Connect with us

National

വിവാദങ്ങളില്‍ തൊടാതെ ദേശീയ കൗണ്‍സിലിന് സമാപനം

Published

|

Last Updated

കോഴിക്കോട്: ഉറി ഭീകരാക്രമണ ചര്‍ച്ചകളില്‍ മുങ്ങി കോഴിക്കോട്ട് മൂന്ന് ദിവസങ്ങളിലായി നടന്ന ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് സമാപനം. വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചില ജനകീയ പദ്ധതികള്‍ നടപ്പാക്കാനും തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും കൗണ്‍സില്‍ തീരുമാനിച്ചു.
ആദ്യ ദിനം നടന്ന ദേശീയ നിര്‍വാഹക സമിതി യോഗം മുതല്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം വരെ കശ്മീര്‍ വിഷയത്തിലാണ് ഏറെ ചര്‍ച്ച നടന്നത്. ഉറിയിലെ ഭീകരാക്രണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങളിലുണ്ടായ വൈകാരിക പ്രതിഷേധം പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാനുള്ള നീക്കങ്ങളായിരുന്നു ഇതില്‍ ഏറെയും. പതിവ് രാഷ്ട്രീയ, കരട് പ്രമേയങ്ങള്‍ മാറ്റിവെച്ച് കശ്മീര്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ടതായിരുന്നു ഏക പ്രമേയം. ബി ജെ പി ഭരണമുള്ള ഗുജറാത്തിലും ഇവര്‍ സഖ്യകക്ഷിയായ രാജസ്ഥാനിലും പാര്‍ട്ടിക്കെതിരായ വികാരം ശക്തമാണെന്ന് കൗണ്‍സിലില്‍ വിലയിരുത്തലുണ്ടായി.
വിവാദ വിഷയങ്ങളിലൊന്നും തൊടാതെയായിരുന്നു മോദിയുടെ സമാപന പ്രസംഗം. ബി ജെ പി ദേശീയ തലത്തില്‍ ഉയര്‍ത്തിയ ഗോവധ നിരോധം, ഏകീകൃത സിവില്‍കോഡ്, രാമജന്മഭൂമി, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയല്‍, വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപം തുടങ്ങിയ വിഷയങ്ങളിലൊന്നും ചര്‍ച്ചയുണ്ടായില്ല. ജനസംഘം അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളായ ഏകാത്മക മാനവ ദര്‍ശനം, ഗരീബി കല്യാണ്‍, അന്ത്യോദയ തുടങ്ങിയവയില്‍ ഊന്നി പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും മോദിയുടെ പ്രസംഗത്തില്‍ അതൊന്നുമുണ്ടായില്ല. കേരളത്തിലെ ഇടത് ആക്രമണം ദേശീയതലത്തില്‍ ചര്‍ച്ചയാക്കുമെന്ന് പറഞ്ഞെങ്കിലും കേരളത്തിനായി ഒരു ജനകീയ പ്രഖ്യാപനവും മോദി നടത്തിയില്ല.
വിലക്കയറ്റം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോസംരക്ഷണ സേനയുടെയും മറ്റും നേതൃത്വത്തില്‍ ന്യൂനപക്ഷക്ക് എതിരെ നടക്കുന്ന അതിക്രമം, വിദ്യാര്‍ഥികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ കൈയേറ്റങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിഷയങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍, ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുണ്ടായ ക്ഷീണം മറികടക്കുന്നതിനുള്ള പദ്ധതികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇന്നലെ രാവിലെ ഒമ്പതോ ടെ ദേശീയ പ്രസിഡന്റ് അമിത്ഷാ കൗണ്‍സില്‍ യോഗത്തിന് പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ പ്രതിനിധികള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം 2.30 ഓടെയാണ് സമാപന ചടങ്ങ് ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ പ്രധാനമന്ത്രി, അമിത് ഷാ, എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നീട് ജന്മശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഉപാധ്യായയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ സമാപന പ്രസംഗം.
പാര്‍ലിമെന്ററി ബോര്‍ഡ് അംഗങ്ങളായ അമിത് ഷാ, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, ഷാനവാസ് ഹുസൈന്‍, രഘുവര്‍ദാസ്, മനോഹര്‍ പരീക്കര്‍, രമണ്‍സിംഗ്, ശിവരാജ്‌സിംഗ് ചൗഹാന്‍, ദേവേന്ദ്ര ഫട്‌നാവിസ്, വിനയ് സഹസ്രബുദ്ധെ, രാം മാധവ്, അനുരാഗ് ഠാക്കൂര്‍ പ്രസംഗിച്ചു.