Connect with us

Business

കുരുമുളക് വില ഉയര്‍ന്നു; വെളിച്ചെണ്ണ വില തളര്‍ച്ചയില്‍

Published

|

Last Updated

കൊച്ചി: ഉത്സവകാല ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. ഗാര്‍ബിള്‍ഡ് മുളക് 67,700 ല്‍ നിന്ന് 68,500 രൂപയായി. ദീപാവലി ആവശ്യങ്ങള്‍ക്കാണ് ഉത്തരേന്ത്യക്കാര്‍ ചരക്ക് ശേഖരിച്ചത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് പിന്‍തള്ളപ്പെട്ടു. ഇന്ത്യന്‍ വില ടണ്ണിന് 11,300 ഡോളറായി ഉയര്‍ന്നതാണ് ഡിമാന്‍ഡ് കുറച്ചത്. മറ്റ് ഉത്പാദന രാജ്യങ്ങള്‍ നമ്മുടെ വിലയെക്കാള്‍ താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. മഴ സജീവമായാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ കുരുമുളക് അടുത്ത സീസണില്‍ ഉത്പാദിപ്പിക്കാനാകും. തെക്കന്‍ കേരളത്തില്‍ മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പ് വൈകാതെ ആരംഭിക്കും.
ചുക്ക് വില ഉയര്‍ന്നു. ശൈത്യകാല ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഉത്തരേന്ത്യക്കാര്‍ ചരക്ക് എടുത്തു. വിപണിയിലേക്കുള്ള ചരക്ക് വരവ് കുറവാണ്. വിവിധയിനം ചുക്കിന് 500 രൂപ വര്‍ധിച്ചു. മീഡിയം ചുക്ക് 19,000 ലും ബെസ്റ്റ് ചുക്ക് 20,500 രൂപയിലും ക്ലോസിംഗ് നടന്നു.
ഔഷധ നിര്‍മാതാക്കള്‍ ജാതിക്കയും ജാതിപത്രിയും ശേഖരിച്ചു. ജാതിക്ക തൊണ്ടന്‍ കിലോ 200-220 ലും തൊണ്ടില്ലാത്തത് 380-400 ലും ജാതിപത്രി 500-850 ലുമാണ്.
നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. ദീപാവലി അടുത്ത സാഹചര്യത്തില്‍ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകരും കൊപ്രയാട്ട് വ്യവസായികളും. പ്രദേശിക ആവശ്യം ഉയരാഞ്ഞത് മൂലം കൊച്ചിയില്‍ വെളിച്ചെണ്ണ 10,400 രൂപയില്‍ നിന്ന് 10,200 ലേക്ക് താഴ്ന്നു. കൊപ്ര 7035 ല്‍ നിന്ന് 6910 രൂപയായി കുറഞ്ഞു.
ചെറുകിട കര്‍ഷകര്‍ നാലാം ഗ്രേഡ് റബ്ബര്‍ കിലോ 112 രൂപക്കാണ് കൈമാറിയത്. ലാറ്റക്‌സ് വില കിലോ 83 രൂപയായി ഇടിഞ്ഞു. ഉത്പാദന ചിലവ് പോലും കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്താന്‍ കഴിയാത്ത സാഹചര്യമാണ്. വ്യവസായികള്‍ റബ്ബര്‍ അവധി വ്യാപാരത്തിലെ വില തകര്‍ച്ച മറയാക്കി നിരക്ക് താഴ്ത്തി.
ആഭരണ വിപണികളില്‍ പവന്‍ 20,080 രൂപയില്‍ വിപണനം നടന്ന ശേഷം 19,880 രൂപയായി. ഒരു ്രഗാമിന്റെ വില 2485 രൂപ. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1164 ഡോളറില്‍ നിന്ന് 1138 ഡോളറായി.

Latest