Connect with us

International

അഴിമതി കേസില്‍ ഹുസ്‌നി മുബാറക്കിനും രണ്ട് മക്കള്‍ക്കും മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

കൈറോ: അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനും രണ്ട് മക്കള്‍ക്കും ഈജിപ്ത് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. മുബാറക്കും മക്കളായ അല, ജമാല്‍ എന്നിവരും കോടതിയില്‍ ഹാജരായിരുന്നു. ഇതേ കേസില്‍ മൂന്ന് പേരെയും നേരത്തെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും അപ്പീല്‍ കോടതി പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു. മൂന്ന് പേര്‍ക്കും 16 മില്യണ്‍ ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിനെതിരെ മുബാറക്കിന്റെ അഭിഭാഷകര്‍ അപ്പീല്‍ പോയേക്കാമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജി ഹസ്സന്‍ ഹുസൈന്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ മുബാറക്കിന്റെ അനുകൂലികള്‍ രോഷാകുലരായി മുദ്രാവാക്യം വിളിച്ചു. ഒരു ദശാബ്ദത്തിനകം മുബാറക്കും മക്കളും രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് ഡോളര്‍ അപഹരിച്ചതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് കൊട്ടാരം പുതുക്കിപ്പണിയാനെന്ന പേരില്‍ കുടുംബത്തിന്റെ സ്വകാര്യ വാസസ്ഥലങ്ങള്‍ മോടിപിടിപ്പിക്കാനാണ് രാജ്യത്തിന്റെ പണം ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ മുബാറക്കിന് മൂന്ന് വര്‍ഷവും മക്കള്‍ക്ക് നാല് വര്‍ഷം വീതവും തടവായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരെയാണ് മുബാറക്കും മക്കളും അപ്പീല്‍ കോടതിയെ സമീപിച്ചത്. കൈറോയിലെ പോലീസ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ഇതേ കോടതിയാണ് ഈജിപ്തില്‍ സ്വതന്ത്രമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ 29 വര്‍ഷം തടവിന് ശിക്ഷിച്ചത്.