Connect with us

Ongoing News

ലോഹപുരുഷ് തന്നെ പക്ഷേ...

Published

|

Last Updated

ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമടങ്ങുന്ന അഖണ്ഡ ഭാരതമായിരുന്നു സ്വപ്‌നം. ഏറ്റവും കുറഞ്ഞത് ഇന്ത്യയുടെയെങ്കിലും പ്രധാനമന്ത്രിയാകണം. അതിനാണ് മനുഷ്യായുസ്സിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചത്. ബി ജെ പിയുടെ എക്കാലത്തെയും മുഖം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രം ഗോവയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം വരെ അതായിരുന്നു ലാല്‍കൃഷ്ണ അഡ്വാനി. ഹിന്ദുത്വ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ അയോധ്യയിലേക്ക് രഥമുരുട്ടിയും ഇഷ്ടിക ചുമന്നും വളര്‍ത്തിയെടുത്തു. ഒടുവില്‍ താന്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന അതിതീവ്രതക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. പ്രായം എണ്‍പത്തിയേഴായി. എല്ലാ പ്രാവശ്യവും പറയുന്നതു പോലെയല്ല. ഇത്തവണയില്ലെങ്കില്‍ ഇനിയില്ല എന്നുറപ്പാണ്. ഗാന്ധിനഗറായാലും ഭോപ്പാലായും തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ വിജയം മാത്രം പോരായെന്ന് അഡ്വാനിക്ക് വ്യക്തമായറിയാം. അത്തരമൊരു ജനവിധി കൂടി ഉണ്ടാക്കിയെടുക്കാനുള്ള തിരക്കിലാണ് അഡ്വാനി. അതിനുള്ള കളികള്‍ക്കിടെയാണ് ഓരോ തവണയും പുറത്ത് ആര്‍ എസ് എസിന്റെ പിടി വീഴുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതോടെ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞതാണ്. അന്നും ഭോപ്പാലില്‍ മത്സരിച്ച് മോദിക്ക് ചെറുതായൊന്നു തട്ടാമെന്നു കരുതിയപ്പോഴും പഴയ പടക്കുതിരയുടെ കടിഞ്ഞാണില്‍ പിടി വീണത് നാഗ്പൂരില്‍ നിന്നാണ്.
അവിഭക്ത ഇന്ത്യയിലെ കറാച്ചിയില്‍ 1927ലായിരുന്നു ജനനം. പതിനഞ്ചാം വയസ്സില്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തകനായി. വിഭജന കാലത്ത് വര്‍ഗീയ ലഹളയുണ്ടായ രാജസ്ഥാനിലെ മേവാത്തിലേക്ക് സംഘ ശക്തി വളര്‍ത്താന്‍ നിയോഗിക്കപ്പെട്ടതോടെയാണ് ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ആര്‍ എസ് എസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുഖമായ ജനസംഘില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തില്‍ വന്ന ജനതാ പരിവാര്‍ മന്ത്രിസഭയില്‍ അംഗമായി. എ ബി വാജ്പയിയും അന്ന് മന്ത്രിസഭയിലുണ്ടായിരുന്നു. ഇരുവരും ഒരേ സമയം ജനസംഘിലും ആര്‍ എസ് എസിലും അംഗങ്ങളായി തുടരുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള മതേതര സോഷ്യലിസ്റ്റുകള്‍ക്ക് സഹിച്ചില്ല. ഇതേച്ചൊല്ലി ഉയര്‍ന്ന കലഹം ജനതാ പാര്‍ട്ടിയുടെ ഭിന്നിപ്പില്‍ കലാശിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ താഴെ വീണു. 1980ല്‍ ബി ജെ പി രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രധാനിയായിരുന്നു. ആദ്യ തവണ രണ്ട് സീറ്റില്‍ ഒതുങ്ങി. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിയതോടെ 89ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് 85 ആയി ഉയര്‍ന്നു. വി പി സിംഗ് സര്‍ക്കാറിനെ ഇടതു പാര്‍ട്ടികള്‍ക്കൊപ്പം പുറമെ നിന്ന് പിന്തുണച്ചു.
1992 ഡിംസബറോടെ അയോധ്യയിലേക്ക് നീങ്ങിയ കര്‍സേവകരുടെ നേതൃപദവിയില്‍ അഡ്വാനിയുണ്ടായിരുന്നു. 96ലും 98ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പതിമൂന്ന് മാസം അധികാരത്തിലിരുന്ന എ ബി വാജ്പയ് മന്ത്രിസഭയില്‍ അംഗമായി. 1999ല്‍ എന്‍ ഡി എ സഖ്യം ഭൂരിപക്ഷം നേടിയപ്പോള്‍ വാജ്പയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ഉപപ്രധാനമന്ത്രിയും. അന്നൊക്കെ വാജ്പയ് ബി ജെ പിയുടെ മിതവാദ മുഖവും അഡ്വാനി തീവ്രവാദ മുഖവുമായിരുന്നു.
2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ പരാജയപ്പെട്ടതോടെ വാജ്പയിയുടെ മിതവാദ മുഖംമൂടി അഡ്വാനി എടുത്തണിഞ്ഞു. പ്രധാനമന്ത്രി പദത്തിലെത്താന്‍ നിലപാടുകള്‍ സ്വയം മയപ്പെടുത്തി. ജന്മദേശമായ പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. മുഹമ്മദലി ജിന്നയുടെ മതേതര മുഖം കണ്ടെത്തി. ഇപ്പോള്‍ ആര്‍ എസ് എസിന് വേണ്ടത് അതി തീവ്രവാദമാണ്. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു തന്നെയാണ് അഡ്വാനിയും പ്രതീക്ഷിക്കുന്നത്. മുന്നണിക്ക് പുറത്തു നിന്നുള്ള ഘടക കക്ഷികളുടെ പിന്തുണയില്ലാതെ ഭരിക്കാനാകില്ല. നേതൃത്വം തന്നെ തേടി വരും. എല്‍ കെ അഡ്വാനി വീണ്ടും സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

Latest