International
മാധ്യമ പ്രവര്‍ത്തകരുടെ ശിക്ഷ: ഇടപെടില്ലെന്ന് സീസി
കൈറോ: അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ച കോടതിവിധിയില്‍ ഇടപെടില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. വിധിക്കെതിരെ വന്‍ പ്രതിഷേധമാണ് ലോകമെമ്പാടും ഉണ്ടായത്. കോടതി വിധികളെ മാനിക്കണം. മറ്റുള്ളവര്‍ മനസ്സിലാക്കിയിട്ടില്ലെങ്കിലും അവയെ വിമര്‍ശിക്കാന്‍ പോകരുതെന്ന് സീസി കൂട്ടിച്ചേര്‍ത്തു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് അല്‍ജസീറ മാധ്യമപ്രവര്‍ത്തകരായ പീറ്റര്‍ ഗ്രെസ്റ്റെ, മുഹമ്മദ് ഫാഹിമി, ബാഹിര്‍ മുഹമ്മദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ കോടതി ശിക്ഷിച്ചത്.
ആസ്‌ത്രേലിയന്‍ പൗരനായ ഗ്രേറ്റ്‌സെയെ രക്ഷിക്കാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഓസീസ് വിദേശകാര്യമന്ത്രി ജൂലി ബിഷപ് പറഞ്ഞു. അതേസമയം, വിധിക്കെതിരെ ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പ്രതിഷേധിച്ചു. ലണ്ടനില്‍ ന്യൂ ബ്രോഡ്കാസ്റ്റിംഗ് ഹൗസിന് മുമ്പില്‍ ബി ബി സിയിലെയും മറ്റ് മാധ്യമ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഒരു മിനിട്ട് നിശ്ശബ്ദ പ്രതിഷേധം നടത്തി.
ഗ്രിസ്റ്റിയേയും ഫാമിയേയും ഏഴ് വര്‍ഷം തടവിനും മുഹമ്മദിനെ ഏഴ് വര്‍ഷത്തിന് പുറമെ മറ്റൊരു കേസില്‍ മൂന്ന് വര്‍ഷത്തേക്ക ്കൂടി തടവിനും ശിക്ഷിച്ചിട്ടുണ്ട്. തീവ്രവാദക്കുറ്റം ചുമത്തിയ മറ്റ് പ്രതികള്‍ക്കൊപ്പമാണ് ഇവരുടെ വിചാരണ നടന്നത്.




