Kerala
വെളിച്ചെണ്ണ വില റെക്കോര്‍ഡില്‍; പച്ചക്കറിക്ക് കൃത്രിമ വിലക്കയറ്റം

കൊല്ലം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോര്‍ഡ് ഉയരത്തില്‍. ഇതിന്റെ ലാഭം കൊയ്യുന്നതാകട്ടെ, തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും. പാം കര്‍ണല്‍ ഓയില്‍ അഥവാ പനങ്കുരു എണ്ണ ചേര്‍ത്ത വെളിച്ചെണ്ണയാണ് തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനക്ക് എത്തിക്കുന്നതില്‍ ഏറെയെന്നും കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു.
സംസ്ഥാനത്തെ വെളിച്ചെണ്ണ മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ഒരു കിലോ വെളിച്ചെണ്ണക്ക് 180 രൂപയാണ് വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ കിലോക്ക് 60 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വെളിച്ചെണ്ണക്ക് വില കൂടിയാല്‍ കര്‍ഷകര്‍ക്ക് നേട്ടമെന്ന പതിവ് ഇത്തവണയില്ല.
കേരളത്തില്‍ കൊപ്രയുടെ ലഭ്യത കുറഞ്ഞതാണ് വെളിച്ചെണ്ണ വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡില്‍ നിന്ന് കൊപ്ര ലഭിക്കാതായതോടെ കച്ചവടക്കാര്‍ക്ക് ഏജന്റുമാരെ സമീപിക്കേണ്ടി വന്നു. ഇതോടെ ഇടനിലക്കാര്‍ ഒരു കിലോ കൊപ്രക്ക് 125 രൂപവരെ ഈടാക്കുകയാണ്. കൊപ്ര ലഭിക്കാതായതോടെ, ഒരു കാലത്ത് വെളിച്ചെണ്ണയുടെ മൊത്ത വിപണനം നിയന്ത്രിച്ചിരുന്ന മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ പോലും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ വെളിച്ചെണ്ണയില്ലാത്ത സ്ഥിതിയാണ്.
വില കൂടിയതുകൊണ്ട് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വെളിച്ചെണ്ണ ഉപേക്ഷിച്ച് ഓണവിഭവങ്ങള്‍ ഒരുക്കേണ്ടി വരും. ഉത്പാദനം കുറഞ്ഞതിനാല്‍ നാളികേര കര്‍ഷകര്‍ക്കും വിലക്കയറ്റം കൊണ്ടു നേട്ടമില്ല എന്നതാണ് സ്ഥിതി. വിലക്കയറ്റം മൂലം വെളിച്ചെണ്ണയുടെ ഉപയോഗം കുറഞ്ഞതോടെ ഒറിജിനലിനോട് കിട പിടിക്കുന്ന വിധത്തിലുള്ള ഇതിന് സമാനമായ എണ്ണയും വിപണിയില്‍ സുലഭമായിട്ടുണ്ട്. മായം ചേര്‍ത്ത വെളിച്ചെണ്ണയും വിപണിയില്‍ വ്യാപകമായിരിക്കുകയാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ യഥേഷ്ടം വിറ്റഴിക്കുമ്പോഴും ഇത് തടയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്ന നടപടികളൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.
കേരളത്തില്‍ പച്ചക്കറികള്‍ക്ക് ഇപ്പോഴുള്ളത് കൃത്രിമ വിലക്കയറ്റമാണെന്ന് വ്യക്തമായിട്ടും ഇത് തടയാനും നടപടിയില്ല. തമിഴ്‌നാട്ടിലെ പച്ചക്കറി ഉത്പാദക ഗ്രാമങ്ങളില്‍ നിന്ന് തുച്ഛമായ വിലക്ക് ലഭിക്കുന്ന സാധനങ്ങള്‍ ഇരട്ടിയിലേറെ ലാഭമെടുത്താണ് വ്യാപാരികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത്. കേവലം പത്ത് രൂപക്ക് തമിഴ്‌നാട്ടിലെ ഒട്ടഛത്രത്ത് ലഭിക്കുന്ന തക്കാളി കേരളത്തിലെത്തുമ്പോള്‍ വില നാല്‍പ്പതായി ഉയരും.
തെക്കന്‍ തമിഴ്‌നാട്ടിലെ കടുത്ത വരള്‍ച്ചയെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ തക്കാളിയും മുരിങ്ങക്കോലും വിളവെടുപ്പിന് തയ്യാറായിരിക്കുന്നു.