International
ഇറാഖില്‍ നാല് നഗരങ്ങള്‍ കൂടി ഇസില്‍ പിടിച്ചെടുത്തു

ബഗ്ദാദ്: ഇറാഖിലെ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് അല്‍ഖാഇദ ബന്ധമുള്ള ഇസില്‍ സായുധ സംഘം മുന്നേറ്റം തുടരുന്നു. ജോര്‍ദാനും സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ നാല് നഗരങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) സംഘം പിടിച്ചെടുത്തത്. പ്രവിശ്യയിലെ ഖ്വായിം, റാവ, അന, റുത്ബ നഗരങ്ങളാണ് സായുധ സംഘത്തിന്റെ നിയന്ത്രണത്തിലായത്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണ് ഖ്വായിം. ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രധാന പ്രവേശന കവാടമാണ് ഖ്വായിം. വടക്കന്‍ നഗരമായ ബെയ്ജിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായും ഇസില്‍ സായുധ സംഘം അവകാശപ്പെട്ടു. ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല നിലനില്‍ക്കുന്ന നഗരമാണ് ബെയ്ജി. എന്നാല്‍, എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണം സായുധ സംഘം പിടിച്ചെടുത്തുവെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു.
വടക്കുപടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളായ സിറിയയെയും ജോര്‍ദാനെയും ബന്ധിപ്പിക്കുന്ന പ്രവിശ്യയാണ് അന്‍ബാര്‍. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിനെ ജോര്‍ദാനുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഇസിലിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ചരക്കുകള്‍ ഉള്‍പ്പെടെയുള്ളവ മേഖലയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന മാര്‍ഗമാണിത്. ഈ വര്‍ഷം ജനുവരിയില്‍ സമീപമുള്ള ഫലൂജ നഗരത്തിന്റെയും റമാദിയുടെയും നിയന്ത്രണം ഇസില്‍ പിടിച്ചെടുത്തിരുന്നു.
യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള നഗരമാണ് റാവ. ഹദീദ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് സായുധ സംഘം ലക്ഷ്യമിടുന്നത്. അണക്കെട്ടിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് രാജ്യത്തിന്റെ വൈദ്യുതി സംവിധാനത്തെ തകരാറിലാക്കുകയും കടുത്ത വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യും. അണക്കെട്ടിന് നേരെയുള്ള ആക്രമണം തടയുന്നതിനായി പ്രദേശത്ത് രണ്ടായിരം സൈനികരെ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അന്‍ബാര്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ പടിഞ്ഞാറന്‍ റമാദി നഗരത്തിലെ ഹദീദ പിടിക്കാനായിരിക്കും ഇസിലിന്റെ ശ്രമം.
അതേസമയം, ഇറാഖിലെ യു എസ് ഇടപെടലിനെ ശക്തമായി എതിര്‍ക്കാന്‍ ഇറാനിലെ പരമോന്നത ആത്മീയ നേതാവായ ആയത്തുല്ല അലി ഖാംനഈ ആഹ്വാനം ചെയ്തു. സൈനിക ഉപദേഷ്ടാക്കള്‍ എന്ന പേരില്‍ മുന്നൂറ് സൈനികരെ ഇറാഖിലേക്ക് അയക്കാനുള്ള യു എസ് നീക്കത്തെയും അദ്ദേഹം എതിര്‍ത്തു.