Connect with us

Kerala

ലുലു മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം നാളെ റീസര്‍വേ ചെയ്യും

Published

|

Last Updated

കൊച്ചി: ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി തോടിന്റെയും ദേശീയ പാതയുടെയും പുറംപോക്കില്‍ കൈയേറ്റമുള്ളതായുള്ളള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് വീണ്ടും സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ക്ക് ജില്ലാ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പ്രദേശത്ത് ഇന്ന് റീ സര്‍വേ നടത്തിയേക്കും.
ഇടപ്പള്ളിയില്‍ മെട്രോ റെയില്‍ സ്റ്റേഷന് വേണ്ടി നിശ്ചയിച്ച ഭൂമി ലുലു മാള്‍ നിര്‍മാണത്തിനായി കയ്യേറിയതായി കാണിച്ച് കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് കെ എം ആര്‍ എല്ലിന് വേണ്ടി മെട്രോ റെയില്‍ ചീഫ് റവന്യൂ ഓഫീസര്‍ കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാനും കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും കത്തയച്ചത്. ഇടപ്പള്ളി കനാലിന്റെ ഇരുവശത്തുമുള്ള പുറംപോക്ക് കയ്യേറിയാണ് ലുലു മാളിന്റെ നിര്‍മാണം പുരോഗമിക്കുന്നതെന്നും ഇത് അടിയന്തരമായി തടഞ്ഞ് കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. കനാലും കനാലിന്റെ പുറംപോക്കും കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമാണെന്നും ചീഫ് റവന്യൂ ഓഫീസര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ദേശീയപാതയുടെ പുറംപോക്കിലും കയ്യേയേറ്റമുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് 10 ദിവസത്തിന് ശേഷം കളമശ്ശേരി നഗരസഭാ സെക്രട്ടറി ചീഫ് റവന്യൂ ഓഫീസര്‍ക്ക് നല്‍കിയ മറുപടിക്കത്തില്‍ ഇടപ്പള്ളി കനാലിലും പുറംപോക്കിലും ലുലു കയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തിയെന്നും കണയന്നൂര്‍ താലൂക്കില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍-അഞ്ചില്‍ ഉള്‍പ്പെട്ടതും 144/3,143/1,143/6,4/4,141/5 എന്നീ സര്‍വേ നമ്പറില്‍പ്പെട്ടതുമായ സ്ഥലം കനാല്‍ സൈഡിനോട് ചേര്‍ന്നു കിടക്കുന്നതും ലുലു ഷോപ്പിംഗ് മാളിന്റെ ഉടമസ്ഥതയിലുള്ളതുമാണെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

Latest