Connect with us

Articles

ഭക്ഷ്യ സുരക്ഷാ ബില്ലും കടക്കെണിയും

Published

|

Last Updated

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ 2013- 14 വര്‍ഷത്തിലെ പുതുക്കിയ കണക്കനുസരിച്ച് ആദ്യ പാദത്തില്‍ 85,584 കോടി രൂപയും അവസാന പാദത്തില്‍ 92,060 കോടി രൂപയും സബ്‌സിഡി ആയി നല്‍കാന്‍ ആവശ്യമായി വരും. ധാന്യ സബ്‌സിഡി വിതരണത്തിലെ അഴിമതി നിയന്ത്രിക്കുക സര്‍ക്കാറിന് സാധ്യമല്ലെന്നതാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിലെ പ്രധാന പ്രശ്‌നം. പദ്ധതിയുടെ ആദ്യ പാദത്തില്‍ വിതരണത്തിന് 6.876 കോടി ടണ്ണും അവസാന പാദത്തില്‍ 7.398 കോടി ടണ്ണും ധാന്യശേഖരണം നടത്തണം. ഇന്ത്യയില്‍ നമുക്ക് അനുമാനിക്കാവുന്നതിലും അപ്പുറം ധാന്യ ഉത്പാദനം നടക്കുകയാണെങ്കില്‍ മാത്രമേ ഇത്രയേറെ ദശലക്ഷം ടണ്‍ ധാന്യ ശേഖരണം നടക്കുകയുള്ളൂ. ഇത് നടന്നില്ലെങ്കില്‍ ധാന്യം ഇറക്കുമതി ചെയ്യണം. ഇതിന്റെ വായ്പക്കായി ബഹുരാഷ്ട്ര കുത്തകക്കാരെ ആശ്രയിക്കേണ്ടതായി വരും. സബ്‌സിഡി നല്‍കുന്നതിനായി പണം കണ്ടെത്താനും രാജ്യത്തിന് ലോക ബേങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ ഭീമന്മാരെ പരിധിവിട്ട് ആശ്രയിക്കേണ്ടതായി വരും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം താറുമാറാക്കും. ധാന്യ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുമ്പോള്‍ വന്‍ തുക ചെലവഴിച്ച് ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ ധാന്യ കച്ചവട രംഗം ധാന്യപ്പെരുപ്പത്തിലെത്തിപ്പെടും. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ശരിയായ വില നല്‍കാതെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന കൃത്രിമ അവസ്ഥ സൃഷ്ടിക്കപ്പെടും. ഭീമമായ കമ്മീഷന്റെ പിന്‍ബലത്താല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ധാന്യ വിപണിയായി ഇന്ത്യയുടെ പ്രാദേശിക കമ്പോളങ്ങള്‍ വഴിമാറും. പാവപ്പെട്ടവന് നിസ്സാര വിലക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിയും ഗോതമ്പും പയറും വരെ വിപണികളില്‍ വില്‍ക്കപ്പെടും. പാവപ്പെട്ടവര്‍ക്ക് പട്ടിണി മാറ്റുന്നതിനും സമീകൃത ആഹാരം നല്‍കുന്നതിനും വേണ്ടി നടപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാളിപ്പോകുന്ന അവസ്ഥ സംജാതമാകും. നിലവിലുള്ള കാര്‍ഷിക രംഗം തളര്‍ത്തി, നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ലക്ഷ്യം വെക്കുന്നത് 2014 ലെ പാര്‍ലിമെന്റ് പൊതു തിരഞ്ഞെടുപ്പാണെന്നത് വിവേകമുള്ളവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. രൂപക്ക് ഡോളറിനേക്കാള്‍ ഏറ്റവും കുറഞ്ഞ വില എത്തിനില്‍ക്കുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ധനകാര്യ അച്ചടക്ക നടപടികളും ആവശ്യമുള്ള ഈ സമയത്ത് ഭരണ നേതൃത്വം മുന്നോട്ടു വെച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം തികഞ്ഞ കാപട്യമായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി സബ്‌സിഡികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാത്ത സര്‍ക്കാര്‍ ദിനംപ്രതി ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക രാജ്യമെമ്പാടും പടര്‍ന്നുകഴിഞ്ഞു. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഉത്തേജക പാക്കേജുകള്‍ക്ക് പകരം രാജ്യത്തിന് കടുത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയായ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് രണ്ടാം യു പി എ സര്‍ക്കാര്‍. കടം വാങ്ങി സബ്‌സിഡി നല്‍കേണ്ട അവസ്ഥ. കല്‍ക്കരി കുംഭകോണം, ടു ജി സ്‌പെക്ട്രം അഴിമതി, ആദര്‍ശ് ഫഌറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങിയ ലക്ഷം കോടികളുടെ അഴിമതികള്‍ നടത്തി ഭരണകക്ഷിയുടെ മന്ത്രിമാര്‍ പോലും ജയിലിലായ ഒരു ഭരണ കാലഘട്ടം ഇന്ത്യാ ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇത്തരം അഴിമതികള്‍ക്ക് വീണ്ടും കളമൊരുക്കുന്നതായിരിക്കും ഒരു പക്ഷേ ഈ പുതിയ പദ്ധതിയുടെ പുറത്തറിയിക്കാത്ത ലക്ഷ്യം. ധനക്കമ്മിയും സാമ്പത്തിക നിയന്ത്രണങ്ങളും എക്കാലവും ആദ്യം ബാധിക്കുക സബ്‌സിഡികളെയായിരിക്കും. അതുകൊണ്ടു തന്നെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കലായിരിക്കും പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാറിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന പോംവഴി. ഇതോടെ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ശോഭ നഷ്ടപ്പെടും. വോട്ട് നേടിക്കഴിഞ്ഞാല്‍ ഏതൊരു ജനാധിപത്യ സര്‍ക്കാറിനേയും പോലെ ഭരണകൂടം ജനങ്ങളെ മറക്കും. പിന്നെ അടുത്ത തിരഞ്ഞെടുപ്പ് വരെ ഭക്ഷ്യ സുരക്ഷാ നിയമം ശീതീകരിക്കപ്പെടും.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 1.3 ലക്ഷം കോടി രൂപയെങ്കിലും ഖജനാവില്‍ നിന്ന് ചോരും. ഒന്നാം വര്‍ഷം ചെലവ് 949.73 ശതകോടിയാണ്. ഈ നിയമം വഴി ഭക്ഷണം പൗരന്റെ നിയമപരമായ അവകാശമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. “പട്ടിണി കിടക്കുന്നവന്‍ കോടതിയില്‍ പോയി വാദിച്ച് ജയിച്ചാല്‍ മാത്രം ഭക്ഷണം” എന്നത് വളരെ ക്രൂരമാണ്. ഏതെങ്കിലും കാരണവശാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാതെ പോയാല്‍ ആ മനുഷ്യന് കോടതി കയറിയിറങ്ങാനേ നേരം കാണൂ. ധാന്യം ഉണ്ടാക്കാന്‍ പ്രോത്സാഹനം നല്‍കാതെ, കൃഷി ചെയ്യാനുള്ള പ്രാപ്തിയും കഴിവും പ്രാവീണ്യവും ഭൂമിയും നല്‍കാതെ ഭക്ഷണം കൊടുത്ത് ജനങ്ങളെ മടിയന്മാരും അലസന്മാരുമാക്കുന്ന ഈ നിയമം രാജ്യത്തെ കടക്കെണിയിലും ധാന്യ ഉത്പാദനത്തില്‍ ലോക നിലവാരത്തേക്കാള്‍ ഇന്ത്യയെ പിറകിലും എത്തിക്കും. കൃഷിഭൂമികള്‍ കര്‍ഷകരില്‍ നിന്നും സ്വകാര്യ സംരംഭകരുടെ കൈയില്‍ ക്രമേണ എത്തിക്കുന്ന നിയമമാണ് 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമം. കാര്‍ഷിക വൃത്തിയിലുള്ള താത്പര്യം കുറക്കുന്ന ഭക്ഷ്യധാന്യ വിതരണ പദ്ധതി കൂടുതല്‍ ബി പി എല്ലുകാരെ സൃഷ്ടിക്കും. ഭാരതീയ കര്‍ഷകന് കൃഷി എന്നത് ജോലിയും ഭക്ഷണവും പണവുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതാണ് സര്‍ക്കാറിന്റെ തെറ്റായതും സാമ്പത്തിക തകര്‍ച്ച നേരിടുന്നതുമായ അസമയത്ത് നടപ്പാക്കി കാര്‍ഷിക രംഗം തകര്‍ക്കാന്‍ പോകുന്നത്. കാര്‍ഷിക മേഖലയിലെ ഉന്നമനത്തിനും കൃഷിക്കും വേണ്ട വായ്പ ബേങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും നല്‍കാന്‍ ആഹ്വാനം ചെയ്ത് സര്‍ക്കാര്‍ കര്‍ഷകരുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വേണ്ടത്ര വില നല്‍കാതെയും കൃഷിനാശം സംഭവിക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം സമയത്ത് നല്‍കാതെയും വിത്തിനും വളത്തിനും നിലവിലുള്ള സബ്‌സിഡികള്‍ വെട്ടിക്കുറച്ചും കാര്‍ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതിരിക്കാനുള്ള ഉപാധികള്‍ ഒരുക്കാതെയും കാര്യമാത്രപ്രസക്തമായി സംഭരണ ശാലകള്‍ നിര്‍മിക്കാതെയും കര്‍ഷകന്റെ ജീവിതം സര്‍ക്കാര്‍ കൂടുതല്‍ ദുസ്സഹമാക്കുകയാണ്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വര്‍ധനവ് നടത്താതെയും കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിന് മുഖ്യ പ്രാധാന്യം നല്‍കാതെയും കടക്കെണിയിലായ കര്‍ഷകന്റെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയും നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം കര്‍ഷകന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ഈ നിയമത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഉണ്ടാകാന്‍ പോകുന്ന ധാന്യസംഭരണശാലകളുടെ നിര്‍മാണം അഴിമതിയുടെ കൂത്തരങ്ങായി മാറും.

രാജ്യത്തെ 80 കോടി പേര്‍ക്ക് ഈ നിയമം ഗുണം ചെയ്യുമെന്നു പറയുന്ന സര്‍ക്കാര്‍ വാദം കടലാസിലൊതുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും ദാരിദ്ര്യവും പട്ടിണിയും മാറുമെന്നും ദരിദ്രരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കഴിയുമെന്നും പറയുന്നത് കഴിഞ്ഞ 10 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച അഴിമതി മൂലം സാമ്പത്തിക തകര്‍ച്ചയിലെത്തിച്ച ഒരു സര്‍ക്കാറാണെന്നതാണ് കാര്യങ്ങള്‍ അവിശ്വസനീയമാക്കുന്നത്. 2011 ലെ ആഗോള ദാരിദ്ര്യ ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയിലെ ഈ സൂചിക 22.9ല്‍ നിന്നും 23.7 ലേക്ക് ഉയരുകയാണ് ചെയ്തത്. എന്നാല്‍, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, വിയറ്റ്‌നാം, കെനിയ, മ്യാന്‍മാര്‍, ഉഗാണ്ട, സിംബാംബ്‌വെ എന്നീ രാജ്യങ്ങളില്‍ പോലും ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് താഴ്ന്നപ്പോള്‍ ഇന്ത്യയില്‍ ഉയരുകയാണ് ചെയ്തത്. കഴിഞ്ഞ ഒരു ദശകം ഭരിച്ച സര്‍ക്കാറിന്റെ വന്‍ “നേട്ടം” ഇനിയിപ്പോള്‍ 2014 ലെ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വഴി ദാരിദ്ര്യ ഉച്ചാടനം നടത്തുമെന്ന ഗീര്‍വാണമായിരിക്കും. ഇത് ദഹിക്കാന്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നു മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കൃഷിയോഗ്യമായ ഭൂമിയുടെ അളവ് 0.43 ശതമാനം കണ്ട് കുറഞ്ഞു കഴിഞ്ഞു. ഇന്നത് 182.39 ദശലക്ഷം ഹെക്ടറായി ചുരുങ്ങിയതിന് കാരണം വികസനത്തിന്റെ പേരില്‍ റോഡുകള്‍, റെയിലുകള്‍, കെട്ടിടങ്ങള്‍, വ്യവസായങ്ങള്‍ എന്നിവക്കായി കൃഷിഭൂമികള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു എന്നതുതന്നെയാണ്. 2008-09 കാലഘട്ടത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് കൃഷിഭൂമിയില്‍ 0.80 ദശലക്ഷം ഹെക്ടറിന്റെ കുറവാണ് സംഭവിച്ചത്. വിളവ് വര്‍ധിപ്പിച്ച് ധാന്യശേഖരണം നടത്തി കര്‍ഷകരില്‍ നിന്നും 18 രൂപക്ക് നെല്ല് വാങ്ങി സബിസിഡിയായി 16 രൂപ നല്‍കി രണ്ട് രൂപക്കും മൂന്ന് രൂപക്കും മുന്‍ഗണനാ വിഭാഗത്തിന് അരി നല്‍കുമെന്നാണ് ഭക്ഷ്യ സുരക്ഷാ ബില്ലില്‍ പറയുന്നത്. സര്‍ക്കാര്‍ വാദിക്കുന്നത് പ്രതിവര്‍ഷം 62 ദശലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യാനായി 24 ശതകോടി രൂപ ചെലവാക്കുമെന്നാണ്. നിലവിലെ സ്ഥിതിയും ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യാഖ്യാനങ്ങളും പൊരുത്തപ്പെട്ടു പോരുന്നില്ലെന്നതാണ് വാസ്തവം. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ സംഭവിച്ചതുപോലെ മധ്യവര്‍ത്തികളും ഇടനിലക്കാരും അര്‍ഹരായവരുടെ കൂലി തട്ടിയെടുത്തതുപോലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലും ഇടനിലക്കാരും ഉദ്യോഗസ്ഥരും സബ്‌സിഡി തട്ടിയെടുക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്.

വാഷിംഗ്ടണ്‍ ആസ്ഥാനമായി സ്ഥാപിതമായ അന്തര്‍ദേശീയ ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും അധികം ദൂരം മുന്നോട്ട് പോകാനായിട്ടില്ലെന്നാണ്. ഇവ രണ്ടും ഇന്ത്യയുടെ ബാധ്യതകളായി ഇന്നും പിന്തുടരുന്നുവെന്നാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ആളുകളുടെ ശരാശരി പ്രതിദിന വരുമാനം 14.3 രൂപയും പട്ടണങ്ങളില്‍ 21.6 രൂപയുമാണെന്നാണ് ലോക ബേങ്ക് വ്യക്തമാക്കുന്നത.് അഞ്ച് വയസ്സില്‍ താഴെയുള്ള 42 ശതമാനം ഇന്ത്യന്‍ കുട്ടികളും ലോക ശരാശരിയേക്കാള്‍ പോഷകാഹാരക്കുറവ് മൂലം തൂക്കക്കുറവുള്ളവരാണത്രെ. ഇന്ത്യയിലെ 37 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന. ടെന്‍ഡുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗീകരിച്ചു കഴിഞ്ഞു. യു പി എ സര്‍ക്കാര്‍ 10 വര്‍ഷത്തോളം ഭരിച്ചതിന്റെ ബാക്കിപത്രമാണിത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ ഭക്ഷ്യ ഉത്പാദനം, ഭക്ഷ്യ വിതരണം, ഭക്ഷ്യ സംഭരണം എന്നീ കാതലായ കാര്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകണം. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് അഞ്ച് കിലോ അരി മൂന്ന് രൂപ വെച്ചും ഗോതമ്പ് കിലോക്ക് രണ്ട് രൂപാ നിരക്കിലും പയര്‍ കിലോക്ക് ഒരു രൂപ നിരക്കിലും ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേരളത്തില്‍ അര്‍ഹതപ്പെട്ട 46 ശതമാനം പേര്‍ക്ക് മൂന്ന് രൂപക്ക് അഞ്ച് കിലോ അരി ലഭിക്കും. ബാക്കി 54 ശതമാനം പേര്‍ക്ക് എ പി എല്‍ നിരക്കായ 8.90 രൂപക്ക് അരി ലഭിക്കുവാന്‍ നിയമ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം സമ്മതിച്ചതായി കേരള മുഖ്യമന്ത്രി അവകാശപ്പെടുന്നു. 38 ലക്ഷം ടണ്‍ അരി ആവശ്യമുള്ള സംസ്ഥാനത്തെ ആകെ നെല്ല് ഉത്പാദനം ആറ് ലക്ഷം ടണ്‍ മാത്രമാണ്. നമ്മുടെ അരിയാവശ്യത്തിന്റെ 84 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ലഭിക്കുന്നത്. ഒട്ടനവധി പഴുതുകളും, അഴിമതി സാധ്യതകളുമുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം 2013 പ്രായോഗികമായി വിജയം കാണണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇച്ചാശക്തിയും സംസ്ഥാന സര്‍ക്കാറുകളുടെ ആത്മാര്‍ഥമായ സഹകരണവും ഉണ്ടാകണം. ഇത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു പോലെയുമാണ്. രാജ്യത്തെ കടക്കെണിയിലാക്കാത്തതും കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതുമായ ഒരു ഭക്ഷ്യ നയമില്ലാതെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുക എളുപ്പമല്ല.

---- facebook comment plugin here -----

Latest