Connect with us

Gulf

അല്‍ മക്തൂം വിമാനത്താവളം സൗരോര്‍ജം ഉപയോഗപ്പെടുത്തും

Published

|

Last Updated

ദുബൈ: ദുബൈ വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം സൗരോര്‍ജം ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി 100 സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ദിവയുമായി കൈകോര്‍ത്താണ് വിമാനത്താവളം പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിന്റെ സാധ്യത തേടുന്നത്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ഗേറ്റിനാവും പ്രധാനമായും സൗരോര്‍ജ ഇന്ധനം ഉപയോഗപ്പെടുത്തുക. കെട്ടിടത്തിന്റെ മുകളിലാവും ഇതിനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. കെട്ടിടത്തിന് ആവശ്യമായ വൈദ്യുതിയുടെ മൂന്നില്‍ രണ്ടു ഭാഗം ഇതിലൂടെ നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിവര്‍ഷം 48.8 മെഗാവാട്‌സ് വൈദ്യുതിയാവും ലഭിക്കുക. വിമാനത്താവളവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സൗഹൃദം നിലനിര്‍ത്താനുള്ള നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ് സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതെന്ന് അല്‍ മക്തൂം ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മജീദ് അല്‍ ജോക്കര്‍ വ്യക്തമാക്കി. 2030 ആവുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയെന്ന ദിവയുടെ പദ്ധതിയുടെ ഭാഗം കൂടിയാണ് വിമാനത്താവളത്തിലെ സൗരോര്‍ജ പാനല്‍ സ്ഥാപിക്കലെന്നും അദ്ദേഹം വിശദീകരിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന്റെ ഭാഗമാണ് സൗരോര്‍ജത്തിന്റെ ഉപയോഗം എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമെന്ന് ദിവ സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വലീദ് സല്‍മാന്‍ വ്യക്തമാക്കി. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഫോട്ടോവോള്‍ട്ടെയ്ക്ക് പാനലാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. ദുബൈ എയര്‍പോര്‍ട്ട് അധികൃതരുമായി സഹകരിച്ചാണ് ദിവ ഗ്രിഡൂമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.