Connect with us

Ongoing News

ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍ കളത്തിലിറങ്ങുന്നു: സുവര്‍ണ നേട്ടത്തിനായി

Published

|

Last Updated

തിരുവനന്തപുരം; ദേശീയ ഗെയിംസില്‍ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ആതിഥേയ സംഘത്തില്‍ വാട്ടര്‍ പോളോ വനിതാ ടീമില്‍ അണിനിരക്കുന്നതില്‍ കൂടുതല്‍ പേരും ഒരേ പഞ്ചായത്തുകാര്‍. ടീമിലെ 13 പേരില്‍ 10 പേരും തിരുവനന്തപുരം പിരപ്പന്‍കോട് മാണിക്കല്‍ പഞ്ചായത്ത് സ്വദേശികളാണെന്നതാണ് ടീമിന്റെ പ്രധാന പ്രത്യേകത. ഒരേ പ്രദേശത്ത് പഠിച്ചും കളിച്ചും വളര്‍ന്നവര്‍ ഒരുമിച്ച് കൈകോര്‍ക്കുന്നത് സ്വര്‍ണം സ്വന്തമാക്കാനുള്ള കഠിന ശ്രമത്തിനായാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പിരപ്പന്‍കോട് സ്വദേശി തന്നെയായ ജെ ശ്രീക്കുട്ടിയാണ് ടീം ലീഡര്‍. പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ നിന്നും പരിശീലനം നേടിയാണ് ഇവര്‍ ദേശീയ ഗെയിംസ് വരെ എത്തിനില്‍ക്കുന്നത്. പിരപ്പന്‍കോട് അക്വാട്ടിക്‌സ് കോംപ്ലക്‌സില്‍ തന്നെയാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതും ടീമംഗങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

എച്ച് എസ് പ്രിയങ്ക, ജെ ശ്രീക്കുട്ടി, എം ആര്‍ നിത്യ, എ എ ആശ, ശരണ്യ എസ് നായര്‍, വി പ്രവീണ, പി സൗമ്യ, യു എന്‍ നീതു, എ ആര്‍ കാവ്യ, നിമ്യ ബാബു എന്നിവരാണ് പിരപ്പന്‍കോട് സ്വദേശികളായ ടീമംഗങ്ങള്‍. ഇവരില്‍ പലരും ഒന്നിച്ചു ഒരേ സ്‌കൂളില്‍ പഠിച്ചവരാണ്. ചിലര്‍ ഒരേ കോളജിലും. സ്വന്തം നാടിന്റെ പ്രശസ്തി ഉയര്‍ത്തുക എന്ന ഒറ്റലക്ഷ്യമാണ് ഇപ്പോള്‍ ഇവരില്‍ ഓരോരുത്തര്‍ക്കുമുള്ളത്. ഇവരില്‍ മൂന്ന് പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കുന്നവരാണ്.
മെഡല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതോടെ തങ്ങളുടെ കൂട്ടുകാര്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന മോഹം പൂവണിയിക്കാനാകുമെന്നും അതിനായുള്ള ശ്രമമാണ് വരും ദിവസങ്ങളില്‍ നടക്കുകയെന്നും ഇവര്‍ പറയുന്നു. പാലക്കാട് സ്വദേശി എം മിനി, തൃശൂര്‍ സ്വദേശി എസ് അല്‍ജന, കാസര്‍കോട് സ്വദേശി ഡി ദില്‍ന എന്നിവരാണ് മറ്റ് മൂന്ന് പേര്‍.
ഒരു പ്രദേശത്തിന്റെയല്ല ഒരു സംസ്ഥാനത്തിന്റെ തന്നെ പ്രതീക്ഷയാണ് വനിതാ വാട്ടര്‍ പോളോ ടീം എന്ന് ഇവരുടെ പരിശീലകന്‍ അനില്‍ കുമാര്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി തൃശൂരില്‍ കഠിന പരിശീലനത്തിലായിരുന്നു ടീം. തുടര്‍ന്ന് വ്യാഴാഴ്ചയാണ് തലസ്ഥാനത്തെത്തിയത്. ഇന്നലെ 11 മണി മുതല്‍ 12.30 വരെ വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സില്‍ പരിശീലനം നടത്തി. പിന്നീട് ഗെയിംസ് വില്ലേജിലെത്തി വിശ്രമം. ഇറച്ചിയും മീനും മുട്ടയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തിയുള്ള ആഹാരമാണ് ഇവര്‍ക്ക് നല്‍കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്നത് അഭിമാന പ്രശ്‌നമായി കരുതിക്കൊണ്ടുതന്നെയാണ് ടീമംഗങ്ങള്‍ പൊരുതാന്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ തവണ ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ വാട്ടര്‍ പോളോയില്‍ കേരള ടീമിനായിരുന്നു ഒന്നാം സ്ഥാനം. അന്നും പിരപ്പന്‍കോട് സ്വദേശികളായിരുന്നു ടീമില്‍ കൂടുതലുമുണ്ടായിരുന്നത്. ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മുന്നേറുന്നതെന്ന് ഇവര്‍ പറയുമ്പോള്‍ മാണിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അവരുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.