Connect with us

Gulf

എയര്‍ ഇന്ത്യയില്‍ വൈ ഫൈ ഇന്റര്‍നെറ്റ്

Published

|

Last Updated

മസ്‌കത്ത്: എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ വൈകാതെ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. വലുതും ചെറുതുമായ എല്ലാ വിമാനങ്ങളിലും യാത്രക്കാര്‍ക്കായി പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബജറ്റ് വിമാനമായ എക്‌സ്പ്രസില്‍ ഈ സൗകര്യം ആദ്യ ഘട്ടത്തില്‍ ലഭ്യമാകില്ല.
വൈഫൈ സൗകര്യം ഏര്‍പെടുത്തുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ചുരുങ്ങിയ ചെലവില്‍ എന്നാല്‍ വിമാന കമ്പനിക്ക് വരുമാനമുണ്ടാക്കാന്‍ കഴിയുന്നവിധം സേവനം നല്‍കുന്നതിനാണ് പഠനം നടത്തുന്നത്. വിമാനത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ ഇതിനകം ഫ്രാന്‍സ് ആസ്ഥാനമായ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. വിമാനങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഏക കമ്പനിയാണിത്. ആകാശയാത്രയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാകാനുള്ള തയാറെടുപ്പിലാണ് എയര്‍ ഇന്ത്യയെന്ന് അധികൃതര്‍ പറയുന്നു.
പഴയ വിമാനങ്ങള്‍ ഒഴിവാക്കി പുതിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു വരുന്ന എയര്‍ ഇന്ത്യ, യാത്രക്കാര്‍ക്ക് പരമാവധി ആധുനിക സേവനങ്ങള്‍ യാത്രയില്‍ ഒരുക്കുന്നതിനു ശ്രമിച്ചു വരികയാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest