Ongoing News
നല്‍കിയത് 19 മന്ത്രിമാരെ;മന്ത്രിപ്പെരുമയുടെ കണ്ണൂര്‍

കണ്ണൂര്‍: മന്ത്രിപ്പെരുമയില്‍ മറ്റേത് ജില്ലക്കുള്ളതിനെക്കാളും പേരും പെരുമയും കണ്ണൂരിനുണ്ട്. കേരള ചരിത്രത്തില്‍ ഏറെക്കാലം മുഖ്യമന്ത്രിമാരായ നായനാരും കരുണാകരനുമുള്‍പ്പടെയുള്ളവരെ സമ്മാനിച്ച കണ്ണൂരില്‍ നിന്ന് ഇതു വരെയായി മന്ത്രിമാരായത് 19 പേരാണ്. 13 പേര്‍ കണ്ണൂരില്‍തന്നെ മത്സരിച്ച് ജയിച്ച് മന്ത്രിമാരായപ്പോള്‍ ആറ്‌പേര്‍ ജില്ലക്ക് പുറത്തുപോയി മത്സരിച്ചാണ് മന്ത്രിപദത്തിലെത്തിയത്. കണ്ണൂരില്‍ വന്ന് മത്സരിച്ചു ജയിച്ച ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായപ്പോള്‍ മത്തായി മാഞ്ഞൂരാനും കെ സി ജോസഫും മറ്റ് ജില്ലകളില്‍നിന്നു കണ്ണൂരിലെത്തി മത്സരിച്ചു മന്ത്രിമാരായവരാണ്. കെ കരുണാകരനും ഇ കെ നായനാരുമാണ് മുഖ്യമന്ത്രിയായ കണ്ണൂര്‍ സ്വദേശികള്‍.
നാല് തവണ കരുണാകരന്‍ മുഖ്യമന്ത്രിയായെങ്കിലും ഒരു തവണപോലും കണ്ണൂരിലെ മണ്ഡലത്തെ അദേഹം പ്രതിനിധീകരിച്ചില്ല. മുഖ്യമന്ത്രിയായപ്പോഴെല്ലാം തൃശൂര്‍ ജില്ലയിലെ മാള മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു കരുണാകരന്‍. മൂന്ന് തവണ മുഖ്യമന്ത്രിയായ ഇ കെ നായനാര്‍ ആദ്യം മലമ്പുഴയേയും രണ്ടാമത് തൃക്കരിപ്പൂരിനെയുമാണ് പ്രതിനിധീകരിച്ചത്. എന്നാല്‍ മൂന്നാംതവണ സ്വന്തം ജില്ലയിലെ മണ്ഡലമായ തലശ്ശേരിയുടെ പ്രതിനിധിയായി മുഖ്യമന്ത്രി കസേരയിലിരുന്നു.
കൊല്ലം ജില്ലക്കാരനായ ആര്‍ ശങ്കര്‍ പഴയ കണ്ണൂര്‍-ഒന്നില്‍ നിന്ന് ജയിച്ചാണ് 1960 ല്‍ മുഖ്യമന്ത്രി സ്ഥാനമലങ്കരിച്ചത്.
കണ്ണൂരില്‍നിന്നും വിജയിച്ചു മന്ത്രിയായവരുടെ പേരുകള്‍ ഇങ്ങനെയാണ്. വി ആര്‍ കൃഷ്ണയ്യര്‍ (തലശേരി-1957), കെ.പി ഗോപാലന്‍ (കണ്ണൂര്‍-രണ്ട് 1957), പി ആര്‍ കുറുപ്പ് (പെരിങ്ങളം-1967, 96), എന്‍ ഇ ബാലറാം (തലശേരി-1970), കെ പി നൂറുദ്ദീന്‍ (പേരാവൂര്‍-1982), എന്‍ രാമകൃഷ്ണന്‍ (കണ്ണൂര്‍-1991), പിണറായി വിജയന്‍ (പയ്യന്നൂര്‍-1996), കെ സുധാകരന്‍ (കണ്ണൂര്‍-2001), കോടിയേരി ബാലകൃഷ്ണന്‍ (തലശ്ശേരി-2006), കടന്നപ്പളളി (എടക്കാട്-2006), പി കെ ശ്രീമതി (പയ്യന്നൂര്‍ 2006), കെ പി മോഹനന്‍ (കൂത്തുപറമ്പ 2011).
കാന്തലോട്ട് കുഞ്ഞമ്പു (നാദാപുരം-1977), ഇ അഹമ്മദ് (താനൂര്‍-1982), എം വി രാഘവന്‍ (കഴക്കൂട്ടം-1991, തിരുവനന്തപുരം വെസ്റ്റ്-2001), എ സി ഷണ്‍മുഖദാസ് (ബാലുശേരി-1980, 1987, 1996), കെ സി വേണുഗോപാല്‍ (ആലപ്പുഴ-2001) എന്നിവരാണ് കണ്ണൂരിന് പുറത്തുപോയി മത്സരിച്ച് മന്ത്രിമാരായത്.
അന്യ ജില്ലക്കാരനായ മത്തായി മാഞ്ഞൂരാന്‍ പഴയ മാടായി മണ്്ഡലത്തില്‍നിന്നു വിജയിച്ച് 1967 ലാണ് മന്ത്രിയായത്. കോട്ടയം ചങ്ങനാശേരി സ്വദേശി കെ സി ജോസഫ് ഇരിക്കൂറില്‍നിന്ന് തുടര്‍ച്ചയായി ഏഴാം തവണ വിജയിച്ചു 2011ല്‍ മന്ത്രിയായി. കെ സി ജോസഫും കെ പി മോഹനനും നിലവില്‍ മന്ത്രിമാരായി തുടരുന്നു.ഇരിക്കൂറിലും കൂത്തുപറമ്പിലും മത്സരിക്കുന്ന ഇരുവരും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും യു ഡി എഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ ഇവര്‍ വീണ്ടും മന്ത്രിമാരായേക്കും.
ഇത്തവണ ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ കണ്ണൂരില്‍ നിന്ന് പിണറായി അടക്കം കൂടുതല്‍ മന്ത്രിമാര്‍ക്ക് സാധ്യതയുണ്ട്.