Connect with us

National

ഇന്റര്‍നെറ്റ് വിവരം ചോര്‍ത്തല്‍: ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയില്‍ നിന്ന് ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. വിവരം ചോര്‍ത്തുന്നതിന് അനുവദിച്ച ഇന്‍ര്‍നെറ്റ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ മുന്‍ നിയമ ഫാക്കല്‍റ്റി ഡീനായ പ്രൊഫ. എസ് എന്‍ സിംഗ് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി ജസ്റ്റിസുമാരായ എ കെ പട്‌നായ്ക്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബഞ്ച് അടുത്തയാഴ്ചയാണ് പരിഗണിക്കുക. ഇത്തരത്തില്‍ യു എസ് ഏജന്‍സിയുടെ വന്‍തോതിലുള്ള വിവരം ചോര്‍ത്തല്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുമെന്നും അതിനാല്‍ പരമോന്നത കോടതി ഇടപെടണമെന്നും ഹരജിക്കാന്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യു എസ് ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ 63 കോടി പേരുടെ വിവരങ്ങളാണ് ഉപയോക്താക്കളുടെ സമ്മതമില്ലാതെ യു എസ് ഏജന്‍സിക്ക് കൈമാറിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും മറ്റ് വിനിമയങ്ങളും യു എസ് ചോര്‍ത്തിയിട്ടുണ്ട്. സ്വകാര്യത ഹനിച്ചുള്ള വന്‍ ചാരപ്രവര്‍ത്തനം രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണം. അഡ്വ. വിരാഗ് ഗുപ്ത മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.

Latest