Articles
ശൈഖ് ജീലാനി: സത്യത്തിന്റെ വിളക്ക്

മനുഷ്യരുടെ ജീവിതവിജയത്തിന് അല്ലാഹു സംവിധാനിച്ച ഇസ്‌ലാമിന്റെ പ്രബോധനത്തിനുവേണ്ടി നിരവധി പ്രവാചകരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. വിവിധ കാലങ്ങളിലായി വ്യത്യസ്ത ദേശത്തേക്ക് അയക്കപ്പെട്ട പ്രവാചകര്‍ മനുഷ്യനെ സംസ്‌കരിച്ചെടുക്കുകയും ധാര്‍മികതയുടെയും ആത്മീയതയുടെയും വഴികള്‍ കാണിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. പ്രവാചകന്‍മാരുടെ അതേ ദൗത്യം ഏറ്റെടുത്ത പിന്‍മുറക്കാരാണ് ഔലിയാക്കള്‍. അവര്‍ ഇസ്‌ലാമിക നിയമ വ്യവസ്ഥകള്‍ സമൂഹത്തിന് പഠിപ്പിക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്തു. അവരുടെ പ്രബോധനം കൊണ്ട് നിരവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. നബിമാരില്‍ വിവിധ പദവികളുള്ളതുപോലെ ഔലിയാക്കളിലും വിവിധ പദവി വഹിക്കുന്നവരുണ്ട്. ആത്മീയനിയന്ത്രണത്തിന്റെ കേന്ദ്രബിന്ദുവായി ഒരു മഹാന്‍ എക്കാലത്തും ലോകത്തുണ്ടാകും. അവര്‍ ഖുതുബ്, ഗൗസ് എന്നീ അപരനാമങ്ങളിലാണ് അറിയപ്പെടുക. ഖുതുബുകളില്‍ ഏറ്റവും ഉന്നതരായവരാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ).
ഹിജ്‌റ 470 റമസാന്‍ ആദ്യത്തില്‍ പേര്‍ഷ്യയിലെ ജീലാന്‍ പ്രവിശ്യയില്‍ നയീഫ് ദേശത്താണ് ശൈഖവര്‍കളുടെ ജനനം. ജന്മനാടായ ഗീലാനിയിലേക്കു ചേര്‍ന്നുകൊണ്ടാണ് ജീലാന്‍ എന്നറിയപ്പെടുന്നത്. ഗീലാന്‍ അറബിവത്കരിക്കുമ്പോള്‍ ജീലാനി എന്ന പ്രയോഗമായി മാറും. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 11 (ക്രി.വ. 1165 നവം.) ലാണ് വഫാത്ത്. തൊന്നൂറ്റിയൊന്നാം വയസ്സിലാണ് ഈ ലോകത്തോട് വിടപറയുന്നത്. ബഗ്ദാദിലെ നിസാമിയ്യ സര്‍വകലാശാലയ്ക്കും മസ്ജിദിനും സമീപത്ത് സ്ഥിതിചെയ്യുന്ന മഖ്ബറയിലാണ് ജീലാനി (റ) അന്ത്യവിശ്രമം.
ശൈഖ് ജീലാനി (റ) ന്റെ നാമം അബ്ദുല്‍ ഖാദിര്‍ എന്നാണ്. ഗൗസുല്‍ അഅ്‌ളം, മുഹ്‌യിദ്ദീന്‍, ഖുതുബുല്‍ അഖ്ത്വാബ് എന്നീ സ്ഥാനപ്പേരുകളാല്‍ അറിയപ്പെടുന്നു. ഔലിയാക്കളിലെ പ്രഥമ സ്ഥാനീയനായതുകൊണ്ട് സുല്‍ത്താനുല്‍ ഔലിയാഅ് (ഔലിയാക്കളുടെ രാജാവ്) എന്ന പേരിലും പ്രസിദ്ധനാണ്. ശൈഖ് ജീലാനി (റ)ന്റെ ജനനത്തിന് മുമ്പുതന്നെ നിരവധി ശൈഖുമാരും ഔലിയാക്കളും ശൈഖവര്‍കളുടെ ജന്മത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. മുലകുടിപ്രായത്തില്‍ തന്നെ ശൈഖ് ജീലാനി(റ) വില്‍ നിന്ന് അത്ഭുതങ്ങള്‍ കണ്ടിരുന്നു. റമസാനില്‍ പകല്‍ സമയത്ത് മുലകുടിക്കാറില്ലായിരുന്നു. കനത്തമേഘം കാരണം ശഅ്ബാന്‍ 29 ന് മാസപ്പിറവി ദര്‍ശിക്കാനായില്ല. അതേ സമയം മറ്റുചിലര്‍ മാസം കണ്ടിട്ടുണ്ടെന്നും വാദിച്ചു. പിറ്റേന്ന് റമസാന്‍ ഒന്നാണെന്നും അല്ലെന്നും തര്‍ക്കമായി. ഇതിന് പരിഹാരമായി ശൈഖ് ജീലാനി (റ) ന്റെ മാതാവിനെ കാണാമെന്ന തീരുമാനത്തിലെത്തി. മാതാവിനോട് ഇന്ന് കുട്ടി മുലകുടിച്ചോ എന്ന് ചോദിച്ചു. മാതാവ് പറഞ്ഞു: “”ഇല്ല ഇന്നവന്‍ മുലകുടിച്ചിട്ടില്ല”. അന്ന് റമസാന്‍ ഒന്ന് തന്നെയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.
കുട്ടിപ്രായത്തില്‍ ശൈഖ് ജീലാനി(റ) ന്റെ അത്ഭുതങ്ങള്‍ ദര്‍ശിച്ചതിന് നിരവധി സംഭവങ്ങള്‍ ഗ്രന്ഥങ്ങളിലുണ്ട്. മഹാന്റെ ജീവിതത്തിന് ദിശനിര്‍ണയിച്ച ഒരു സംഭവം ഇങ്ങനെ: കുട്ടിയായിരിക്കെ ഒരു അറഫാ ദിനത്തില്‍ ശൈഖ് ജീലാനി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിന്റെ പിറകെ ഓടി. അല്‍പസമയം ഓടിയ പശു നേരെ തിരിഞ്ഞു നിന്നു ചോദിച്ചു: “ഓ, അബ്ദുല്‍ ഖാദിര്‍, ഇതിന് വേണ്ടിയാണോ താങ്കള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?” ഇത് കേട്ട് ഭയന്ന ജീലാനി(റ) വീട്ടിലേക്ക് മടങ്ങി. വീടിന്റെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോള്‍ ജനങ്ങളെല്ലാം അറഫാ മൈതാനിയില്‍ സംഗമിച്ചതായി കാണാനിടയായി. ശൈഖ് ജീലാനി (റ) ഉമ്മയോട് പറഞ്ഞു: “എന്നെ നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കവേ എനിക്ക് ബഗ്ദാദില്‍ പോകാനും വിജ്ഞാനം കരസ്ഥമാക്കാനും മഹാന്‍മാരുമായി ബന്ധം സ്ഥാപിക്കാനും അനുമതി നല്‍കണം.” മാതാവിന്റെ അനുമതിയോടെ ബഗ്ദാദിലേക്ക് പുറപ്പെടുമ്പോള്‍ പിതാവിന്റെ അനന്തരസ്വത്തായി ലഭിച്ച സ്വര്‍ണനാണയത്തില്‍ നിന്ന് 40 നാണയങ്ങള്‍ ജീലാനി(റ)വിന്റെ കുപ്പായമാറിനടിയില്‍ തുന്നിപ്പിടിപ്പിച്ചു. “എന്ത് വന്നാലും സത്യമേ പറയാവൂ” എന്ന ഉപദേശവും നല്‍കി. ബഗ്ദാദിലേക്കുള്ള യാത്രാമധ്യേ കൊള്ളക്കാരുടെ ഇടയിലകപ്പെടുകയും ശൈഖ് ജീലാനി(റ)ന്റെ കൂടെയുള്ള കച്ചവടസംഘത്തെ പിടികൂടുകയും ചെയ്തു. കൊള്ളസംഘത്തിലെ ഒരാള്‍ ജീലാനി (റ)നെ പിടിച്ച് ചോദിച്ചു ” നിന്റെ പക്കല്‍ എന്താണ് ഉള്ളത്” ശൈഖ് ജീലാനി (റ) പറഞ്ഞു: “40 സ്വര്‍ണ നാണയങ്ങള്‍. ഇത് ഒരുപരിഹസിക്കലാണെന്നു കരുതി മറ്റൊരുത്തനെ ജീലാനി (റ)വിനെ ചോദ്യം ചെയ്യാന്‍ പറഞ്ഞു വിട്ടു. ശൈഖ് അവര്‍കള്‍ അതേ മറുപടി നല്‍കി. അവസാനം കൊള്ളത്തലവന്‍ ചോദിച്ചു: കുട്ടീ നിന്റെ പക്കല്‍ എന്തുണ്ട്?, ശൈഖ്: “40 സ്വര്‍ണ നാണയം”. അവര്‍ കുപ്പായംമാറ്റി പരിശോധിച്ചു 40 സ്വര്‍ണ നാണയം അവര്‍ കണ്ടെത്തി. കൊള്ളത്തലവന്‍ ശാന്തമായി ചോദിച്ചു: “എന്തിനു ഈ സത്യം നീ പറഞ്ഞു”. ശൈഖ് ജീലാനി (റ)ന്റെ പ്രതികരണം: “എന്റെ ഉമ്മയോട് ഞാന്‍ കരാര്‍ ചെയ്തിട്ടുണ്ട് സത്യമേ പറയൂ എന്ന്. ആ കരാര്‍ ഞാന്‍ ലംഘിക്കില്ല”. കൊള്ളത്തലവന് മാനസാന്തരമുണ്ടായി. ശൈഖ് ജീലാനി മുഖേനെ അവര്‍ തൗബ ചെയ്ത് മടങ്ങി.
സത്യത്തിന്റെ വിജയമാണിത്. മക്കളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കളുടെ ചിന്തയിലേക്ക് ഈ കഥ ഓടി വരണം. ചെറുപ്രായത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഹൃദയത്തില്‍ കൊത്തിവെക്കും. സത്യമേ പറയാവൂ എന്ന് മാതാവിന്റെ പ്രയോഗം. ആ പ്രയോഗം നടത്തിയതിലൂടെ കൊള്ളക്കാരുടെ മനംമാറ്റം. എങ്കില്‍ ആ പ്രയോഗം നടത്തിയ മാതാവ് എത്ര പരിശുദ്ധയായിരിക്കും!. കളവ് പറയുന്നവര്‍ മറ്റുള്ളവരോട് സത്യം പറയണമെന്ന് ഉപദേശിക്കുമ്പോള്‍ മനസ്സില്‍ ഒരു മന:സാക്ഷിക്കുത്ത് ഉണ്ടാകും. ആ ഉപദേശത്തിന്റെ ഫലം മുന്നില്‍ കണ്ടെന്നും വരില്ല. ഉപദേശിക്കുന്നവര്‍ അതിനര്‍ഹരായിരിക്കുമ്പോഴാണ് മാറ്റങ്ങള്‍ക്ക് വിധേയരാകുന്നത്. ഈ ഗുണപാഠമാണ് നാം പാലിക്കേണ്ടത്. വീടുകളില്‍ ഇത് പുലരണം. ഇവിടെ ആരുമില്ലേയെന്ന് ചോദിച്ചു വരുന്നവനോട് ഇല്ല എന്ന് പറയാന്‍ ആവശ്യപ്പെടുമ്പോഴും മോനേ, ഉപ്പ വിളിക്കുമ്പോള്‍ കല്യാണത്തിന് പോയകാര്യം പറയരുതെന്ന് മാതാവ് പറയുമ്പോഴും മക്കളുടെ മനസ്സില്‍ കുത്തിവെക്കുന്ന കളവിന്റെ കറുപ്പ് വലുതായി വന്നാല്‍ മറ്റൊരു കൊള്ളക്കാരെ നിര്‍മിക്കലാകും.
വൈജ്ഞാനികതയുടെ ഉന്നതിയില്‍ വിഹരിച്ചവരായിരുന്നു ശൈഖ് അവര്‍കള്‍. വിവിധ വിജ്ഞാനശാഖകളില്‍ പാണ്ഡിത്യം നേടിയിട്ടുണ്ട്. 13 വിജ്ഞാനശാഖകളില്‍ ശൈഖ് പ്രസംഗിക്കുമായിരുന്നു. അല്‍ഗുന്‍യ: ലിത്വാലിബി ത്വരീഖല്‍ ഹഖ്, അല്‍ഫത്ഹുര്‍റബ്ബാനി വല്‍ ഫയഌര്‍റഹ്മാനി, ഫുതൂഹുല്‍ഗയ്ബ് തുടങ്ങി അമൂല്യമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ഉപദേശങ്ങള്‍ ശൈഖ് ജീലാനി(റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തി ജീവിതത്തിന് ബന്ധുക്കളുടെ സ്ഥാനം വലുതാണല്ലോ. ഒരു വ്യക്തിയോട് ദേഷ്യമോ വിദ്വേഷമോ തോന്നിയാല്‍ ഏതു വഴി സ്വീകരിക്കണം?. ശൈഖ് ജീലാനിയുടെ ഈ ഉപദേശം പഠിച്ചുവെക്കുക: “മനസ്സില്‍ ഒരു വ്യക്തിയോട് സ്‌നേഹമോ വിദ്വേഷമോ തോന്നിയാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ നീ ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി വിലയിരുത്തുക. അവ രണ്ടിലും അവന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി തോന്നിയാല്‍ നീ അവനെ സ്‌നേഹിക്കുക. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ വെറുക്കപ്പെട്ടതാണെങ്കില്‍ നീയവനെ വെറുക്കുക. നിന്റെ ഇച്ഛ പ്രകാരം ഒരാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യരുത്”. (ത്വബയിത്തുശഅ്‌റാന്‍)
ശൈഖ് ജീലാനി (റ) ന്റെ ആരാധനയുടെ രീതിയും അതിനുവേണ്ടിയുള്ള ആത്മത്യാഗവും വലുതാണ്. അബുല്‍ഫത്ഹുല്‍ ഹറവി (റ) പറയുന്നു: ഞാന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) യെ 40 വര്‍ഷം ഖിദ്മത്ത് ചെയ്തിട്ടുണ്ട്. ഇക്കാലമത്രയും ഇശാഅ് നിസ്‌കരിച്ച വുളൂഅ് കൊണ്ടായിരുന്നു സുബ്ഹി നിസ്‌കരിച്ചിരുന്നത്. മറ്റ് സമയങ്ങളില്‍ എപ്പോഴെങ്കിലും വുളൂഅ് മുറിഞ്ഞാല്‍ ഉടനെ തന്നെ പുതുക്കുമായിരുന്നു. പിന്നീട് രണ്ട് റഖ്അത്ത് (വുളൂഇന്റെ സുന്നത്ത്) നിസ്‌കരിക്കുമായിരുന്നു. ഇശാഅ് നിസ്‌കാര ശേഷം ഏകാന്തതയില്‍ പ്രവേശിച്ച് ഇബാദത്തില്‍ മുഴുകും. അപ്പോള്‍ ആര്‍ക്കും പ്രവേശനമുണ്ടാകില്ല. പ്രഭാതത്തിലേ പുറത്ത് വരികയുള്ളൂ. ഒരു രാത്രി ചിലകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഖലിഫ, ജീലാനി (റ) ന്റെ താമസസ്ഥലത്തെത്തി. പക്ഷേ പ്രഭാതം വരെ കാത്തിരിക്കേണ്ടി വന്നു”.
നിവധി കറാമത്തുകള്‍ ശൈഖ് ജീലാനി (റ) നിന്നുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ശൈഖ് അവര്‍കളെ കാണാന്‍ അബ്ബാസലീ ഖലീഫ മുളഫര്‍ വന്നു. ഖലീഫ പറഞ്ഞു : എന്റെ മനസ്സമാധാനത്തിനുവേണ്ടി അങ്ങെനിക്കൊരു കറാമത്ത് കാണിച്ചു തരണം. ശൈഖ് ചോദിച്ചു: ശരി, എന്തു കറാമത്താണ് കാണിച്ചു തരേണ്ടത്? ഖലീഫ പറഞ്ഞു : “എനിക്ക് ശൂന്യതയില്‍ നിന്ന് ഒരാപ്പിള്‍ വേണം”. അന്ന് ഇറാഖില്‍ ആപ്പിളിന്റെ സീസണല്ലായിരുന്നു. ജീലാനി (റ) ശൂന്യതയിലേക്ക് കൈനീട്ടി. ശൈഖ് അവര്‍കളുടെ കൈയില്‍ രണ്ടാപ്പിളുകള്‍. അതിലൊന്ന് അദ്ദേഹം ഖലീഫയ്ക്കു നല്‍കി. മറ്റേത് ശൈഖ് പൊട്ടിച്ചു. ഉള്ളില്‍ നല്ല വെളുത്ത നിറം, അതില്‍ നിന്നും പരിമളം വന്നുകൊണ്ടിരുന്നു. തനിക്ക് കിട്ടിയത് ഖലീഫയും പൊട്ടിച്ചു. അതിനുള്ളില്‍ വലിയ ഒരു പുഴു! ഖലീഫ അത്ഭുതപ്പെട്ട് ചോദിച്ചു: “ഇതെന്താണിങ്ങനെ?” ശൈഖ് അവര്‍കളുടെ മറുപടി: “ഓ, ഖലീഫ, അക്രമത്തിന്റെ കരങ്ങളാണതു സ്പര്‍ശിച്ചിരിക്കുന്നത്. അതിനാല്‍ അതു പുഴുത്തു”. (ബഹ്ജതുല്‍ അസ്‌റാര്‍)