Connect with us

National

നുഴഞ്ഞുകയറ്റ സംഘത്തിന് പാക് സഹായം ലഭിച്ചു: സൈന്യം

Published

|

Last Updated

ഗാസിയാബാദ്/ ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖക്ക് സമീപം കേരന്‍ സെക്ടറില്‍ വന്‍ നുഴഞ്ഞുകയറ്റം വിഫലമാക്കിയതായി സൈനിക മേധാവി ജനറല്‍ ബിക്രം സിംഗ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണ നുഴഞ്ഞുകയറ്റ സംഘത്തിനുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ലെ കാര്‍ഗില്‍ സംഭവത്തോട് ഇതിനെ സാമ്യപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരന്‍ സെക്ടറില്‍ 15 ദിവസം നീണ്ട നടപടിയാണ് സൈന്യം അവസാനിപ്പിച്ചത്.
തീവ്രവാദികള്‍ വലിയ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും “നാല” (നദി)ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നെന്നും ബിക്രം സിംഗ് അറിയിച്ചു. ഇത് നുഴഞ്ഞുകയറ്റ ശ്രമമായിരുന്നെന്നും അത് വിഫലമാക്കിയതായും വ്യോമസേനാ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹിന്ദോണിലെ വ്യോമസേനാ താവളത്തിലെത്തിയ ബിക്രം സിംഗ് പറഞ്ഞു. ഇന്ത്യന്‍ പ്രദേശത്ത് 400 മീറ്റര്‍ ഉള്ളില്‍ നാല്‍പ്പതോളം തീവ്രവാദികളുമായി 15 ദിവസമായി തുടരുന്ന ഏറ്റുമുട്ടലിനെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടി വി ചാനലുകള്‍ ഇതിനെ കൈയേറ്റമായി വിലയിരുത്തുന്നുണ്ട്. അതല്ല യാഥാര്‍ഥ്യം. ഇത് കൈയേറ്റമായിരുന്നെങ്കില്‍ ശത്രു അതിനെ സംരക്ഷിക്കത്തക്ക രീതിയില്‍ ആധിപത്യം പുലര്‍ത്തുമായിരുന്നു. അങ്ങനെ പര്‍വതീകരിച്ച് ഇതിനെ കാണേണ്ടതില്ല. അവര്‍ നദിയില്‍ നിലയുറപ്പിക്കുക മാത്രമാണ് ചെയ്തത്. അതേസമയം, പാക് സൈന്യത്തിന്റെ സഹായം ഇതിനുണ്ട്. നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയിലാണ് ഇരു സൈന്യവും. അതിനാല്‍, പാക് സൈന്യത്തിന്റെ അറിവ് കൂടാതെ തീവ്രവാദികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. പാക് സൈന്യത്തിന്റെ സഹായം കൂടി മാത്രമേ നിയന്ത്രണ രേഖയിലുടനീളം തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ തീവ്രവാദികള്‍ക്ക് കഴിയൂവെന്ന് വ്യക്തമാക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പുണ്ടാകുന്നത്. തീവ്രവാദി സംഘത്തിലെ ഏഴ് പേരെ സൈന്യം വധിച്ചിട്ടുണ്ടെന്നും ബിക്രം സിംഗ് അറിയിച്ചു.
കേരന്‍ സംഭവം കാര്‍ഗില്‍സമാന സാഹചര്യമല്ലെന്ന് വ്യോമസേനാ മേധാവി എന്‍ എ കെ ബ്രൗണും പറഞ്ഞു. ആരും ഒന്നും അധീനമാക്കിയിട്ടില്ല. സൈനികര്‍ സുശക്തരും സര്‍വസജ്ജരുമാണ്. ഹീബ്രു ഭാഷയില്‍ “സാവ്‌ലാനൂത്” എന്ന പദമുണ്ട്. “ക്ഷമ” എന്നാണ് അതിന്റെ അര്‍ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരന്‍ സെക്ടറിലെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലെഫ്. ജനറല്‍ സഞ്ജീവ് ചഛ്ര അറിയിച്ചു. നുഴഞ്ഞുകയറ്റം തടയാനുള്ള സൈനിക വിന്യാസത്തിന്റെ ശക്തി വര്‍ധിപ്പിക്കും. രഹസ്യവിവരങ്ങളും ആകാശ നിരീക്ഷണവും വഴിയുള്ള സൈനിക നടപടി ആരംഭിക്കുമെന്നും ഇതുവഴി നുഴഞ്ഞുകയറ്റം ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ശ്രീനഗറിലെ ബാദ്മിബാഗില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest