Connect with us

Malappuram

എസ് സി വിഭാഗത്തിന് വീട് വെക്കാന്‍ രണ്ട് ലക്ഷം നല്‍കും

Published

|

Last Updated

പെരിന്തല്‍മണ്ണ: പട്ടികജാതി വിഭാഗത്തിന് വീട് വെക്കാന്‍ മൂന്ന് സെന്റ് വീതം സ്ഥലം വാങ്ങാന്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഒരു കോടി രൂപയാണ് നഗരസഭ ഇതിനായി നീക്കി വെച്ചിരിക്കുന്നത്. 70 ലക്ഷം രൂപ ഈ സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ നിന്നും ഇതിനായി ചെലവഴിക്കും.
എസ് സി വിഭാഗത്തില്‍ പെട്ട യുവതിയുടെ വിവാഹത്തിന് അര ലക്ഷം രൂപ സഹായധനം ലഭിക്കും. വികലാംഗര്‍ക്ക് മുച്ചക്ര വാഹനം വാങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കും.
പെരിന്തല്‍മണ്ണ ഗവ.ഹൈസ്‌കൂളിന്റെ 150-ാം വാര്‍ഷിക സ്മാരകമായി നിര്‍മിക്കുന്ന കെട്ടിടത്തിന് 18 ലക്ഷം രൂപയും അനുവദിക്കും. 2013-14 പദ്ധതികളില്‍ വരുന്ന ഭേദഗതികളും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
കാര്‍ഷിക പദ്ധതിയില്‍ 75000 രൂപയാണ് ഭേദഗതികളിലൂടെ അനുവദിച്ചത്. ആരോഗ്യമേഖലയില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്‌പെന്‍സറിക്ക് അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താന്‍ നാല് ലക്ഷം രൂപ അനുവദിച്ചു.
സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി അഞ്ചേമുക്കാല്‍ ലക്ഷവും വിദ്യാഭ്യാസത്തിന് രണ്ട് ലക്ഷത്തി പതിനയ്യായിരവും എസ് സി പദ്ധതികള്‍ക്കായി ഇരുപത്തിയെട്ടേമുക്കാല്‍ ലക്ഷവും അഴുക്കുചാല്‍ നിര്‍മാണത്തിന് 5000 രൂപയുമടക്കം 98,75000 രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഭേദഗതിയായി അംഗീകരിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായിരുന്നു.

 

Latest