Articles
മര്‍കസ് നോളജ് സിറ്റി: വൈജ്ഞാനിക മുന്നേറ്റത്തിന് പുതിയ നാഴികക്കല്ല്

അറിവിന്റെ ലോകം അന്യമായിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസം ജന്മാവകാശം പോലെ സാര്‍വത്രികമാക്കിയ ചരിത്ര പാഠങ്ങളാണ് 1978 ല്‍ ആരംഭിച്ച മര്‍കസിന് പറയാനുള്ളത്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍, അശരണര്‍ക്കു വേണ്ടി ആരംഭിച്ച ഒരു അനാഥാലയത്തില്‍ നിന്ന് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും യു എ ഇ, സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമായി 50 ല്‍ പരം ക്യാമ്പസുകളും നൂറോളം സ്ഥാപനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് ഒരു സാംസ്‌കാരിക ചിഹ്നമായി രൂപപ്പെട്ടു കഴിഞ്ഞു.
“ധാര്‍മികാന്തരീക്ഷത്തില്‍ ഉന്നത വിദ്യാഭ്യാസം; സാംസ്‌കാരിക ജീവിതം” എന്ന സങ്കല്‍പ്പമാണ് വിദേശ വിദ്യാര്‍ഥികളെയടക്കം മര്‍കസിലേക്ക് ആകര്‍ഷിച്ചത്. ഇതില്‍ നിന്നാണ് ആധുനിക ജീവിത വ്യവഹാരങ്ങളോടും വിദ്യാഭ്യാസ രീതിയോടും സംവദിക്കുന്ന വൈജ്ഞാനിക നഗരം എന്ന ആശയം രൂപപ്പെടുന്നത്. തക്ഷശില, ബഗ്ദാദ്, ഏതന്‍സ്, മദീന മുനവ്വറ: വൈജ്ഞാനിക നഗരവത്കരണ ചരിത്രത്തിന്റെ പുതിയ പിന്തുടര്‍ച്ചയാണ് മര്‍കസ് നോളജ് സിറ്റി.
അറിവ്, ആരോഗ്യം, വാസം, വ്യാപാരം തുടങ്ങി സാമൂഹിക വിനിമയത്തിന്റെ സര്‍വ മേഖലകളും നോളജ് സിറ്റി അനാവരണം ചെയ്യുന്നു. ഹരിതാഭമായ പ്രകൃതിയുടെ താഴ്‌വരയില്‍ പടുത്തുയര്‍ത്തുന്ന വൈജ്ഞാനിക നഗരത്തില്‍ ഹെല്‍ത്ത് കെയര്‍ സിറ്റി, എജു സിറ്റി, സൈബോ ലാന്‍ഡ് ഐ ടി സോണ്‍, ത്വയ്ബ ഗാര്‍ഡന്‍സ് റെസിഡന്‍ഷ്യല്‍ സോണ്‍, കമേഴ്‌സ്യല്‍ എലമന്റ്‌സ് തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്നത്.
2500 മത വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന ഗവേഷണ സൗകര്യങ്ങളും ഹെരിറ്റേജ് മ്യൂസിയവുമടങ്ങിയ ശരീഅ: സിറ്റി, കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, കോളജ് ഓഫ് ലോ, എം ഐ ടി, സ്‌പെഷ്യല്‍ സ്‌കൂള്‍, ഗ്ലോബല്‍ സ്‌കൂള്‍ തുടങ്ങിയവയാണ് എജ്യുസിറ്റിയില്‍ രൂപകല്‍പ്പന ചെയ്യുന്നത്.
എന്‍ജിനിയറിംഗ് മേഖലയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രാപ്യമാം വിധം പഠന താമസ സൗകര്യങ്ങളോടു കൂടിയ ഒരു സമ്പൂര്‍ണ സ്ഥാപനമായിരിക്കും എം ഐ ടി. ന്യൂ ജനറേഷന്‍ കോഴ്‌സുകളും വിദഗ്ധരടങ്ങുന്ന ഫാക്കല്‍ട്ടികളുമായിരിക്കും എന്‍ജിനിയറിംഗ് കോളജിന്റെ സവിശേഷത. ആതുര സേവനം സാമൂഹിക ബാധ്യതയും മാനുഷിക ധര്‍മവുമാണ്. സേവന തത്പരതയോടെ ആതുര ശുശ്രൂഷയെ സമീപിക്കുക എന്നതിനോടൊപ്പം മെഡിക്കല്‍ രംഗത്തെ വ്യത്യസ്ത ശാഖകള്‍ സമന്വയിപ്പിച്ച് ഉന്നത പഠന കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് മര്‍കസ് ഹെല്‍ത്ത് കെയര്‍ സിറ്റി.
യൂനാനി വൈദ്യ ശാസ്ത്ര പഠനത്തിനും ചികിത്സക്കുമായി കേരളത്തില്‍ ഇദംപ്രഥമമായി ആരംഭിക്കുന്ന സ്ഥാപനമാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്. സമാന്തര വൈദ്യശാസ്ത്ര രംഗത്ത് ഇതിനകം സ്വീകാര്യത വര്‍ധിച്ച യൂനാനി ഗവേഷണത്തിനും ചികിത്സക്കുമായി മികച്ച സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളുമായി യൂനാനി മെഡിക്കല്‍ കോളജ് & മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ മുഖ്യ ഘടകങ്ങളില്‍ ഒന്നാകും.
ഇരുപത്താറ് സ്‌കൂളുകള്‍ നേരിട്ട് നടത്തിയും മുന്നൂറില്‍ പരം സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും പരിചയസമ്പത്തുള്ള മര്‍കസ് വിഭാവനം ചെയ്യുന്ന തികച്ചും നൂതനവും സാങ്കേതികവുമായ സൗകര്യങ്ങളടങ്ങിയ ഗ്ലോബല്‍ സ്‌കൂള്‍ മിടുക്കരായ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നോളജ് സിറ്റിയുടെ നാമം ചരിത്രത്തോട് ചേര്‍ത്തു വെക്കും
വിവര സാങ്കേതിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം നടത്തി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണം ലഭ്യമാക്കി ഇന്ത്യയിലെ പ്രൊഫഷനലുകള്‍ക്കും സാധാരണക്കാര്‍ക്കും മികച്ച തൊഴില്‍ അവസരങ്ങളും ബിസിനസ്സ് സാഹചര്യങ്ങളുമൊരുക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് മര്‍കസ് സൈബോ ലാന്‍ഡ് ഐ ടി പാര്‍ക്ക് പദ്ധതി. നോളജ് സിറ്റിയുടെ 25 ശതമാനം ഉപയോഗപ്പെടുത്തുന്ന സൈബോ ലാന്‍ഡിലൂടെ ഏകദേശം 35,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
പ്രത്യേക പരിചരണം ആവശ്യമുള്ള വിദ്യാര്‍ഥികളെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും കാരുണ്യത്തിന്റെ കൈത്താങ്ങ് നല്‍കി പഠന സംവിധാനങ്ങളൊരുക്കുന്നതിനും ലക്ഷ്യം വെച്ച് മര്‍കസ് സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡഡ് & മെന്റലി ചാലഞ്ച്ഡ് ഏറ്റവും നൂതന സൗകര്യങ്ങളോടെ നോളജ് സിറ്റിയുടെ ഭാഗമാകുന്നു.
ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ധാര്‍മിക അന്തരീക്ഷത്തില്‍ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് പ്രവിശാലമായ ക്യാമ്പസില്‍ തന്നെ താമസ സൗകര്യമൊരുക്കുക എന്നത് നോളജ് സിറ്റിയുടെ മുഖ്യ ലക്ഷ്യമാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം ഹോസ്റ്റലുകള്‍ക്ക് പുറമെ കുടുംബവുമൊത്ത് താമസിക്കുന്നതിന് പ്രവിശാലമായ ത്വയ്ബ ഗാര്‍ഡന്‍സ് റസിഡന്‍ഷ്യല്‍ സോണ്‍ നോളജ് സിറ്റി വിഭാവനം ചെയ്യുന്നു. എട്ട് റസിഡന്‍ഷ്യല്‍ ടവറുകളിലായി 1000 കുടുംബങ്ങള്‍ക്ക് ഇവിടെ താമസ സൗകര്യം ഉണ്ടായിരിക്കും.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പാര്‍ക്കുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, മസ്ജിദ് മറ്റു അനുബന്ധ സൗകര്യങ്ങളും ഈ ബൃഹത് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നോളജ് സിറ്റി യാഥാര്‍ഥ്യമാക്കാനുള്ള അക്ഷീണ യത്‌നത്തിലാണ് മര്‍കസും സഹകാരികളും. ദക്ഷിണേന്ത്യയെ ആഗോള വൈജ്ഞാനിക ഭൂപടത്തിലെ നിത്യഹരിത താഴ്‌വരയാക്കിമാറ്റാന്‍ ഈ വൈജ്ഞാനിക മുന്നേറ്റത്തില്‍ ശൈഖ് അബൂബക്കര്‍ അഹ്മദിനൊപ്പം, മര്‍കസിനൊപ്പം, കൈകോര്‍ക്കുക.
mahashari@gmail.com