Connect with us

Gulf

ഫിലിപ്പൈന്‍ പഴം ലഭ്യത കുറയുമെന്ന് ആശങ്ക; ഇന്ത്യയില്‍നിന്നും ഇറക്കുമതിക്ക് വ്യാപാരികള്‍

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം കൂടുതല്‍ വാഴപ്പഴങ്ങള്‍ ഒമാനിലെത്തും. സാധാരണ റോബസ്റ്റ് പഴം ധാരാളയമായി എത്തുന്ന ഫിലിപ്പൈനില്‍ ചുഴലിക്കാറ്റ് നാശം വിതച്ച സാഹചര്യത്തില്‍ ഇറക്കുമതി വ്യാപാരികള്‍ ഇന്ത്യയിലേക്കു തിരിയുകയാണ്. പഴത്തിന്റെ ലഭ്യതക്കുറവ് വിപണിയില്‍ വില വര്‍ധിക്കുന്നതിനും കാരണമാകുമെന്ന് ആശങ്കയുണ്ട്.
അതിനിടെ ഉത്പാദനം വര്‍ധിപ്പിച്ച് ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ പഴം കയറ്റി അയക്കാനുള്ള ഇന്ത്യന്‍ കര്‍ഷക മേഖലയുടെ തീരുമാനം വലിയ വില വര്‍ധനവില്ലാതെ പഴം ലഭ്യമാകാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോബസ്റ്റ് പഴം വ്യാപകമായി കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ തേനി പ്രദേശത്തു നിന്നു മാത്രം 10,000 ടണ്‍ പഴം അധികമായി കയറ്റുമതി ചെയ്യാനാണ് തീരുമാനം. കര്‍ണാകട, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പഴം ഗള്‍ഫ് നാടുകളിലെത്തും.
ഫിലിപ്പൈന്‍ പഴ ലഭ്യത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഈ വര്‍ഷം ഇന്ത്യന്‍ പഴത്തെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് റുസൈല്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരി തൃശൂര്‍ സ്വദേശി പി എം ആരിഫ് പറഞ്ഞു. സലാലയില്‍നിന്നുള്ള പഴം വരവ് കുറഞ്ഞതോടെ ഇന്ത്യയില്‍നിന്നുള്ള പഴം വന്നു തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നും ഇന്നലെ ഒരു കണ്ടെയ്‌നര്‍ പഴം മസ്‌കത്തിലെത്തി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യന്‍ പഴം വ്യാപകമായി ഒമാനിലെത്തുക. ബാത്തിന പ്രദേശത്തെ തോട്ടങ്ങളില്‍ ഏപ്രില്‍ മാസത്തോടെ വിളവെടുപ്പ് ആരംഭിക്കുന്നതു വരെ ഇന്ത്യന്‍ പഴം ഇറക്കുമതി ചെയ്യേണ്ടി വരും. സാധാരണ ഫിലിപ്പൈനില്‍നിന്നും ധാരാളം പഴം എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ പേരുകേട്ട ചിക്കൂട്ട ഉള്‍പെടെയുള്ള പഴങ്ങള്‍ ഫിലിപ്പൈനില്‍നിന്നാണ് വരുന്നത്.
മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് മസ്‌കത്ത് മാര്‍ക്കറ്റില്‍ സാധാരണ ഇന്ത്യന്‍ പഴം എത്തുന്നത്. ഇത്തവണ തേനിയില്‍നിന്നും കൂടുതല്‍ കയറ്റുമതിയുണ്ടാകുമെന്നത് ഇറക്കുമതി വ്യാപാരികളെ ഈ മേഖലയിലേക്കു തിരിക്കുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട് പഴത്തിന് വില കൂടുതലാണെന്നത് പലരെയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇത്തവണ ആറായിരം ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്താണ് കൂടുതല്‍ കയറ്റുമതിക്ക് തമിഴ് നാട് കര്‍ഷകര്‍ പദ്ധതി തയാറിക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള സഹായവും കര്‍ഷകര്‍ക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രേരണയായി.
ഇന്ത്യയില്‍ ഉത്പാദനം വര്‍ധിക്കുന്നതും ഇറക്കുമതി കൂടുന്നതും വിപണിക്ക് ഉണര്‍വുണ്ടാക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. സലാല പഴം കഴിഞ്ഞാല്‍ ഇന്ത്യന്‍ പഴത്തിനു പോതുവേ സ്വീകാര്യതയുണ്ട്. എന്നാല്‍ പലപ്പോഴും കയറ്റുമതിയില്‍ ഫിലിപ്പൈനെ പിന്നിലാക്കാന്‍ ഇന്ത്യക്കു കഴിയാറില്ല. ഈ വര്‍ഷം ഒമാനുള്‍പെടെയുള്ള മുഴുവന്‍ ഗള്‍ഫ് വിപണിയിലേക്കും കൂടുതല്‍ പഴം കയറ്റുമതി ചെയ്യാനാണ് ഇന്ത്യന്‍ കര്‍ഷകരും കയറ്റുമതി വ്യാപാരികളും തയാറെടുക്കുന്നത്. ഇറക്കുമതിക്ക് ഒമാനിലെയും ഇതര ഗള്‍ഫ് നാടുകളിലെയും വ്യാപാരികളും സന്നദ്ധമാകുന്നതോടെ ഇത്തവണ പഴവിപണിയില്‍ ഇന്ത്യന്‍ സുലഭാവസ്ഥയുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.