Kerala
മാധ്യമ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമവിലക്ക് നീക്കണമെന്നും ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. പൂജ അവധിക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.
ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണല്ലോ ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ ഹൈക്കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകര്‍ തയ്യാറാകുന്നില്ലെന്ന് യൂണിയന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞത്.
2009 മുതല്‍ ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ റൂം അടച്ചിടാനുള്ള രജിസ്ട്രാറുടെ ഏകപക്ഷീയമായ തീരുമാനം നീതീകരിക്കാനാവില്ല. കോടതി പരിസരത്തേക്ക് റിപ്പോര്‍ട്ടിംഗിനായി പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നിവയാണ് അഡ്വ. വില്‍സ് മാത്യൂസ് വഴി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.