Kerala
കൊല്ലം കോര്‍പറേഷന്‍ മേയര്‍ രാജിവെച്ചു; ഇനി സി പി ഐക്ക്

കൊല്ലം: നാല് വര്‍ഷത്തെ ഭരണത്തിന് ശേഷം കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തത്സ്ഥാനം രാജിവെച്ചു. ഇടതുമുന്നണി ധാരണ പ്രകാരം ഇനിയുള്ള ഒരു വര്‍ഷം മേയര്‍ സ്ഥാനം സി പി ഐക്ക് വിട്ടുകൊടുക്കുന്നതിനാണ് സി പി എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയര്‍ പദവി ഒഴിഞ്ഞത്. ഇന്നലെ വൈകീട്ട് കോര്‍പറേഷന്‍ സെക്രട്ടറി നിസാറുദ്ദീന് മേയര്‍ രാജിക്കത്ത് നല്‍കി.
രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം ഉച്ചക്ക് മൂന്ന് മണിയോടെ രാജി വിവരം പ്രഖ്യാപിക്കാന്‍ മേയര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ഇതിന് ശേഷം വൈകീട്ട് രണ്ട് പൊതുപരിപാടികളില്‍ പങ്കെടുത്ത മേയര്‍ അഞ്ച് മണിയോടെയാണ് രാജിക്കത്ത് നല്‍കിയത്. 2010 നവംബര്‍ ഒമ്പതിനാണ് പ്രസന്ന ഏണസ്റ്റ് മേയറായി സ്ഥാനമേറ്റെടുത്തത്.
കോര്‍പറേഷന്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് സി പി എം, മേയര്‍ പദവി ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയുമായി പങ്കിടുന്നതെന്ന സവിശേഷതയും രാജിയോടെ കൈവന്നു. കൊല്ലം കോര്‍പറേഷന്‍ നിലവില്‍ വന്ന കാലയളവില്‍ സി പി എമ്മിലെ സബിത ബീഗമായിരുന്നു അഞ്ച് വര്‍ഷവും മേയര്‍.
കഴിഞ്ഞ തവണ സി ഐ ടി യു നേതാവ് എന്‍ പത്മലോചനനായിരുന്നു മേയറെങ്കിലും നിലവിളക്ക് കൊളുത്തല്‍ വിവാദത്തില്‍ അദ്ദേഹത്തിനു രാജി വെച്ച് പുറത്തുപോകേണ്ടി വന്നു. തുടര്‍ന്ന് വി രാജേന്ദ്ര ബാബുവാണ് മേയറായത്.
ഇത്തവണ കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഡെപ്യൂട്ടി മേയര്‍ പദവി ആര്‍ എസ് പിയുമായി പങ്കുവെക്കേണ്ടിവന്നതോടെയാണ് സി പി ഐ മേയര്‍ പദവിക്കായി ചരടുവലി ആരംഭിച്ചത്. ഡെപ്യൂട്ടി മേയര്‍ പദവി ഉള്‍പ്പെടെ ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ച സ്ഥാനങ്ങളുമായി ആര്‍ എസ് പി യു ഡി എഫ് പക്ഷത്തേക്ക് മാറിയതോടെ സി പി ഐ മേയര്‍ പദവിക്ക് വേണ്ടി പിടിമുറുക്കുകയായിരുന്നു. കൗണ്‍സിലില്‍ ഏഴ് അംഗങ്ങളുള്ള ആര്‍ എസ് പി മറുപക്ഷത്ത് പോയതോടെ അത്ര തന്നെ അംഗബലമുള്ള സി പി ഐയുടെ മേയര്‍ സ്വപ്‌നത്തിന് വിഘാതം നില്‍ക്കാതിരിക്കാന്‍ മുന്നണിയില്‍ മറ്റു കക്ഷികളില്ലാത്തതും അവര്‍ക്ക് തുണയായി. ആര്‍ എസ് പിയുടെ മുന്നണി മാറ്റത്തോടെയാണ് അവസാനത്തെ ഒരു വര്‍ഷം മേയര്‍ സ്ഥാനം സി പി ഐക്ക് വിട്ടുകൊടുക്കാന്‍ ഇടതുമുന്നണിയില്‍ ധാരണയുണ്ടായതെന്ന് സ്ഥാനമൊഴിഞ്ഞ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
മേയര്‍ സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ സി പി ഐ ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എല്‍ ഡി എഫ് ജില്ലാ ചെയര്‍മാനും സി പി ഐ ജില്ലാ സെക്രട്ടറിയുമായ ആര്‍ രാമചന്ദ്രന്‍ സിറാജിനോട് പറഞ്ഞു. ഇപ്പോഴത്തെ കൗണ്‍സിലില്‍ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം കൈകാര്യം ചെയ്തിട്ടുള്ള ഹണി ബഞ്ചമിനെയാണ് മേയര്‍ സ്ഥാനത്തേക്ക് സി പി ഐ പ്രധാനമായും പരിഗണിക്കുന്നത്. പാര്‍ട്ടി പദവികള്‍ കണക്കിലെടുത്താലും ഹണിക്കാണ് മുന്‍തൂക്കം. അതേ സമയം മുതിര്‍ന്ന അംഗമെന്ന നിലയില്‍ പി കെ ലക്ഷ്മിക്കുട്ടിയെയും പാര്‍ട്ടി പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
കൊല്ലം കോര്‍പറേഷനിലെ 55 അംഗ കൗണ്‍സിലില്‍ യു ഡി എഫിനും എല്‍ ഡി എഫിനും 27 വീതം അംഗങ്ങളാണുള്ളത്. രണ്ട് പക്ഷത്തും പെടാത്ത പി ഡി പി അംഗത്തിന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും സി പി ഐയുടെ മേയര്‍ സ്ഥാനലബ്ധി. പി ഡി പി പിന്തുണയോടെ മേയര്‍ പദവി നേടിയെടുക്കേണ്ടതില്ലെന്ന പൊതുഅഭിപ്രായം സി പി ഐയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പി ഡി പിക്ക് ആരോടും രാഷ്ട്രീയ അയിത്തമില്ലെന്നാണ് കൗണ്‍സിലിലെ ഏക പി ഡി പി അംഗം എം കമാലുദീന്റെ പക്ഷം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ രാജിയോടെ കൊല്ലം കോര്‍പറേഷന്‍ വീണ്ടും രാഷ്ട്രീയ വടംവലിയുടെ വേദിയായി മാറുകയാണ്.