Connect with us

Gulf

ആണവായുധം രാജ്യ സുരക്ഷക്ക് ആപത്തെന്ന് ഇറാന്‍ മന്ത്രി

Published

|

Last Updated

മസ്‌കത്ത്. ആണവായുധങ്ങള്‍ രാജ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ്. ഇറാന്റെ ആണവ സമ്പുഷ്ടീകരണം സമാധാനത്തിനും ഊര്‍ജത്തിനും വേണ്ടിയുള്ളതാണ്. അതല്ലാത്ത പ്രവര്‍ത്തനം ആത്മഹത്യക്കു തുല്യമാണ്. ഒമാന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

ആണവായുധം നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും നിയമത്തിനും ധാര്‍മികതക്കും മനുഷ്യര്‍ക്കും എതിരാണ്. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള ആണവായുധവും ഉണ്ടാക്കാനോ ഉപയോഗിക്കാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. മേഖലയിലെ രാജ്യങ്ങളുമായുള്ള സൗഹൃദവും സഹകരണവും ഇറാന് പ്രധാനമാണ്. പരസ്പര ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനാണ് രാജ്യം ആഗ്രഹിക്കുന്നത്. ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് രാജ്യം തയാറെടുക്കുന്നത്.

വൈദ്യശാസ്ത്രം, സാംസ്‌കാരികം, ഭൂമിശാസ്ത്രം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും ഇതര രാജ്യങ്ങളുമായി സൗഹൃദത്തിലാകാനാണ് ഇറാന്റെ ശ്രമം.
ഇറാന്‍ സമൂഹം പടിഞ്ഞാറിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ ഇറാന്‍ ജനതക്ക് ആത്മവിശ്വാസം പകരുന്ന ചുമര്‍ നിര്‍മിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തയാറാകണം. രാജ്യം പ്രഖ്യാപിച്ചിട്ടുള്ള ആണവോര്‍ജ പദ്ധതി സമാധാന ആവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ. ഈ മേഖലയില്‍ ലോകത്തെ വഴി തെറ്റിക്കാനോ ഭയപ്പെടുത്താനോ ഇറാന്‍ ഇല്ല. എന്നാല്‍ സമാധാന ആവശ്യത്തിനും ജനങ്ങളുടെ ആവശ്യത്തിനുമായി ആണവ പദ്ധതികള്‍ നടപ്പിലാക്കുന്നത് ഇറാന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിബന്ധനകള്‍ പാലിച്ചു കൊണ്ടും ആര്‍ക്കും ആശങ്കയോ ഭീതിയോ സൃഷ്ടിച്ചു കൊണ്ടും ആയിരിക്കില്ല അത്. ജനീവ ഉടമ്പടിയുടെ അന്തസത്ത ഇറാന്‍ സൂക്ഷിക്കും. ഉടമ്പടിയില്‍ നിലവിലുള്ള സമാധാന ആവശ്യത്തിനുള്ള ആണവ പദ്ധതികള്‍ ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല. സിറിയയിലെ പ്രശ്‌നങ്ങള്‍ വൈകാതെ തന്നെ അവസാനിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനീവ രണ്ടാം മീറ്റിംഗില്‍ സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണ്. മീറ്റിംഗില്‍ ഇറാനും പങ്കെടുക്കാന്‍ തയാറാണം. സൈന്യത്തെ ഉപയോഗിച്ചു കൊണ്ടല്ല സിറിയയിലെ പ്രശ്‌നത്തിനു പരിഹാരം കാണേണ്ടത്. സിറിയന്‍ ജനത വൈകാതെ തന്നെ പോളിംഗ് ബൂത്തിലേക്കു പോകുമെന്നും അവിടെ പ്രശ്‌നം ഇല്ലാതാകുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒമാനുമായുള്ള ഇറാന്റെ സൗഹൃദം കൂടുതല്‍ ദൃഢപ്പെടുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമാന്‍ ഭരണാധാകാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഇറാന്‍ സന്ദര്‍ശനവും വാതക കരാറും തുടര്‍ന്നുള്ള ആശയവിനിമയങ്ങളും സന്ദര്‍ശനങ്ങളും ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇറാനു നല്‍കി വരുന്ന സഹകരണത്തില്‍ അദ്ദേഹം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനും ഒമാനിലെ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞു.

Latest