Ongoing News
ഐഎസ്എല്‍: ഡല്‍ഹിക്ക് മുന്നില്‍ ഗോവ വീണു

ന്യൂഡല്‍ഹി: ആശാനെ വീഴ്ത്തി ശിഷ്യന്‍ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സീക്കോ പരിശീലിപ്പിച്ച എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനമോസ് സെമിഫൈനലിന്റെ ആദ്യപാദം സ്വന്തമാക്കി. പതിനഞ്ചിന് ഗോവയില്‍ രണ്ടാം പാദ സെമിഫൈനല്‍ നടക്കും.
ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിംഗ് നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഡല്‍ഹി ജയം പിടിച്ചെടുത്തത്. ഗ്രൂപ്പ് റൗണ്ടില്‍ രണ്ട് തവണയും ഗോവക്ക് മുന്നില്‍ പരാജയപ്പെട്ട ഡല്‍ഹി നിര്‍ണായകമായ സെമിപോരില്‍ അട്ടിമറി സൃഷ്ടിച്ചു.
4-4-1-1 ശൈലിയില്‍ ടീമിനെ വിന്യസിച്ച കാര്‍ലോസ് ഗോള്‍ വഴങ്ങാതിരിക്കാന്‍ മുന്‍കരുതലെടുത്തു. എന്നാല്‍, പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമായിരുന്നു മലൂദയും സാന്റോസും മാസയും നബിയും റോബിനും ചേര്‍ന്ന അറ്റാക്കിംഗ് നിര പുറത്തെടുത്തത്. മത്സരത്തിലുടനീളം ഡല്‍ഹിക്കായിരുന്നു ആധിപത്യം. ചുരുങ്ങിയത് നാല് ഗോളിനെങ്കിലും ജയിക്കേണ്ട മത്സരമാണ് ഒരു ഗോള്‍ മാര്‍ജിനില്‍ ഒതുങ്ങിയത്. ഓരോ തവണ അവസരം പാഴാക്കുമ്പോഴും കാര്‍ലോസ് തന്റെ നിരാശ അങ്ങേയറ്റം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. സുവര്‍ണാവസരങ്ങള്‍ പോലും പുറത്തേക്കടിച്ചു കളയുന്നത് കണ്ടതോടെ കാര്‍ലോസിന്റെ മുഖത്ത് അവിശ്വസനീയത. ചെല്‍സിയുടെ സൂപ്പര്‍ താരമായിരുന്ന മലൂദ പോലും ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തെത്തിച്ചില്ല.
കളം നിറഞ്ഞു കളിച്ച ഡോസ് സാന്റോസാണ് മാന്‍ ഓഫ് ദ മാച്ചായത്. റോബിന്‍ സിംഗിന്റെ തകര്‍പ്പന്‍ ഹെഡറിന് വഴിയൊരുക്കിയ സാന്റോസ് ഉരുഗ്രന്‍ സോളോ മുന്നേറ്റത്തില്‍ ഗോളിനടുത്തെത്തിയെങ്കിലും ഗോവന്‍ ഗോളി കട്ടിമണി തടഞ്ഞു. അത് ഗോളായിരുന്നെങ്കില്‍ ടൂര്‍ണമെന്റിലെ മികച്ചതാകുമായിരുന്നു.
ഗോവന്‍ ബോക്‌സിനുള്ളില്‍ പന്ത് പരസ്പരം കൈമാറാന്‍ മടിയുള്ളതുപോലെയാണ് ഡല്‍ഹി താരങ്ങള്‍ പെരുമാറിയത്. ഒരു ഗോള്‍ തന്റെ പേരില്‍ കുറിക്കണമെന്ന ആഗ്രഹത്തോടെ ഓരോ താരവും കളിച്ചു. ഇടത് വിംഗില്‍ മാമ പലപ്പോഴും പന്ത് വെച്ച് താമസപ്പിച്ചു. 3-5-2 ശൈലിയില്‍ കളിച്ച ഗോവ കാഴ്ചക്കാരായി. രണ്ടാം ലെഗില്‍ കളി മാറുമെന്ന് കരുതാം. ഹോംഗ്രൗണ്ടില്‍ ഗോവ ആഞ്ഞടിച്ചാല്‍ ഡല്‍ഹിയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ വെള്ളത്തിലാകും.