Connect with us

Articles

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി

Published

|

Last Updated

ഔലിയാക്കന്മാരുടെ നേതാവ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ മുസ്‌ലിം ലോകം പ്രത്യേകമായി ഓര്‍മിക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. ഹിജ്‌റ വര്‍ഷം 470 റമസാന്‍ ഒന്നിന് പേര്‍ഷ്യയിലെ “ഗീലാന്‍” പ്രദേശത്താണ് ശൈഖ് ജീലാനിയുടെ ജനനം. പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും വംശപരമ്പര ചെന്നെത്തുന്നു. ഇങ്ങനെ രണ്ട് വഴിയിലൂടെയും സയ്യിദ് പദവിയിലെത്തി ശൈഖ്.
ശൈഖിന്റെ ശൈശവം തന്നെ അത്ഭുതകരമായിരുന്നു. അക്കാലത്ത് ഒരിക്കലും റമസാന്‍ പകലില്‍ ശൈഖ് മുല കുടിച്ചിരുന്നില്ല. ഗാലാനില്‍ താമസിക്കുന്ന സയ്യിദ് ദമ്പതികള്‍ക്ക് റമസാന്‍ പകലില്‍ മുല കുടിക്കാത്ത ഒരു കുട്ടി പിറന്നിരിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇബാദത്ത് കൊണ്ടും മറ്റും അല്ലാഹുവിന്റെ പ്രത്യേക സാമീപ്യം കരസ്ഥമാക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ശൈഖ് ജീലാനിയാകട്ടെ, ജനനം മുതല്‍ തന്നെ കറാമത്തുകള്‍ പ്രകടിപ്പിച്ച് തുടങ്ങി. ഏറ്റവും കൂടുതല്‍ കറാമത്ത് ചരിത്രം രേഖപ്പെടുത്തിയതും ശൈഖ് ജീലാനിയില്‍ നിന്നാണ്.
ശൈഖിന്റെ ബാല്യവും അതിശയങ്ങള്‍ നിറഞ്ഞതായിരുന്നു. ചെറുപ്പത്തില്‍ പ്രായത്തിന്റെ കോപ്രായങ്ങളോ വിനോദതത്പരതയോ ശൈഖില്‍ ഉണ്ടായിരുന്നില്ല. ഒരദൃശ്യശക്തി ശൈഖിനെ എല്ലാ തിന്മയില്‍ നിന്നും തടഞ്ഞുകൊണ്ടിരുന്നു. പത്താം വയസ്സിലാണ് ശൈഖവര്‍കള്‍ മതപാഠശാലയില്‍ പഠനമാരംഭിക്കുന്നത്. ആ വിദ്യാര്‍ഥിയില്‍ അന്ന് തന്നെ ഉസ്താദുമാര്‍ ശോഭനമായ ഒരു ഭാവി ദര്‍ശിച്ചിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ബഗ്ദാദിലേക്ക് പുറപ്പെട്ടു. അബ്ബാസിയ്യാ ഭരണത്തിന് കീഴില്‍ വൈജ്ഞാനിക രംഗത്ത് ഏറെ പ്രസിദ്ധമായ പട്ടണവും നിരവധി മഹാ പണ്ഡിതരുടെ സംഗമ സ്ഥാനവുമായിരുന്നു അന്ന് ബഗ്ദാദ്. പുറപ്പെടുമ്പോള്‍, ഒരിക്കലും കളവ് പറയരുതെന്ന മാതവിന്റെ ഉപദേശം. കൊള്ളക്കാരുടെ മുമ്പില്‍ പോലും അത് അനുസരിച്ചു ശൈഖ്. അങ്ങനെ കൊള്ള സംഘം മുഴുവന്‍ പശ്ചാത്തപിച്ചു മടങ്ങി. തന്റെ കാരണത്താല്‍ ആദ്യമായി നേര്‍മാര്‍ഗം പുല്‍കിയവര്‍ അവരാണെന്നും തന്റെ എല്ലാ പുരോഗതിക്കും അടിസ്ഥാന ശില പാകിയത് താന്‍ അനുവര്‍ത്തിച്ച സത്യസന്ധതയായിരുന്നുവെന്നും പില്‍ക്കാലത്ത് ശൈഖ് ജീലാനി പറഞ്ഞിട്ടുണ്ട്. ബഗ്ദാദിലെത്തിയ ശൈഖ് പ്രമുഖ പണ്ഡിതരില്‍ നിന്നെല്ലാം ശരീഅത്തിന്റെയും അധ്യാത്മികതയുടെയും വിജ്ഞാനങ്ങള്‍ കരഗതമാക്കി. ബഗ്ദാദിലെ ഖാസി അബീ സഊദില്‍ മഖ്‌റമി(റ)യുടെ വിദ്യാപീഠത്തില്‍ തന്നെയാണ് ആദ്യമായി അധ്യാപനം നടത്തിയത്. പിന്നീട് ബഗ്ദാദിലെ “നിളാമിയ്യ” സര്‍വകലാശാലയില്‍ ശൈഖ് അധ്യാപകനായി നിയോഗിക്കപ്പെട്ടു.
ബഗ്ദാദിലെ ഏറ്റവും വലിയ വിജ്ഞാന സദസ്സായിരുന്നു ശൈഖിന്റെത്. രാജാക്കന്മാരില്‍ വരെ അസൂയ ജനിപ്പിക്കും വിധമുള്ള ജനസമ്മതിയും പ്രശസ്തിയും ശൈഖ് ജീലാനി നേടി. വിദൂര ദേശങ്ങങ്ങളില്‍ നിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ആ വിജ്ഞാന സദസ്സിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക് തുടങ്ങി.
പക്വവും ഉന്നതവുമായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. വിനയത്തോടെ പെരുമാറും. കനിവുള്ള ഹൃദയവും തികഞ്ഞ ഭക്തിയും സൂക്ഷമതയോടെയുള്ള ജീവിതരീതിയും അചഞ്ചലമായ വിശ്വാസവും അസാമാന്യ ധൈര്യവും ശൈഖിനെ വ്യത്യസ്തനാക്കി. ഇസ്‌ലാമിക കര്‍മശാസ്ത്ര സരണികളില്‍ നല്ല അവഗാഹമുണ്ടായിരുന്നു ശൈഖിന്. ആദ്യം ശാഫിഈ മദ്ഹബ് അനുസരിച്ചും പിന്നീട് ഹംബലി മദ്ഹബ് അനുസരിച്ചുമാണ് ശൈഖ് അവര്‍കള്‍ തന്റെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.
40 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനൊടുവിലാണ് ശൈഖ് ത്വരീഖത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. മരുഭൂമിയിലൂടെ ഏകാന്തപഥികനായി ചുറ്റിക്കറങ്ങവെ, തന്നെ വഞ്ചനയിലകപ്പെടുത്താന്‍ ശ്രമിച്ച പിശാചിന്റെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞതും പിശാചിനെ ആട്ടിയോടിച്ചതും ശൈഖ് നേടിയെടുത്ത ശരീഅത്ത് വിജ്ഞാനത്തിന്റെ വെളിച്ചത്തിലായിരുന്നു.
ആഴ്ചയില്‍ മൂന്ന് തവണയെന്ന നിലയില്‍ ശൈഖ് ജീലാനി മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ട് ഇസ്‌ലാം മതം സ്വീകരിച്ച നിരവധി പേര്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകളിലാകട്ടെ, പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുകളാണ് ശൈഖിന്റെ മതപ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ലോകം ദര്‍ശിച്ചത്. ധാര്‍മികമായും ആത്മീയമായും ഏറെ അകന്ന ഒരു സമൂഹത്തിലേക്ക് അല്ലാഹുവിന്റെ നിയോഗം പോലെ ശൈഖവര്‍കള്‍ കടന്നുചെന്ന് ദീനിനും സമൂഹത്തിനും നവജീവന്‍ നല്‍കുകയായിരുന്നു. “മുഹ്‌യിദ്ദീന്‍” (മതത്തിന്റെ പുനരുദ്ധാരകന്‍) എന്ന് ശൈഖ് ജീലാനി അറിയപ്പെട്ടതും ഇതു കൊണ്ടാണ്.
മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഗുണഗണങ്ങളും കറാമത്തുകളും കോര്‍ത്തിണക്കി, അറബിയിലും ഇതര ഭാഷകളിലുമായി നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സദഖത്തുല്ലാഹില്‍ ഖാഹിരി (റ) രചിച്ച “ഖസീദത്തുല്‍ ഖുതുബിയ്യത്ത”ും വിശ്വവിഖ്യാതമായ മുഹ്‌യിദ്ദീന്‍ മാലയുമെല്ലാം ഉദാഹരണങ്ങള്‍. അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവും ചരിത്രപണ്ഡിതനുമായിരുന്ന കോഴിക്കോട്ടെ ഖാസി മുഹമ്മദ് ആണ് മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ്. അറബിമലയാള ഭാഷയില്‍ വിരചിതമായ മുഹ്‌യിദ്ദീന്‍മാല ഭക്തികാവ്യ വിഭാഗങ്ങളില്‍പ്പെട്ട മാലപ്പാട്ടുകളില്‍ കണ്ടുകിട്ടിയേടത്തോളം ഏറ്റവും പഴക്കമുള്ളതാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മരാമായണം രചിക്കുന്നതിന്റെ അഞ്ച് വര്‍ഷം മുമ്പ് രചിക്കപ്പെടുക വഴി മഹത്തായ മാപ്പിള പാരമ്പര്യത്തിലെ ജീവിച്ചിരിക്കുന്ന ഉദാഹണം കൂടിയാണ് മുഹ്‌യിദ്ദീന്‍ മാല. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ പതിനൊന്നിനാണ് ശൈഖ് ജീലാനി വഫാത്തായത്. 91-ാം വയസ്സിലായിരുന്നു അവിടുത്തെ വിയോഗം. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമാണ് ബഗ്ദാദിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ മഖ്ബറ.
അദ്ദേഹത്തിന്റെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്ക് വിജയം നല്‍കട്ടെ.

---- facebook comment plugin here -----

Latest