National
തമിഴ്‌നാടിന് കര്‍ണാടക കാവേരി ജലം കൊടുത്തുതുടങ്ങി

ന്യൂഡല്‍ഹി/ബെംഗളൂരു: ബംഗളൂരു: ആഴ്ചകള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ തമിഴ്‌നാടിന് കര്‍ണാടക കാവേരി നദീജലം കൊടുത്തുതുടങ്ങി. ഇന്നലെ അര്‍ധരാത്രി മുതലാണ് ജലം വിട്ടുനല്‍കിയത്. തമിഴ്‌നാടിന് വെള്ളം നല്‍കിയോ ഇല്ലയോ എന്ന കാര്യം ഇന്ന് ഉച്ചക്കുമുമ്പ് സുപ്രീംകോടതിയെ അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കര്‍ണാടക വെള്ളം ഒഴുക്കിത്തുടങ്ങിയത്. ഇന്നലെ ചേര്‍ന്ന കര്‍ണാടക നിയമസഭയുടെ പ്രത്യേക യോഗം, ഡാമുകളിലെ വെള്ളം ജലസേചന ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന പ്രമേയം പാസാക്കി.
കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ജലസേചനാവശ്യത്തിനായി വെള്ളം വിട്ടുകൊടുക്കുമ്പോള്‍ അതിലൊരുപങ്ക് സ്വാഭാവികമായും തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തും. ഈ വെള്ളത്തിന്റെ അളവ് കര്‍ണാടക, ബിലിഗുണ്ടുലുവില്‍ രേഖപ്പെടുത്തും.
കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി ലംഘിച്ച സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നല്‍കിയത്. ഇന്ന് ഉച്ചക്ക് രണ്ടിന് മുമ്പായി കോടതി നിര്‍ദേശിച്ച ആറായിരം ഘനയടി ജലം വിട്ടുകൊടുത്തില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ നേരേണ്ടി വരുമെന്നായിരുന്നു കര്‍ണാടകക്ക് നല്‍കിയ മുന്നറിയിപ്പ്. ജസ്റ്റിസുമാരായ ദീപക് മിശ്രയും യു യു ലളിതുമാണ് കര്‍ണാടകക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. വെള്ളം നല്‍കിയ ശേഷം ഇതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി തുടര്‍ച്ചയായി ലംഘിക്കുന്ന കര്‍ണാടകയുടെ നടപടിയില്‍ ഡിവിഷന്‍ ബഞ്ച് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആറായിരം ഘനയടി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കര്‍ണാടക സ്വീകരിച്ചിരുന്നത്. കാവേരി നദിയില്‍ നിന്നുള്ള വെള്ളം കര്‍ണാടകയിലെ കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് കഴിഞ്ഞ നിയസഭാ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ പ്രമേയം റദ്ദാക്കിയാണ് ജലസേചന ആവശ്യത്തിന് കൂടി വെള്ളം വിട്ടുനല്‍കാമെന്ന പ്രമേയം ഇന്നലെ പാസ്സാക്കിയത്.
അതേസമയം കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇത്തരമൊരു സമിതി രൂപവത്കരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനില്ലെന്നും നിയമനിര്‍മാണ സഭകള്‍ക്കാണ് അതിന് അധികാരമെന്നും അറ്റോര്‍ണി ജനറല്‍ റോഹ്തഗി സുപ്രീം കോടതിയെ അറിയിച്ചു. ബോര്‍ഡ് രൂപവത്കരണം ഒക്‌ടോബര്‍ രണ്ടിന് നിലവില്‍ വരണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ബോര്‍ഡ് രൂപവത്കരിച്ചാല്‍ അത് പാര്‍ലിമെന്റിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കാവേരി ബോര്‍ഡ് രൂപവത്കരിക്കാമെന്ന് നേരത്തെ സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണാടക പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചതോടെയാണ് കേന്ദ്രം നിലപാട് മാറ്റിയത്. കാവേരിയില്‍ നിന്ന് വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവും ബോര്‍ഡ് രൂപവത്കരിക്കാനുള്ള തീരുമാനവും 2012ലെ ദേശീയ ജലനയത്തിന്റെ ലംഘനമാണെന്നാണ് കര്‍ണാടകയുടെ വാദം.
ഇതിനിടെ കാവേരി മാനേജ്‌മെന്റ് ബോര്‍ഡിലേക്ക് പ്രതിനിധിയെ നിശ്ചയിച്ചതായി കേരളം കോടതിയെ അറിയിച്ചു. ജലവിഭവ വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ വി കെ മനുദേവനാണ് കേരളത്തിന്റെ പ്രതിനിധി. കാവേരി ടെക്‌നിക്കല്‍ സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യം ബോര്‍ഡില്‍ തമിഴനാടിനെ പ്രതിനിധാനം ചെയ്യും.