Kerala
കണ്‍സ്യൂമര്‍ ഫെഡില്‍ നൂറ് കോടി രൂപയുടെ ക്രമക്കേട്

കൊച്ചി: കണ്‍സ്യൂമര്‍ഫെഡില്‍ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ കണ്ടെത്തല്‍. സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ ക്രമക്കേട് ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം തള്ളി.
ഫെഡറേഷന്റെ പതിമൂന്ന് കേന്ദ്രങ്ങളിലായി നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തെ ഏറെക്കുറെ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഉപസമിതിയും സമര്‍പ്പിച്ചത്. യാത്ര, താമസം ഇനങ്ങളിലായി ചെയര്‍മാന്‍ ജോയ് തോമസ് 30 ലക്ഷം രൂപ ധൂര്‍ത്തടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
15 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സമയക്കുറവ് മൂലം വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സതീശന്‍ പാച്ചേനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കണ്‍സ്യൂമര്‍ഫെഡ് യോഗത്തില്‍ പങ്കെടുക്കാനായി കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് എത്തിയ സതീഷന്‍ പാച്ചേനിയെ ഒരു സംഘം ജീവനക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ജീവനക്കാരും പോലീസും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.