National
സബ്‌സിഡിയില്ലാത്ത പാചക സിലിണ്ടറിന് 113 രൂപ കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് 113 രൂപ കുറച്ചു. വിമാന ഇന്ധനത്തിന് 4.1 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില തുടര്‍ച്ചയായി കുറയുന്നതാണ് വിലക്കുറവിന് കാരണം.
സബ്‌സിഡിയില്ലാതെ ലഭിക്കുന്ന 14.2 കിലോഗ്രാം വരുന്ന എല്‍ പി ജി സിലിന്‍ഡറിന് ഡല്‍ഹിയില്‍ 752 രൂപയാണ് വില. നേരത്തെ ഇത് 865 രൂപയായിരുന്നു. ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് സിലിന്‍ഡറുകളാണ് സബ്‌സിഡിയോടു കൂടി ലഭിക്കുന്നത്. അതിന് മുകളില്‍ വാങ്ങുന്ന സിലിന്‍ഡറുകള്‍ക്കാണ് ഇപ്പോള്‍ വില കുറച്ചത്. മൂന്ന് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴുള്ളത്.
അഞ്ചാം തവണയാണ് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറയ്ക്കുന്നത്. അഞ്ച് തവണയായി 170.50 രൂപയുടെ കുറവാണ് വരുത്തിയത്.
വിമാന ഇന്ധന വിലയില്‍ 4.1 ശതമാനമാണ് കുറച്ചത്. കിലോ ലിറ്ററിന് 2,594.93 രൂപയുടെ കുറവുണ്ടാകും. ആഗസ്റ്റ് മുതല്‍ വിമാന ഇന്ധനത്തിന് കിലോലിറ്ററിന് 14.5 ശതമാനമാണ് കുറവുണ്ടായത്. പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ദിവസം നേരിയ തോതില്‍ കുറച്ചിരുന്നു. പെട്രോളിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറച്ചത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ബാരലിന് 68.34 ഡോളറായി കുറഞ്ഞിട്ടുണ്ട്. 2009ന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.