Connect with us

National

പഞ്ചാബില്‍ ലഹരി വിരുദ്ധ വികാരം ശക്തം; നേട്ടം കൊയ്യാന്‍ ആം ആദ്മി പാര്‍ട്ടി

Published

|

Last Updated

ചണ്ഡീഗഢ്: “ഉഡ്ത പഞ്ചാബ്” വിഷയം ദേശീയ തലത്തില്‍ വിവാദങ്ങള്‍ക്ക് കാരണമായതോടെ പഞ്ചാബിലെ മയക്കുമരുന്ന് വ്യാപനം ചര്‍ച്ചയാകുന്നു. സംസ്ഥാനത്തെ മയക്കുമരുന്ന് ലോബികളെ നിയന്ത്രിക്കാന്‍ കാലങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ആയിരക്കണക്കിന് യുവാക്കള്‍ മയക്കുമരുന്നിന് അടിമയാകുകയും ലഹരി സംബന്ധമായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പഞ്ചാബില്‍ ശക്തമായ ലഹരി വിരുദ്ധ മുന്നേറ്റം ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ മയക്കുമരുന്ന് വിരുദ്ധ വികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ്.
മാറിമാറി ഭരിച്ച വലത്- എന്‍ ഡി എ മുന്നണികളുടെ പരാജയമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കാനുള്ള കാരണമായതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. അനുരാഗ് കശ്യപിന്റെ “ഉഡ്ത പഞ്ചാബ്” സിനിമയുമായി ബന്ധപ്പെട്ട വിവാദം ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടുന്നതിന് മുമ്പ് തന്നെ ആം ആദ്മി പാര്‍ട്ടി നേതാവ് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ച് കഴിഞ്ഞിരുന്നു. യൂ ടൂബില്‍ എ എ പി നേതാവ് കുമാര്‍ വിശ്വാസ് കഴിഞ്ഞ മാസം അപ്‌ലോഡ് ചെയ്ത “നഷ” എന്ന സംഗീത ആല്‍ബം ഇതിനകം 11 ലക്ഷം പേര്‍ കണ്ടു.
മദ്യനിരോധനം ചര്‍ച്ച വിഷയമാകുന്നത് പതിവായ രാജ്യത്ത് പഞ്ചാബില്‍ “സമ്പൂര്‍ണ മയക്കുമരുന്ന് നിരോധം ” എന്ന പ്രഖ്യാപനവും ജനങ്ങള്‍ കേള്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ആ രീതിയിലേക്കാണ് പഞ്ചാബിലെ രാഷ്ട്രീയ പരിസരം പരുവപ്പെട്ടുവരുന്നത്. ചാനല്‍ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും മയക്കുമരുന്ന് നിരോധം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്.

“ഉഡ്ത പഞ്ചാബി”ന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കപ്പുറം പഞ്ചാബിനെ ഉണര്‍ത്തുന്നത് സാമ്പൂര്‍ണ മയക്കുമരുന്ന് നിരോധന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പുതിയ വിവാദങ്ങളും ചര്‍ച്ചകളും സംസ്ഥാനം ഭരിക്കുന്ന ശിരോമണി അകാലിദളിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിക്ക് മികച്ച മുന്നേറ്റം നടത്താന്‍ പുതിയ വിവാദങ്ങള്‍ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടി നിയമസഭ തിരഞ്ഞെടുപ്പിനായി ഒരുക്കം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ലഹരി ഭ്രമത്തിനെതിരെ ഫെബ്രുവരിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച ക്യാമ്പയിന്‍ വന്‍ വിജയമായിരുന്നു.

Latest