Articles
ഭാഷയുടെ ശ്രേഷ്ഠപദവിയും നൂറ് കോടി രൂപയും

അങ്ങനെ നമ്മുടെ കേന്ദ്ര സംസ്ഥാന ഭാഷാഗവേഷകന്മാര്‍ വളരെ ബുദ്ധിമുട്ടി ദീര്‍ഘകാലം നടത്തിയ അന്വേഷണഫലമായി നമ്മുടെ മലയാള ഭാഷ ഒരു ശ്രേഷ്ഠഭാഷയാണെന്ന് കണ്ടെത്തിയിരിക്കുന്നു. സകലമാന ഭാഷാസ്‌നേഹികളും ഒത്തുചേര്‍ന്ന് കുമ്മിയടിച്ച് ആഹ്ലാദം പങ്ക് വെക്കുന്ന തിരക്കിലാണ്. നൂറ് കോടി രൂപ വലിയ കാര്യമൊന്നുമല്ലെന്നും ശ്രേഷ്ഠഭാഷാപദവിയെ വെറും നൂറ് കോടി രൂപയില്‍ ഒതുങ്ങുന്ന സാമ്പത്തിക നേട്ടം മാത്രമായിക്കണ്ട് പ്രാധാന്യം കുറച്ചുകാണരുതെന്നും മലയാള സര്‍വകലാശാലാ വി സി ജയകുമാര്‍ സാര്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കുന്നു. നൂറ് കോടി രൂപ ഏറിയാല്‍ മൂന്നോ നാലോ അഖില ലോക മലയാള മാമാങ്കങ്ങള്‍ പോലും നടത്താന്‍ തികയില്ല. അതുകൊണ്ടു മാത്രം മലയാളം രക്ഷപ്പെടാനും പോകുന്നില്ലെന്നു മുന്‍ലോക സമ്മേളനങ്ങള്‍ തെളിയിച്ചതാണ്.
അപ്പോള്‍ പിന്നെ ഈ നൂറ് കോടി എങ്ങനെ ചെലവഴിക്കും എന്ന ആലോചനയാണിപ്പോള്‍ ഭാഷാസ്‌നേഹികളുടെ ഉറക്കം കെടുത്തുന്നത്. മലയാള സര്‍വകലാശാലക്കീ നക്കാപിച്ച കാശു കൊണ്ടു കാര്യമൊന്നുമില്ല. അതിനുള്ള പണം നേരത്തെതന്നെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതാണ്. അപ്പോള്‍ പിന്നെ സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, സാംസ്‌കാരിക വകുപ്പ് എന്നിങ്ങനെ നടുവൊടിഞ്ഞ സര്‍പ്പത്തെ പോലെ ഇഴഞ്ഞുനിങ്ങുന്ന ഭാഷയുടെയും സാഹിത്യത്തിന്റെയും രക്ഷാകര്‍ത്താക്കള്‍ക്ക് തുക വീതിച്ചു കൊടുത്താല്‍ പണി എളുപ്പമായി. മലയാളം ശ്രേഷ്ഠഭാഷയാണെന്നു സമ്മതിച്ചുതരാന്‍ മലയാളത്തിന്റെ ജ്യേഷ്ഠസഹോദരിയായ തമിഴിന് അത്ര സമ്മതമല്ല. തമിഴിന്റെ ഈ കൊച്ചനുജത്തി അത്രക്കങ്ങോട്ടു ഞെളിയേണ്ട എന്നാണ് അവര്‍ പറയുന്നത്. അവര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. ആ കേസിന്റെ വിധിയെ ആശ്രയിച്ചിരിക്കുന്നു നൂറ് കോടി തരണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍. ഇങ്ങനെ ഒരുപാധിക്കു വിധേയമായിട്ടായിരിക്കും ഇപ്പോഴത്തെ ഈ ശ്രേഷ്ഠഭാഷാ പദവി എന്നു കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നൂറ് കോടി കിട്ടട്ടെ, കിട്ടാതിരിക്കട്ടെ, അതിന് മുമ്പ് മലയാളം ഒരു ശ്രേഷ്ഠഭാഷയാണെന്ന് മലയാളികളെത്തന്നെ ബോധ്യപ്പെടുത്താന്‍ എന്താണ് മാര്‍ഗം? അതിന് മലയാളത്തിന്റെ ശ്രേഷ്ഠ പദവി കേന്ദ്രത്തിലെ കാരണവന്മാരെ ബോധ്യപ്പെടുത്താന്‍ സഖാവ് എം എ ബേബിയും ഒ എന്‍ വി കുറുപ്പും സച്ചിദാനന്ദനും സുഗതകുമാരിയും ഒക്കെ നടത്തിയതിന്റെ പതിന്മടങ്ങ് പരിശ്രമം വേണ്ടിവരും. തമിഴകത്തിന്റെയും കന്നടക്കാരന്റെയും അത്രക്കങ്ങോട്ടു പോയില്ലെങ്കിലും അല്‍പ്പസ്വല്പ്പം ആത്മാഭിമാനമൊക്കെ മലയാളിക്കും വെച്ചു പുലര്‍ത്താവുന്നതാണ്. ‘”ജനിക്കുമ്പോള്‍ തന്നെ കുട്ടി ഇംഗ്ലീഷ് പേശിടാന്‍ ഭാര്യ തന്‍ പേറങ്ങ് ഇംഗ്ലണ്ടിലാക്കി ഞാന്‍”’എന്ന് ചെമ്മനം ചാക്കോ മലയാളിയെ പരിഹസിച്ചെങ്കിലും മലയാളി അതുകേട്ട ഭാവം നടിച്ചില്ല.
നമ്മുടെ കുട്ടികള്‍ക്കു മലയാളച്ചുവയുള്ള, മുലപ്പാലിന്റെ മണമുള്ള പേരിടാന്‍ ഇവിടെ ആരും ഒരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. പേരു കേട്ടാല്‍ തന്നെ നാടും നഗരവും ജാതിയും മതവും ഒക്കെ അറിയാവുന്ന ഒരു കാലം നമുക്കു പിന്നിലുണ്ടായിരുന്നു. പുതിയ തലമുറ ആ പാരമ്പര്യം പാടെ ഉപേക്ഷിച്ചിരിക്കുന്നു. മലയാളവും അല്ല ഇംഗ്ലീഷും അല്ല ഹിന്ദിയും അല്ല ആണുമല്ല പെണ്ണുമല്ല എന്ന തരത്തിലുള്ള പേരുകളിലാണ് ഇപ്പോള്‍ മലയാളിക്ക് പ്രിയം. കുട്ടിയുടെ പേര് പട്ടിക്കും പട്ടിക്കിടേണ്ടപേര് കുട്ടിക്കും എന്ന ആക്ഷേപം പറഞ്ഞു പഴകിയ “ക്ലിഷേ” ആയിപ്പോയെങ്കിലും അതിവിടെ ആവര്‍ത്തിക്കുന്നത് ക്ഷമിക്കണം. നമ്മുടെ ബുക് സ്റ്റാളുകളില്‍ മുന്‍നിരയില്‍ വെച്ചിരിക്കുന്ന ഏറെ വില്‍പ്പനയുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ മുഖ്യസ്ഥാനത്ത് വെച്ചിരിക്കുന്ന പുസ്തകം കണ്ടിട്ടില്ലേ? നിങ്ങളുടെ കുട്ടിക്കിടാന്‍ ആയിരം പേരുകള്‍. ഇങ്ങനേയും പുസ്തകം എഴുതി എഴുത്തുകാരനാകാന്‍ മലയാളത്തിലല്ലാതെ മറ്റേതു ഭാഷയിലാണ് കഴിയുക? അണുകുടുംബങ്ങള്‍ ഫാഷനായിക്കൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തില്‍ ഒന്നോ ഏറിയാല്‍ രണ്ടോ കുട്ടികളെ മിക്ക ദമ്പതിമാര്‍ക്കും കാണൂ. ഈ രണ്ട് കുട്ടികള്‍ക്കിടാന്‍ ആയിരം പേരുകള്‍ എന്തിനാ രണ്ട് പേരു പോരേ എന്നൊന്നും ആരും ആലോചിക്കുന്നില്ല. ഉറക്കമിളച്ചിരുന്ന് ഇത്തരം പുസ്തകങ്ങള്‍ മനഃപാഠമാക്കുന്നു. ഒടുവില്‍ തങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ നാളെ ഒരു യുവാവോ യുവതിയോ ഒക്കെ ആയിത്തീരും. അന്നീ പേരു ചൊല്ലി മറ്റുള്ളവര്‍ തങ്ങളെ വിളിക്കുമ്പോള്‍ അവര്‍ക്കു ജാള്യം ഉണ്ടാക്കാത്ത ഒരു പേര് മകനല്ലെങ്കില്‍ മകള്‍ക്കു നല്‍കാന്‍ കഴിയാതെ, കേട്ടാല്‍ നോഷ്യ (ഓക്കാനം) ഉണ്ടാക്കുന്ന എന്തെങ്കിലും പേര് കണ്ടെത്തി കുട്ടികളെ വിളിച്ചു നമ്മുടെ മലയാളി അച്ഛനമ്മമാര്‍ തൃപ്തിപ്പെടുന്നു.
കുട്ടികളുടെ പേര് കാര്യം പോകട്ടെ. അതു തികച്ചും സ്വകാര്യ താത്പര്യങ്ങള്‍ക്കു വിധേയമാണെന്നും വെക്കാം. നമ്മുടെ സ്ഥലപ്പേരിന്മേലും തോന്നിയ പോലെ ആക്രമണം ചിലരൊക്കെ നടത്തി വരുന്നതുകണ്ടില്ലെന്നു നടിക്കാന്‍ ആകുന്നില്ല. മലയാളത്തനിമ വിളിച്ചറിയിച്ചിരുന്ന പല പേരുകളും ആംഗലവത്കരിക്കുന്നത് സ്ഥലവാസികളുടെ അന്തസ്സിന്റെ ലക്ഷണമായി മാറിയിട്ടുണ്ട്. കടിച്ചുപൊട്ടിക്കാന്‍ പറ്റാത്ത ഇംഗ്ലീഷ് വാക്കുകളൊന്നും കിട്ടിയിട്ടില്ലെങ്കില്‍ പഴയ പാമ്പൂരാന്‍പാറ മാര്‍ട്ടിന്‍ റോക്ക് ആയും കാട്ടാറ്റുകര ജോസ് ഗിരിയായും കൂനന്‍കാവ് മേരി ഗിരിയായും ഇങ്ങനെ ഇഷ്ടം പോലെ മാറ്റിമറിച്ചുപയോഗിക്കുന്നതില്‍ യാതൊരു വിധ ജനാധിപത്യ മര്യാദയും പാലിക്കേണ്ടതില്ലെന്ന് വന്നിരിക്കുന്നു. ഈ കൊച്ചുകേരളത്തിന്റെ ഓരോ മുക്കിലും മൂലക്കും ഓരോ പേരുണ്ട്. ആ പേരിനൊരര്‍ഥവും അതിനൊരു ഐതിഹ്യവും ചിലപ്പോള്‍ ചരിത്രവും ഉണ്ട്. അന്വേഷിച്ചു കണ്ടെത്തുന്നതിന് പകരം സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ അവര്‍ക്ക് തോന്നിയ പേരുകള്‍ ഇട്ട് പുതിയ തലമുറയുടെ കണ്ണില്‍ പൊടിയിടുന്നത് ശുദ്ധമായ സംസ്‌കാരരാഹിത്യമാണ്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഇപ്പോള്‍ നമ്മള്‍ ഏതു സ്ഥലത്തൂടെയാണ് കടന്നു പോകുന്നതെന്നു പുറത്തുള്ള ബോര്‍ഡുകള്‍ നോക്കി മനസ്സിലാക്കുക എളുപ്പമല്ല. ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസ്സുകള്‍ എവിടെ നിന്നു വരുന്നു എങ്ങോട്ടു പോകുന്നു ഇതൊക്കെ അറിയണമെങ്കിലും പരസഹായം തേടേണ്ടിവരും. അവരുടെ ഭാഷയല്ലാതെ മറ്റ് സഹായഭാഷകളൊന്നും ഒരു ബോര്‍ഡിലും എഴുതരുതെന്ന വാശി അവര്‍ക്കുണ്ടെന്നു തോന്നും. എന്നാല്‍ കേരളത്തിലോ നമ്മള്‍ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കടകളുടെയും സ്ഥാപനങ്ങളുടെയും മറ്റും പേരുകള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രം എഴുതിയിരിക്കും. അതു സഹിക്കാം. ആ സ്ഥലം ഏതെന്നു മാത്രം ബോര്‍ഡില്‍ കാണില്ല.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ഒക്കെ കിട്ടിയെങ്കിലും വിദ്യാലയങ്ങളില്‍ പ്രഥമ ഭാഷ എന്ന പദവി ഇപ്പോഴും സായിപ്പിന്റെ ഭാഷക്കു തന്നെയാണ്. സി ബി എസ് ഇ സിലബസ് എന്നൊരു കുന്ത്രാണ്ടം ഉള്ളതിനാല്‍ മലയാള നാട്ടിലെ അല്‍പ്പസ്വല്‍പ്പം ബുദ്ധിശക്തിയൊക്കെയുള്ള ഏതു കുട്ടികള്‍ക്കും മലയാളം ഒരക്ഷരം പോലും പഠിക്കാതെ തന്നെ സര്‍വകലാശാലാ ബിരുദത്തിന്റെ കടമ്പകടക്കാം. തമിഴനോ തെലുങ്കനോ കന്നഡക്കാരനോ സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ഒരവസ്ഥയാണിത്. ഈ മണ്ണില്‍ ജീവിച്ച് ഇവിടുത്തെ ഉപ്പും ചോറും ഭക്ഷിക്കുന്നവര്‍ക്ക് ഇവിടുത്തെ ഭാഷ പഠിക്കാതെ ഇവിടെ ഉന്നതോദ്യോഗസ്ഥന്മാരായി വിലസാന്‍ അവസരം ഉണ്ടാക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പഴയ കോളനി വാഴ്ചയുടെ “ഹാങ്ങ് ഓവര്‍” ആകാനേ തരമുള്ളൂ.
ബോധന മാധ്യമം ആണ് മറ്റൊരു കാര്യം. ഇവിടെ ഇപ്പോഴും ബോധന മാധ്യമം ഇംഗ്ലീഷായി തുടരുന്നു. കഴിയുമെങ്കില്‍ മലയാളം കൂടി ഇംഗ്ലീഷില്‍ പഠിപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും ആലോചിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തോ സാഹിത്യ തത്വചിന്താദി മേഖലകളിലോ സ്വന്തമായി എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവര്‍ ആരായിരുന്നാലും ഏതു നാട്ടുകാരായിരുന്നാലും അവര്‍ പഠിച്ച വിഷയങ്ങളെ സ്വന്തം മാതൃഭാഷയിലൂടെ സ്വാംശീകരിച്ചിട്ടുള്ളവരാണ്. പിന്നെ മലയാളിക്കു മാത്രം എന്തേ ഇക്കാര്യത്തില്‍ ഇത്ര ആശങ്ക? ഏതു വിഷയവും മാതൃഭാഷയിലൂടെ പഠിച്ചു പരീക്ഷ എഴുതാമെന്നൊക്കെ ഭംഗിവാക്ക് പറയുമെന്നല്ലാതെ ശാസ്ത്രവിഷയങ്ങള്‍ പോയിട്ട് ചരിത്രവും ധനതത്വശാസ്ത്രവും ഉള്‍പ്പെടെയുള്ള മാനവിക വിഷയങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ വേണ്ട പഠനസാമഗ്രികളൊന്നും നമ്മുടെ സ്‌കൂളിലോ കോളജുകളിലോ ഇല്ല. ഒരിക്കലും മലയാളം പഠിച്ചിട്ടില്ലാത്ത ശാസ്ത്രാധ്യാപകര്‍ക്കോ ശാസ്ത്രഗന്ധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭാഷാധ്യാപകര്‍ക്കോ ഭാഷാന്തരത്തിലൂടെ ഈ കുറവ് പരിഹരിക്കാന്‍ ഇന്നത്തെ നിലയില്‍ യാതൊന്നും ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല. പഠിപ്പിക്കല്‍ ഇംഗ്ലീഷിലൂടെ ആയാല്‍ കുറുക്കുവഴികള്‍ കണ്ടെത്താനും വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്നുവരുന്ന സ്വാഭാവിക സംശയങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നൊഴിഞ്ഞുമാറാനും അധ്യാപകര്‍ക്കവസരം ലഭിക്കുന്നു. ഫലമോ? െപഠനം കേവലം ഉപരിപ്ലവപരമായ ധാരണകളില്‍ ഒതുങ്ങുന്നു.
ഭാഷാ പഠനം അത് ഇംഗ്ലീഷായാലും ഹിന്ദിയായാലും മലയാളമായാലും കേവലം ഭാഷാ പഠനത്തിന് വേണ്ടിയാകരുത്. കലാലയ തലത്തില്‍ മലയാളം ഐച്ഛികമായി പോയിട്ട് രണ്ടാം ഭാഷയായിപ്പോലും പഠിക്കാന്‍ അധികം കുട്ടികളും തയ്യാറാകുന്നില്ല. കാരണം തിരയുമ്പോള്‍ ലഭിക്കുന്ന ഉത്തരം എന്താണ്? മാര്‍ക്ക് കൂടുതല്‍ ലഭിക്കുകയില്ലത്രെ. മലയാളത്തിനെതിരെ പറഞ്ഞുകേള്‍ക്കുന്ന വളരെ പഴക്കമുള്ള ഒരാരോപണം ആണിത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ക്കു മാറ്റം വന്നിട്ടുണ്ടെങ്കിലും അധികം പേര്‍ക്കും ഇതങ്ങോട്ടു ബോധ്യം വന്നിട്ടില്ല. മലയാളം ക്ലാസിലേക്കു കുട്ടികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി മലയാളത്തിന്റെ പരീക്ഷയും മറ്റ് വിഷയങ്ങളുടെതു പോലാക്കി പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു. ഇങ്ങനെ മലയാളം പഠിച്ചു ബിരുദം നേടി പുറത്തിറങ്ങുന്നത് അവരുടെ തൊഴില്‍ സാധ്യതയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പണ്ട് വിവരണാത്മകവും വിശകലനാത്മകവും ആയ ഉത്തരങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നു പ്രതീക്ഷിക്കുന്ന തരത്തില്‍ ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയിരുന്നു. ഇന്നാകട്ടെ മലയാളം ഉള്‍പ്പെടെ സമസ്ത വിഷയങ്ങളിലും കറക്കിക്കുത്തി കുട്ടികള്‍ക്കു ശരിയുത്തരം കണ്ടെത്താവുന്നതരത്തില്‍ പരീക്ഷയെ കേവലമൊരു ഭാഗ്യപരീക്ഷണമാക്കി മാറ്റിയിരിക്കുന്നു. മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് തങ്ങളുടെ സ്ഥാപനത്തിന്റെ അഭിമാനം പൊയ്ക്കാലില്‍ നിറുത്തുക എന്ന താത്പര്യത്തിലേക്കു വിദ്യാലയങ്ങള്‍ വഴി മാറിയിരിക്കുന്നു. സ്വാശ്രയ വിദ്യാലയങ്ങളും സ്വയം ഭരണ കോളജുകളും ഒക്കെ വരുന്നതോടെ ഈ പ്രവണത കുറേക്കൂടി ശക്തിപ്പെടുകയേ ഉള്ളൂ. മലയാളത്തിന് മാത്രമല്ല മറ്റ് ഭാഷകളുടെ പഠനവും വിദ്യാര്‍ഥികള്‍ക്ക് അരോചകമായി തോന്നുന്നതിന് മറ്റൊരു കാരണം ഭാഷാ പഠനത്തില്‍ വ്യാകരണ പഠനത്തിന് അനാവശ്യമായി നല്‍കിപ്പോരുന്ന അമിത പ്രാധാന്യമാണ്. ഭാഷ കൈകാര്യം ചെയ്തു തുടങ്ങുമ്പോള്‍ വ്യാകരണം കുട്ടികള്‍ സ്വതവേ പഠിച്ചുകൊള്ളുമെന്ന ഭാഷാശാസ്ത്രകാരന്മാരുടെ നിഗമനം നമ്മള്‍ ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. ആഖ്യയും ആഖ്യാതവും ഒന്നും പഠിച്ചിട്ടല്ലല്ലോ ബഷീര്‍ ഗദ്യരചനയില്‍ അത്ഭുതം സൃഷ്ടിച്ചത്! ലോകത്തിലെ മുന്തിയ എഴുത്തുകാരെല്ലാം ഇങ്ങനെയായിരുന്നു. ഭാഷാ പഠനത്തില്‍ കര്‍ത്താവും കര്‍മവും പേരച്ചവും വിനയച്ചവും ഒക്കെ പെറുക്കി അടുക്കാന്‍ കവിതയിലെ വൃത്തവും അലങ്കാരവും ഒക്കെ മനഃപാഠമാക്കാനും ഇപ്പോള്‍ ക്ലാസ്മുറിയില്‍ ചെലവഴിക്കുന്ന സമയം ഭാഷയുടെ സൗന്ദര്യവും സാംസ്‌കാരിക സത്തയും അത് പകര്‍ന്നുനല്‍കുന്ന ഉള്‍ക്കാഴ്ചയും ഒപ്പിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍ ഭാഷാപഠനം കൂടുതല്‍ ആകര്‍ഷകമാക്കേണ്ടതുണ്ട്. അത് താഴെ തട്ടില്‍ നിന്നു തന്നെ തുടങ്ങുകയും വേണം.
താഴെ ക്ലാസുകളില്‍ മലയാളം പഠിക്കാതെ തന്നെ രണ്ടാം ഭാഷയായി മലയാളം പഠിച്ച് 45 ശതമാനം മാര്‍ക്ക് വാങ്ങുന്നവരും മറ്റു വിഷയങ്ങളില്‍ ഒന്നും പ്രവേശനം കിട്ടാതെ വരുമ്പോള്‍ എം എ മലയാളം പഠിക്കാന്‍ മുന്നോട്ട് വരുന്നവരും ഒരേ പോലെ ചുളുവില്‍ പരീക്ഷ പാസായി അടുത്ത ദിവസം തന്നെ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുന്ന ഇപ്പോഴത്തെ അവസ്ഥ അവസാനിപ്പിക്കുക തന്നെ വേണം. ബിരുദതലത്തില്‍ മലയാളം പഠിച്ചവര്‍ക്ക് മാത്രമായി എം എ പ്രവേശനം കര്‍ക്കശമാക്കണം. വേണമങ്കില്‍ ഒരഭിരുചി പരീക്ഷ നടത്തി യോഗ്യരായവര്‍ മാത്രമാണ് മലയാളത്തില്‍ ഉന്നതപഠനം നടത്താന്‍ എത്തുന്നതെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇത്രയെങ്കിലും ഒക്കെ ചെയ്യാതെയുള്ള ശ്രേഷ്ഠഭാഷാ പദവി കേവലം കഴുത്തില്‍ കെട്ടിത്തൂക്കാവുന്ന ഒരലങ്കാരമായി പരിണമിക്കുകയേ ഉള്ളൂ.