Connect with us

Kerala

ബി ജെ പി ഹര്‍ത്താലില്‍ ജനം വലഞ്ഞു; പലയിടത്തും അക്രമം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത് ജനജീവിതത്തെ ബാധിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി . തിരുവനന്തപുരത്ത് ഹര്‍ത്താലനുകൂലികള്‍ കെ എസ് ആര്‍ടി സി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ ജോലിക്ക് ഹാജരായവരെ ഇറക്കി വിടാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. കഴക്കൂട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ് ഇ ബിയുടെ വാഹനം തടഞ്ഞു. നെയ്യാറ്റിന്‍കര മൂന്നുകല്ലുമൂടില്‍ കെ എസ് ആര്‍ സി ബസിന് നേരെ ഉണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കന്യാകുമാരിക്ക് പോയ ബസിനുനേരെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കല്ലേറുണ്ടായത്. ബസിന്റെ മുന്‍ സീറ്റിലിരുന്ന കെ എസ് ആര്‍ ടി സി തമ്പാനൂര്‍ ഡിപ്പോയിലെ ജീവനക്കാരന്‍ ഓസ്റ്റിന്‍ രാജിനാണ് പരുക്കേറ്റത്.

കൊല്ലത്തും മലപ്പുറത്തും കോതമംഗലത്തും സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനമേറ്റു. ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കെത്തിയ കൊട്ടാരക്കര വൈദ്യുതി ഭവനിലെ ജീവനക്കാരനെ ഹര്‍ത്താലനുകൂലികള്‍ മര്‍ദിക്കുകയും വൈദ്യുതി ഭവന്‍ അടപ്പിക്കുകയും ചെയ്തു. ആലപ്പുഴയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ആലപ്പുഴയില്‍ ബി ജെ പി ഹര്‍ത്താല്‍ വിനോദ സഞ്ചാര മേഖലക്ക് കനത്ത വരുമാന നഷ്ടമുണ്ടാക്കി. പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസുകളും പൂര്‍ണമായും ഓട്ടം നിര്‍ത്തി. മാക്കാംകുന്ന് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് നഗരസഭാപ്രദേശത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കോട്ടയത്തും ഇടുക്കിയിലും അക്രമ സംഭവങ്ങളൊന്നും ഉണ്ടായില്ല. ബാര്‍ കോഴ വിഷയത്തില്‍ മൂന്നാം ദിവസമാണ് പാലായില്‍ ഹര്‍ത്താല്‍ നടന്നത്. കോഴിക്കോട്ട് പോലീസ് സംരക്ഷണത്തില്‍ കെ എസ് ആര്‍ ടി സി രാവിലെ സര്‍വീസ് നടത്തി. എന്നാല്‍ പത്ത് മണിക്കു ശേഷം സര്‍വീസുകള്‍ പലതും നിര്‍ത്തിവെച്ചു. അക്രമസാധ്യത മുന്നില്‍ കണ്ടാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. മൂവാറ്റുപുഴയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ പ്രതിമയുടെ കണ്ണുകെട്ടി പ്രതിഷേധിച്ചു.
തൃശൂരില്‍ ദേശീയപാതകളിലെ ഗതാഗതവും മല്‍സ്യബന്ധനമേഖലയുടെ പ്രവര്‍ത്തനവും പൂര്‍ണമായി നിലച്ചു. ഗുരുവായൂരിലെത്തിയ തീര്‍ഥാടകര്‍ക്കും ഹര്‍ത്താല്‍ തിരിച്ചടിയായി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇവിടങ്ങളിലെ ഗ്രാമീണ മേഖലകളിലും ഹര്‍ത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് വാഹനം തടയാനുള്ള ശ്രമമുണ്ടായി. കണ്ണൂരില്‍ ബി ജെ പി-സി പി എം സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഇവിടെ സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തിയില്ല. മലപ്പുറം ജില്ലയിലെ നാടുകാണി ചുരത്തില്‍ ചരക്കുവാഹനങ്ങള്‍ കെട്ടിക്കിടന്നു. അന്യസംസ്ഥാനത്തുനിന്നുള്ള വാഹനങ്ങള്‍ ചെക്‌പോസ്റ്റുകളില്‍ തടഞ്ഞിട്ടു.
ഹര്‍ത്താലിനെത്തുടര്‍ന്ന് സര്‍വകലാശാല പരീക്ഷകളും റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പും മാറ്റിവെച്ചിരുന്നു. കാലിക്കറ്റ്, എം ജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്നലെ നടത്താനിരുന്ന പരീക്ഷകള്‍ 31ലേക്ക് മാറ്റി. കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷകള്‍ 30ലേക്കും മാറ്റിവച്ചു. ദേശീയ ഗെയിംസിലെ ദീപശിഖ പ്രയാണം ഉള്‍പ്പെടെ സര്‍ക്കാര്‍ ഇന്നലെ നടത്താനിരുന്ന പൊതു പരിപാടികള്‍ പലതും നീട്ടിവെച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്നലെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി മാണി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് വി മുരളീധരന്‍ പറഞ്ഞു.