Kerala
ട്രോളിംഗ് നിരോധമേര്‍പ്പെടുത്തി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും മത്സ്യസമ്പത്തില്‍ വന്‍കുറവ്

കൊല്ലം: വര്‍ഷങ്ങളായി ട്രോളിംഗ് നിരോധമേര്‍പ്പെടുത്തിയിട്ടും മത്സ്യ സമ്പത്ത് വര്‍ധിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചുവെന്നും ഫിഷറീസ് അസി. ഡയറക്ടര്‍ സൈരാബാനു ചെയര്‍പേഴ്‌സണായുള്ള കമ്മിറ്റി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍, മെയ് മാസങ്ങളില്‍ അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാള, അയില, നെത്തോലി തുടങ്ങി കടലിന്റെ ഉപരിതലത്തോട് ചേര്‍ന്ന് ജീവിക്കുകയും വംശവര്‍ധന നടത്തുകയും ചെയ്യുന്ന മത്സ്യങ്ങള്‍ അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതി മൂലം പൂര്‍ണമായും ഇല്ലാതാകുന്നു. ഇവയുടെ പ്രജനന കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപരിതല മത്സ്യബന്ധനത്തിന് രണ്ട് മാസം നീളുന്ന നിരോധം ഏര്‍പ്പെടുത്തണമെന്നും ഇക്കാലയളവില്‍ ഇത്തരം വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കര്‍ശനമായി നിയന്ത്രിക്കണമെന്നും കമ്മിറ്റി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
വന്‍കിട ബോട്ടുകള്‍ക്കും ട്രോളറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. വലകളുടെ വ്യാസത്തിന് അനുസരിച്ചായിരിക്കണം മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടത്. എന്‍ജിന്റെ കുതിരശക്തി അടിസ്ഥാനമാക്കി ട്രോളിംഗിന് ദൂരപരിധി നിശ്ചയിക്കണം.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളിച്ച് ഒരു മത്സ്യബന്ധന നയത്തിന് രൂപം നല്‍കുക തുടങ്ങി 66 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ ട്രോളിംഗ് നിരോധം ഒന്നരമാസത്തേക്കാണ് നടപ്പാക്കുന്നത്. 1988 മുതലാണ് ട്രോളിംഗ് നിരോധം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍ 26 വര്‍ഷത്തിന് ശേഷവും മത്സ്യസമ്പത്ത് വര്‍ധിച്ചിട്ടില്ലെന്ന് മാത്രമല്ല സാരമായി കുറഞ്ഞുവെന്നും വിദഗ്ധ സമിതിയുടെ പഠനത്തില്‍ വ്യക്തമായി.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ കെ സുനില്‍ മുഹമ്മദ്, ടി വി സത്യാനന്ദന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ പി പ്രവീണ്‍, എം വി ബൈജു, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ എം ലതി, ഫിഷറീസ് (മറൈന്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ലൈലാദേവി, ലോ ഓഫീസര്‍ ചന്ദ്രശേഖരന്‍ നായര്‍, ടെക്‌നിക്കല്‍ അസി. പി എസ് ശിവപ്രസാദ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
അതിനിടെ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധം 14ന് അര്‍ധരാത്രി മുതല്‍ തുടങ്ങി.