്തിന്റെ ചുരുക്കസാരം. ഇവര്‍ മുസ്‌ലിംകളെ പിന്നാക്കം വലിച്ചു. കുട്ടികളുടെ പഠനം നാശമാക്കി. യുവജനങ്ങളുടെ ഭാവി പാതാളത്തില്‍ തള്ളി. വര്‍ഷങ്ങള്‍ നീണ്ട പഠന തപസ്യക്ക് ശേഷം ഒരു സര്‍ക്കാര്‍ കടലാസ് ലഭിക്കാത്തതിന്റെ നെടും ഖേദം ശത്രുക്കളില്ലാത്ത മിത്രങ്ങള്‍ വേദനയോടെ പങ്ക് വെച്ചു നടക്കുന്നു. ഇന്നും. ശിര്‍ക്കും തൗഹീദും നാശമാക്കി. ഇന്നത്തെ ശിര്‍ക്ക് നാളത്തെ തൗഹീദും മറിച്ചും സംഭവിച്ചപ്പോള്‍ അണികള്‍ തീരുമാനിച്ചു. എന്തുമാകാം. എങ്ങനെയുമാകാം. ശിര്‍ക്കായാലെന്ത്? തൗഹീദായാലെന്ത്? എല്ലാം നാളെ മാറാനുള്ളതാണല്ലോ. എന്തേ, നവോത്ഥാന നായകന്മാര്‍ക്ക്, റാഹത്തായില്ലേ?