Ongoing News
ഹൃദയത്തില്‍ തുടരുന്ന പൊന്നോണം

ഓണമെന്നും പുലരുന്നത് ഓര്‍മ്മകളിലാണ്. ഇന്നലത്തെ ഓണത്തെ കുറിച്ച് ഓര്‍മിക്കാനാണ് നമുക്ക് എന്നും ഇഷ്ടം. ഇന്നത്തെ ഓണത്തെ കുറിച്ച് വ്യാകുലരാവുകയും നാളെ ഓണമുണ്ടാവില്ലെന്ന് ഓര്‍ത്ത് നെടുവീര്‍പ്പിടുകയും ചെയ്യുന്ന നമ്മള്‍ പിന്നെയും പിന്നെയും ഓണമാഘോഷിച്ചു കൊണ്ടേയിരിക്കുന്നു.
“ഓണത്തിന് നിറയെ ചോറ് കിട്ടും കൊച്ചേ” ഓണത്തിന് എന്തു ചെയ്യുമെന്ന എന്റെ ചേദ്യത്തിന് കുട്ടപ്പന്റെ മറുപടി ഇതായിരുന്നു. എല്ലാ കുട്ടികളെയും കുട്ടപ്പന്‍ കൊച്ചേ എന്ന് വിളിച്ചു. ആരോരുമില്ലാത്തവനായിരുന്നു കുട്ടപ്പന്‍. എന്തുകൊണ്ടോ എന്റെ നാട്ടുകാര്‍ അവനെ ചെമ്മരി കുട്ടപ്പന്‍ എന്ന് വിളിച്ചു. മാവില്‍ കയറാനും വിറക് കീറാനും വെള്ളം കോരാനും ചെമ്മരി ഓടിയെത്തും. വയറ് നിറയെ ഭക്ഷണവും ഒന്നോ രണ്ടോ രൂപയുമാണ് കൂലി. എവിടെങ്കിലും കിടന്നുറങ്ങും.
എന്റെ അപ്പൂപ്പന്‍ ഒരു പൊതുപ്രവര്‍ത്തകനായിരുന്നു. ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ എത്തിയതിന് ശേഷമായിരിക്കും പ്രധാനപ്പെട്ട കത്തോ എന്തെങ്കിലും എടുക്കാന്‍ മറന്നത് ഓര്‍മ്മിക്കുന്നത്. കടത്തിണ്ണയില്‍ ഇരിക്കുന്ന ചെമ്മരിയുടെ കൈയില്‍ കുറിപ്പ് കൊടുത്ത് വിടും. കുറിപ്പുമായി കിതച്ചെത്തുന്ന ചെമ്മരി അപ്പൂപ്പന്‍ മറന്ന സാധനവുമായി ബസ് സ്റ്റോപ്പിലേക്ക് കുതിക്കും. ഇത് മാത്രമായിരുന്നു ചെമ്മരിക്ക് എന്റെ വീട്ടുകാര്‍ കൊടുത്തിരുന്ന ജോലി. ഓണത്തിന് കൃത്യമായി ചെമ്മരി എത്തും, പുതിയ തോര്‍ത്തോ മുണ്ടോ കൊടുക്കുന്നത് സന്തോഷത്തോടെ വാങ്ങി വയറ് നിറയെ ചോറും കഴിച്ച് മടങ്ങും. ചെമ്മരി ആരോടും സംസാരിക്കാറില്ല, അഥവാ സംസാരിക്കുന്നത് തന്നെ അവ്യക്തമായ ശബ്ദത്തിലാണ്.
എല്ലാ ഓണത്തിനും പല വീടുകളില്‍ നിന്നും മുണ്ടും തോര്‍ത്തുമൊക്കെ കിട്ടുമെങ്കിലും എന്നും മുഷിഞ്ഞ വേഷത്തിലേ ഞാന്‍ ചെമ്മരിയെ കണ്ടിട്ടുള്ളു. ഇറക്കം കുറഞ്ഞ ഒരു പാന്റും ഒരു പഴഞ്ചന്‍ ഷര്‍ട്ടുമായിരുന്നു സ്ഥിരം വേഷം.
ഓണത്തിന് തോലുമാടന്‍ വരുന്ന പതിവ് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. കരിഞ്ഞ വാഴയിലകള്‍ വാരിച്ചുറ്റി പാളയില്‍ മുഖം മൂടി വച്ച് ഒരാള്‍ തോല് മാടനാവും. തലയില്‍ തോര്‍ത്ത് കെട്ടിയിരിക്കും. കൂടെ വരുന്ന കുട്ടികള്‍ പാട്ടയില്‍ താളമിടുമ്പോള്‍ തോല് മാടന്‍ ഓരോ വീടിന്റെയും മുറ്റത്ത് തുള്ളിച്ചാടും. ഒരു ഓണത്തിന് കുട്ടികള്‍ തോല് മാടനാവാന്‍ ചെമ്മരിയെ തിരഞ്ഞെടുത്തു. നിറയെ ചോറ് കൊടുക്കാമെന്നതായിരുന്നു വാഗ്ദാനം. പക്ഷേ തോല് കെട്ടി റെഡിയായി നിന്ന ചെമ്മരി ഓരോ വീടിന്റെയും മുറ്റത്ത് ചെല്ലുമ്പോള്‍ താളത്തിന് അനുസരിച്ച് തുള്ളിയില്ല, കരിങ്കല്ലിന് കാറ്റ് പിടിച്ച പോലെ നിന്നു. കുട്ടികള്‍ ആര്‍പ്പ് വിളിക്കുമ്പോഴും ചെമ്മരി കേട്ട ഭാവം നടിച്ചില്ല. മടുത്തുപോയ കുട്ടികള്‍ അവന്റെ മുഖം മൂടി അഴിച്ചു മാറ്റി. മുഖം മൂടി മാറിയതും തല ഒന്ന് കുടഞ്ഞ് ചോറ് ചോറ് എന്നായിരുന്നു ചെമ്മരി പറഞ്ഞത്.
ചെമ്മരിയെ ആളുകള്‍ ആട്ടിയോടിക്കുന്നത് ഒരേ ഒരു കാര്യത്തില്‍ മാത്രമാണ്. കടകളിലും വീടുകളിലും ചെന്നാല്‍ ചെമ്മരി അരി ചോദിക്കും. വെറും അരി വാ നിറയെ തിന്നും.
പിന്നീട് എപ്പോഴോ ചെമ്മരി എന്റെ ഓര്‍മയില്‍ നിന്നും മാഞ്ഞു പോയി. വളരെ നാളുകള്‍ക്ക് ശേഷം ചെമ്മരിയുടെ മരണവാര്‍ത്ത ഒരു നാട്ടുകാരന്‍ പറഞ്ഞ് അറിഞ്ഞു. കുടലില്‍ ക്യാന്‍സറായിരുന്നു. ചെമ്മരി കിടന്ന ഒരു കൊച്ചു വീടിന്റെ ചായ്പില്‍ എല്ലാ ഓണത്തിനുമായി കിട്ടിയ മുണ്ടുകള്‍ അടുക്കി വച്ചിരുന്നു. അവ ചെമ്മരി ഉപയോഗിച്ചിരുന്നില്ല. എന്നെങ്കിലും മറ്റുള്ളവരുടെ പോലെയുള്ള ഒരു ജീവിതം തനിക്കുണ്ടാകുമെന്നും അന്ന് ധരിക്കാമെന്നും കരുതിയാവുമോ ചെമ്മരി അതൊക്കെ സൂക്ഷിച്ചു വച്ചത്? “ഓണത്തിന് നെറയെ ചോറ് കിട്ടും കൊച്ചേ…”ചെമ്മരിയുടെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
നമ്മുടെ എല്ലാം സ്മരണയില്‍ ഓണം ഇങ്ങനെ ഓരോ വ്യക്തികളുമായും സംഭവങ്ങളുമായി കെട്ടുപിണഞ്ഞിട്ടുണ്ടാകും. കൊയ്ത്തും മെതിയുമെല്ലാം പതുക്കെ പതുക്കെ ഇല്ലാതാവുന്ന കാലത്ത് ഓണം ഇങ്ങനെയൊക്കെ മാത്രമാകും നമ്മുടെ ജീവിതത്തില്‍ അവശേഷിക്കുക. എല്ലാ ഓണത്തിനും ആ നാട്ടിന്‍പുറത്തെ ഏറ്റവും നീളം കൂടിയ ഊഞ്ഞാല്‍ ഞങ്ങളുടെ വീടിന് മുന്നിലെ കൂറ്റന്‍ പുളിമരത്തില്‍ കെട്ടുന്നതാണ്. ചുറ്റുവട്ടത്തുള്ള കുട്ടികളെല്ലാം ആടാന്‍ എത്തും. ആ വലിയ മരത്തില്‍ കയറി ഊഞ്ഞാലിട്ടു തന്നിരുന്നത് ഞങ്ങളുടെ സ്ഥിരം പണിക്കാരനായിരുന്ന ശ്രീധരനായിരുന്നു. ശ്രീധരന് വയസായി, കൂലിപ്പണിയൊക്കെ മതിയാക്കി. ഓണത്തിന് ഞങ്ങളുടെ നാട്ടിന്‍പുറത്ത് സംഘടിപ്പിച്ചിരുന്ന കമുകില്‍ കയറ്റം പോലുള്ള മത്സരങ്ങള്‍ക്ക് സ്ഥിരം പങ്കാളിയായിരുന്ന തങ്കരാജന്‍ മരിച്ചുപോയി. ഓണത്തിന് വല്ലപ്പോഴും കഥാപ്രസംഗം നടത്തിയിരുന്ന ലക്ഷ്മണന്‍ ഭാഗവതരും യാത്രയായി. സംഗീതത്തെ ഒരുപാട് സ്‌നേഹിച്ചിരുന്ന ഭാഗവതര്‍ മക്കള്‍ക്ക് ബാലമുരളീകൃഷ്ണ, സൗന്ദരരാജന്‍, ഗീത എന്നിങ്ങനെയുള്ള പേരുകളാണ് നല്‍കിയിരുന്നത്. ഭാഗവതരുടെ മരണ ശേഷം അവര്‍ മതം മാറി ക്രിസ്ത്യാനികളായി. സംഗീതാത്മകമായിരുന്ന അവരുടെ പേരും മാറിയിട്ടുണ്ടാവും. കാലത്തിന്റെ മാറ്റം പോലെ മനുഷ്യരും നാടും മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന കാലത്തിലും ഓണം പിന്നെയും പിന്നെയും മനസുകളിലെ ഉത്സവമായി അവശേഷിക്കും.
കവി പാടിയ പോലെ ഋതുകന്യ പെയ്യുന്ന നിറമെല്ലാം മാഞ്ഞാലും ഹൃദയത്തില്‍ പൊന്നോണം തുടരും.