National
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്. കര്‍ണാടകയില്‍ അംഗബലം കുറവായിരുന്നെങ്കിലും കോണ്‍ഗ്രസ് നിര്‍ത്തിയ മൂന്നാമത്തെ സ്ഥാനാര്‍ഥിയും വിജയിച്ചു. ജനതാദള്‍ എസ്സിലെ ചില അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ തിരഞ്ഞെടുക്കപ്പെട്ടു. സിബലിനെ പരാജയപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള വ്യവസായിയുടെ ഭാര്യ പ്രീതി മഹാപാത്ര സ്വതന്ത്രയായി രംഗത്തുണ്ടായിരുന്നെങ്കിലും കപില്‍ സിബല്‍ ജയിച്ചു കയറി. കപില്‍ സിബലിനെ പരാജയപ്പെടുത്താന്‍ ഇവിടെ ബിജെപി എല്ലാ അടവുകളും പയറ്റിയിരുന്നു.
കര്‍ണാടകയില്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ജയറാം രമേശ്, കെസി രാമമൂര്‍ത്തി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വിജയിച്ചു. ജാര്‍ഖണ്ഡില്‍ ഒഴിവ് വന്ന രണ്ട് സീറ്റും ബിജെപി നേടി.
യുപിയില്‍ ഒഴിവ് വന്ന 11 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയുടെ ഏഴുപേരും തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ ഒഴിവ് വന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും തിരഞ്ഞെടുക്കപ്പെട്ടു.
രാജസ്ഥാനില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉള്‍പ്പടെ നാലിടത്തും ബിജെപി ജയിച്ചു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് താംത ജയിച്ചു.