Kerala
ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ട: ഹൈക്കോടതി
 
		
      																					
              
              
            കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.
കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസും ഡി വൈ എസ് പിയായിരുന്ന കെ .കെ ജോഷ്വയും സമര്‍പ്പിച്ച അപ്പീല്‍ ഹരജികളിലാണ് കോടതി വിധി.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന സി ബി ഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം കേവലം ശിപാര്‍ശ മാത്രമാണ്. ആവശ്യമെങ്കില്‍ മാത്രം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതുള്ളൂ സി ബി ഐ റിപ്പോര്‍ട്ടിന്മേല്‍ പൊലീസ് മേധാവിയുടെ അഭിപ്രായം തേടിയതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ചാരക്കേസില്‍ പ്രതിയായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കസ്റ്റഡിയില്‍ പീഡനമേറ്റതായി തെളിവില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റിന് ശേഷം എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികളാരും പരാതി ഉന്നയിച്ചിട്ടില്ല.
കേസിലെ ഹരജിക്കാരനായിരുന്ന നമ്പി നാരായണന്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെയും സമീപിച്ച സാഹചര്യത്തില്‍ ആരോപണത്തെക്കുറിച്ച് ഇവയാണ് അന്തിമ തീരുമാനത്തില്‍ എത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാരക്കേസില്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം പുറത്തു വന്ന് 15 വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
കേസിലെ വസ്തുതകള്‍ ശരിയായ തരത്തില്‍ വിലയിരുത്താതെയാണ് സിംഗിള്‍ ബഞ്ച് വിധിയെന്നും ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടന്ന സര്‍ക്കാര്‍ തീരുമാനം നിയമാനുസൃതമാണോയെന്ന കാര്യമാണ് പരിശോധിച്ചതെന്നും സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിയമപരമല്ലെന്നും കോടതി വിലയിരുത്തി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


