Connect with us

Business

കുരുമുളക് വില താഴ്ന്നു; റബ്ബറിന് വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: വിദേശ ഭക്ഷ്യയെണ്ണക്ക് ഡ്യൂട്ടി ഉയര്‍ത്താനുള്ള ആലോചന നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാവും. കുരുമുളക് വില വീണ്ടും താഴ്ന്നു. വ്യവസായികള്‍ വില ഉയര്‍ത്തി റബ്ബര്‍ സംഭരിച്ചു. രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില താഴ്ന്നു.
വിദേശ പാചകയെണ്ണ ഇറക്കുമതി ഡ്യൂട്ടി ഉയര്‍ത്താനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. എണ്ണ കുരു ഉല്‍പാദകര്‍ക്ക് ഈ നീക്കം ഗുണകരമാവും. പാം ഓയിലും സോയ ഓയിലുമാണ് ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. പാം ഓയില്‍ ഉത്പാദക രാജ്യങ്ങള്‍ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകള്‍ അവിടെ കയറ്റുമതിക്കാര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ നമ്മുടെ കര്‍ഷകര്‍ക്ക് താങ്ങ് പകരാനാണ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
സെപ്തംബറില്‍ പത്തര ലക്ഷം ടണ്‍ എണ്ണ ഇറക്കുമതി ചെയ്തു. ഒക്‌ടോബറിലും ഇറക്കുമതി ഉയര്‍ന്ന അളവിലാണ്. െവളിച്ചെണ്ണക്ക് ഡിമാന്‍ഡ് മങ്ങിയെങ്കിലും ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ എണ്ണ വില 14,901.25 വരെ ഉയര്‍ന്നു. വാരാന്ത്യം നിരക്ക് 14,800 ലേക്ക് ഇടിഞ്ഞു.
കുരുമുളകിനു ഉത്തരേന്ത്യന്‍ ആവശ്യം ചുരുങ്ങിയതോടെ വില താഴ്ന്നു. ഡിമാന്‍ഡ് മങ്ങിയത് കണ്ട് കാര്‍ഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചത് വില തകര്‍ച്ച തടയാന്‍ സഹായകരമായി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വാരാന്ത്യം 70,000 രൂപയിലും അണ്‍ ഗാര്‍ബിള്‍ഡ് 67,000 രൂപയിലുമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിനു 12,000 ഡോളറാണ്.
ചുക്ക് തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. ശൈത്യകാലത്തിനു തുടക്കം കുറിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിനു പുതിയ ആവശ്യക്കാരെത്തും. അറബ് രാജ്യങ്ങളില്‍ നിന്ന് ചുക്കിനു ഓര്‍ഡറുകള്‍ പ്രതീക്ഷിക്കാം. വിവിധയിനം ചുക്ക് 21,000-23,000 രൂപയിലാണ്.
ടയര്‍ കമ്പനികളുടെ കടന്ന് വരവില്‍ വിവിധയിനം റബ്ബര്‍ ഷീറ്റ് വില ഉയര്‍ന്നു. 12,400 രൂപയില്‍ വില്‍പ്പന തുടങ്ങിയ നാലാം ഗ്രേഡ് വാരാന്ത്യം 12,600 ലാണ്. സംഭരണം വ്യാപകമാക്കുന്നതോടെ ഉയര്‍ന്ന നിരക്കുകളിലേക്ക് റബ്ബര്‍ സഞ്ചരിക്കാം.
മുഖ്യ റബ്ബര്‍ ഉത്പാദക രാജ്യങ്ങള്‍ കിലോഗ്രാമിനു ഒന്നര ഡോളറില്‍ താഴ്ന്ന വിലക്ക് റബ്ബര്‍ വില്‍പ്പന നടത്തില്ലെന്ന തീരുമാനത്തിലാണ്. ടോക്കോം എക്‌സ്ചേഞ്ചില്‍ റബ്ബര്‍ ജനുവരി അവധി 194 യെന്നിലേക്ക് ഉയര്‍ന്നു.
ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ വില താഴ്ന്നു. വാരാന്ത്യം 1,231 ഡോളറിലാണ് സ്വര്‍ണം. കേരളത്തില്‍ പവന്‍ 20,640 രൂപയില്‍ നിന്ന് 20,400 രൂപയായി. ഒരു ഗ്രാമിന്റെ വില 2550 രൂപ.

Latest