Gulf
അക്കാഫ് ഓണാഘോഷം 25ന്

ദുബൈ: ഓണാഘോഷത്തിന്റെ ഭാഗമായി അക്കാഫ് പൂക്കാത്തിനു ഈ മാസം 25 ന് ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ പരിപാടികളുടെ തുടര്‍ച്ചയായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികളുള്‍പ്പെടെ 5,000 പേര്‍ക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യയാണ് 25ന് ഒരുക്കുന്നത്. എലംബലക്കാട് നാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചക്ക് 1.30 മുതല്‍ അംഗങ്ങളായ കോളജുകളുടെ വിവിധ കലാപരിപാടികളും വൈകുന്നേരം 4.30 മുതല്‍ 70 ഓളം വരുമ അംഗങ്ങളായ കോളജുകളുടെ അത്തപ്പൂക്കള മത്സരവും നടക്കും. മത്സരത്തിനു ശേഷം പിന്നണി ഗായകരായ രഞ്ജിനി ജോസ്, വിവേകാനന്ദന്‍ എന്നിവരുടെ ഗാനമേളയും അക്കാഫ് കലാകാരന്മാരുടെ നൃത്ത നൃത്യങ്ങളും നടക്കും. അന്തരിച്ച ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കും രാഘവന്‍ മാസ്റ്റര്‍ക്കും വേദിയില്‍ പ്രത്യേകം മര്‍പ്പണം നടക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഖിസൈസ് ഇത്തിസലാത്ത് അക്കാദമയില്‍ അക്കാഫ് പൂക്കാലത്തിന്റെ ഘോഷയാത്ര, പൊതുപരിപാടി എന്നിവ നടക്കും. കേരള പിറവിയും ഓണവും ഒത്തുചേരുന്ന തീം പ്രകാരം അക്കാഫ് അംഗ കോളജുകളുടെ ഘോഷയാത്ര വൈകുന്നേരം 3.30ന് അരങ്ങേറും. രണ്ട് മണിക്കൂറോളം വരുന്ന മത്സര ഘോഷയാത്രയുടെ അവസാനമായി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തിരുവാതിര കളിക്ക് ഇത്തിസലാത്ത് അക്കാദമി വേദി ആകും. 400 അക്കാഫ് വനിതകള്‍ അണിനിരക്കുന്ന തിരുവാതിര ഗള്‍ഫ് മേഖലയിലെ ആദ്യ സംരംഭമാകും.
കേരളത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ ലോകം നെഞ്ചേറ്റിയ ചന്ദ്രലേഖ എന്ന നവ ഗായികയെ അക്കാഫ് ഒരു ലക്ഷം രൂപ നല്‍കി ആദരിക്കും. ഹരിഹരന്‍ നയിക്കുന്ന സ്‌പെഷ്യല്‍ ഫ്യൂഷ്യന്‍ മ്യൂസിക്കല് പ്രോഗ്രാമും നടക്കും. രാജേഷ് വൈദ്യ മട്ടന്നൂര്‍ (ഗിത്താര്‍), മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത് (ചെണ്ട), പാലക്കാട് മഹേഷ് (മൃദംഗം), ഉള്ളിയേരി പ്രകാശ് (കീബോര്‍ഡ്), ചന്ദ്രായി ഭട്ടാചാര്യ, സിതാര, രൂപേഷ് (വോകല്‍) പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് രാജേഷ് എസ് പിള്ള, ജന. സെക്രട്ടറി അനൂപ് അനില്‍ ദേവന്‍, ബിജു, കാസിം, അക്ബര്‍, ഷാജി സംബന്ധിച്ചു.