National
കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചുതുടങ്ങി
ഗുപ്ത്കാശി: ഉത്തരാഖണ്ഡിലെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കേദാര്‍നാഥില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു തുടങ്ങി. മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ പരത്തുന്നതിന് ഇടയാക്കുമെന്ന ഭിതിയെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ അതത് സഥലങ്ങളില്‍ തന്നെ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ കേദാര്‍നാഥില്‍ 18 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി ഡി ഐ ജി സഞ്ജയ് ഗുന്ജ്യാല്‍ പറഞ്ഞു. തിരിച്ചറിയില്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടം സംസ്‌കരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാലാവസ്ഥ പ്രതികൂലമായത് മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തെ ഇന്നും ബാധിച്ചു. ഇത് സംസ്‌കാരം വൈകാനും ഇടയാക്കും. സംസ്‌കരിക്കുന്നത് വൈകുന്നതോടെ മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ് മേഖലയില്‍ ദുര്‍ഗന്ധവും പരക്കുന്നുണ്ട്. നദീജലം മലിനമാകാന്‍ ഇടയുള്ളതിനാല്‍ ആരും ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



