Sports
ദേശീയ ഗെയിംസ്: റഗ്ബിക്ക് മെക്‌സിക്കന്‍ പുല്‍ത്തകിടി, ഹോക്കിക്ക് കാനഡാ ടര്‍ഫ്

കൊല്ലം: അടുത്ത വര്‍ഷം ജനുവരി 31ന് ആരംഭിക്കുന്ന 35-ാമത് ദേശീയ ഗെയിംസിന് ആതിഥ്യമരുളാന്‍ കൊല്ലം ഒരുങ്ങുന്നു.
ലാല്‍ ബഹദൂര്‍ സ്റ്റേഡിയവും ആശ്രാമത്ത് ഹോക്കി സ്റ്റേഡിയവുമാണ് ദേശീയ ഗെയിംസ് നടക്കുന്ന കൊല്ലത്തെ വേദികള്‍. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ അമേരിക്കന്‍ ഹാന്‍ഡ് ബാളിന്റെ വകഭേദമായ റഗ്ബീ സെവന്‍സ് മത്സരവും ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ഹോക്കി മത്സരവുമാണ് അരങ്ങേറുന്നത്. പകല്‍ വെളിച്ചത്തില്‍ നടക്കുന്ന റഗ്ബീ സെവന്‍സ് മത്സരത്തിന് വേണ്ടി ലാല്‍ ബഹദൂര്‍ സ്റ്റേഡിയം പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത “മെക്‌സിക്കന്‍ ബ്ലു” ഇനത്തില്‍പ്പെട്ട പുല്‍ത്തകിടി ശാസ്ത്രീയമായി പരിപാലിച്ച് മത്സരത്തിന് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പവലിയന്‍ ബില്‍ഡിംഗ്, ടെക്‌നിക്കല്‍ ഒഫീഷ്യല്‍സ് റൂം, ടീം മാനേജേഴ്‌സ് റൂം, മീഡിയാ റൂം, വി ഐ പി ലോഞ്ച്, പ്ലെയേഴ്‌സ് ചെയ്ഞ്ചിംഗ് റൂം, ടോയ്‌ലറ്റ്, 500 പേര്‍ക്ക് ഇരിക്കാവുന്ന വി ഐ പി ഗാലറി, ജനറല്‍ ഗാലറിയുടെ നവീകരണം എന്നിവയും പൂര്‍ത്തിയായി. 5.5 കോടി രൂപയാണ് ദേശീയ ഗെയിംസിന് വേണ്ടി ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ചെലവഴിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തോടടുക്കുകയാണ്. സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് പവലിയന്‍ ബില്‍ഡിംഗും പടിഞ്ഞാറുഭാഗത്ത് 1250 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയും പൂര്‍ത്തിയായിക്കഴിഞ്ഞു. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് ഹോക്കി ടര്‍ഫാണ് സ്റ്റേഡിയത്തില്‍ ഉപയോഗിക്കുന്നത്. ടര്‍ഫിന് മാത്രം 2.5 കോടി രൂപയാണ് ചെലവ്. ടര്‍ഫിന് 15 വര്‍ഷത്തെ നിലനില്‍പ്പാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.
സ്റ്റേഡിയത്തില്‍ ഒരുമീറ്റര്‍ 10 സെന്റീമീറ്റര്‍ പൊക്കത്തില്‍ മണ്ണിട്ട് ഉയര്‍ത്തിവേണം ടര്‍ഫ് സ്ഥാപിക്കാന്‍. ഇതിനായി 200 ലോഡ് മണ്ണുകൂടി അടിക്കേണ്ടിവരും. മണ്ണ് കിട്ടാന്‍ പരിസ്ഥിതി ക്ലിയറന്‍സ് അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം നേരിടുന്നത് ടര്‍ഫ് പൂര്‍ത്തിയാകുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഓവര്‍ഹെഡ് ടാങ്കിന്റെ നിര്‍മാണവും കോമ്പൗണ്ട് ഹാളിന്റെയും ഡ്രൈനേജ് സംവിധാനത്തിന്റെയും നിര്‍മാണവും നടന്നുവരുന്നു. സെപ്തംബര്‍ മാസത്തോടെ എല്ലാ പണികളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷനല്‍ ഗെയിംസ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കിഷന്‍ചന്ദ് പറഞ്ഞു.
കൂടാതെ ഹോക്കി സ്റ്റേഡിയത്തിലേക്ക് ഒരു കി.മീറ്റര്‍ ദൂരത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കാനുണ്ട്. യാത്രി നിവാസ് റോഡ് റസിഡന്‍സിയിലെ കുട്ടികളുടെ പാര്‍ക്കിന് മുന്നിലൂടെ നാലുവരിപ്പാതയില്‍ എത്തിച്ചേരുന്നതാണ് അപ്രോച്ച് റോഡ്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്.
മൊത്തം 14 കോടി രൂപയാണ് ഹോക്കി സ്റ്റേഡിയത്തിനുവേണ്ടി ചെലവഴിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദേശീയഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.