Connect with us

National

തേജ്പാലിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Published

|

Last Updated

പനാജി: സഹപ്രവര്‍ത്തകയെ മാനഭംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേ ഗോവ പോലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നവംബറിലാണ് തേജ്പാലിനെതിരേ എഫ് ഐ ആര്‍ തയ്യാറാക്കിയത്. വാസ്‌കോയിലെ സദാ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ, 376, 376(2)(കെ), 341, 342 വകുപ്പുകള്‍ പ്രകാരമാണ് തേജ്പാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പനാജി കോടതി തേജ്പാലിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിനല്കിയിരുന്നു. നിലവില്‍ ബോംബെ ഹൈക്കോടതിയിലും തേജ്പാല്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് തേജ്പാല്‍ തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവ മാധ്യമപ്രവര്‍ത്തക കേസ് നല്കിയത്. തുടര്‍ന്ന് നവംബര്‍ 30ന് ഗോവ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തേജ്പാലിനെ അറസ്റ്റ് ചെയ്തു. തേജ്പാല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു.

Latest