National
'ധൈര്യമുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ': ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി

ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. ദാവൂദിന്റെ പാകിസ്താനിലെ വീടിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവൂദ് പാകിസ്താനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു.
“നിങ്ങള്‍ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാകിസ്താനിലുണ്ടെങ്കില്‍ പോയി പിടികൂടണം.” ഛോട്ടാ ഷക്കീല്‍ പറഞ്ഞു. കറാച്ചിയില്‍ നിരവധി പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ടെന്നും വിഡിയോയില്‍ പറയുന്ന പേര് നിങ്ങളുദ്ദേശിക്കുന്ന ദാവൂദ് ഇബ്രാഹിം അല്ലെന്നും ഷക്കീല്‍ ഫോണിലൂടെ അറിയിച്ചു.
ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഒരു ദേശീയ ചാനല്‍ വാര്‍ത്ത പുറത്തുവിട്ട പശ്ചാതലത്തിലാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. കറാച്ചിയില്‍ സമ്പന്നന്‍മാര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് ചാനല്‍ വെളിപ്പെടുത്തിയത്. ദാവൂദിന്റെ വിലാസം ഡി3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്നും ചാനല്‍ പറയുന്നു.