Connect with us

Kozhikode

ടി പി വധം: സാക്ഷികളുടെ മൊഴി അവിശ്വസിക്കേണ്ട- പ്രോസിക്യൂഷന്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി ആസുത്രണം നടത്തിയെന്ന സാക്ഷി മൊഴികള്‍ വിശ്വാസയോഗ്യമാണെന്ന് പ്രോസിക്യൂഷന്‍. നേരത്തെ പ്രതിഭാഗം അന്തിമവാദത്തില്‍ സാക്ഷിമൊഴികള്‍ കളവാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ വിശദീകരണത്തിലാണ് സാക്ഷികളെ അവിശ്വസിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ആറാം സാക്ഷി കെ അച്യുതന്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ചന്ദ്രശേഖരന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് പത്താം പ്രതി കെ കെ കൃഷ്ണന്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നുവെന്ന് അച്യുതന്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തെ വസ്തുനിഷ്ഠമാക്കുന്നതായിരുന്നു കൊലയാളികള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലും ദൃശ്യമായത്. ചന്ദ്രശേഖരന്റെ തലക്ക് വെട്ടിയെന്നതല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും ഒരു തരത്തിലുള്ള പരുക്കുകളും ഇല്ല. ഇത് പ്രതികള്‍ നേരത്തെ നടത്തിയ ആസൂത്രിതമായ നീക്കത്തിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഒരാളെ കൊല്ലാന്‍ പലതരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ നേരത്തെ ആസൂത്രണം ചെയ്തതായതുകൊണ്ട് മൂര്‍ച്ചയേറിയ വാള്‍ ഉപയോഗിച്ച് തലക്ക് മാരകമായി വെട്ടുകയായിരുന്നു. സി പി എമ്മിനു നേരെയുണ്ടായ ഏതൊരു ആരോപണത്തേയും ചെറുക്കുക എന്നതാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലൂടെ പാര്‍ട്ടി മുന്നോട്ട് വച്ച സന്ദേശം.
മൂന്നാം സാക്ഷിയായ ടി പി മനീഷ്‌കുമാര്‍ ആര്‍ എം പിയുടെ റെഡ് വളണ്ടിയറാണെന്ന പ്രതിഭാഗം ആരോപണം ശരിയല്ല. ഇയാള്‍ ആര്‍ എം പി നേതാക്കള്‍ക്കൊപ്പം നടക്കുന്നുവെന്നല്ലാതെ പാര്‍ട്ടി ഭാരവാഹിയില്ല. 13 ാം പ്രതി പി മോഹനന്‍ രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന ആളായതു കൊണ്ട് അയാള്‍ക്ക് ഒട്ടേറെ വ്യക്തി ബന്ധങ്ങളുണ്ട്. ചന്ദ്രശേഖരന്റെ മരണത്തിനു മുമ്പ് നിരവധി പേര്‍ ഇയാളെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളുണ്ട്. എന്നാല്‍ കൊലക്ക് ശേഷം ഇത്തരം കോളുകളെല്ലാം വരാതായി. ഇത് സൂചിപ്പിക്കുന്നത് മോഹനന്റെ പങ്കാളിത്തം തന്നെയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ 2012 മെയ് നാലിനും പിറ്റേ ദിവസവും പ്രതികള്‍ ഉപയോഗിച്ച ഫോണുകളെല്ലാം തന്നെ നിശ്ചലമായതും കൊലപാതകത്തില്‍ ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴി മലയില്‍ ഇവര്‍ക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ലഭിച്ചിട്ടുണ്ട്. അത്രയും ഉള്‍നാടന്‍ വനപ്രദേശത്ത് താമസിക്കണമെങ്കില്‍ പുറത്ത് നിന്നുള്ള സഹായം ഇല്ലാതെ കഴിയില്ല. പ്രതികളെ പിടികൂടുന്നതിനായി നടത്തിയ പോലീസ് സംഘത്തിന് നേരെ രാഷ്ട്രയമായും അല്ലാതെയും കടുത്ത സമ്മര്‍ദമായിരുന്നു ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.