Connect with us

Kozhikode

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഇന്ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ ഇന്നും നാളെയുമായി കോഴിക്കോട്ട് നടക്കും. ഗുജറാത്തി ഹാളില്‍ നടക്കുന്ന ദിനാഘോഷത്തോടനുബന്ധിച്ച് 2011-12ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് വിതരണം, സെമിനാര്‍, സംവാദം, കലാപരിപാടികള്‍ എന്നിവ നടക്കും.
ആഘോഷ പരിപാടികള്‍ ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്-സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീറിന്റ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, കെ പി മോഹനന്‍, എ പി അനില്‍കുമാര്‍, പി കെ ജയലക്ഷ്മി, മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ, കോഴിക്കോട് ജില്ലയിലെ എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സംബന്ധിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന സെമിനാര്‍ മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എം എല്‍ എ മുഖ്യാതിഥിയായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, കെ ദാസന്‍ എം എല്‍ എ, ഗ്രാമവികസന കമ്മീഷന്‍ എം നന്ദകുമാര്‍ സംബന്ധിക്കും.
നാളെ രാവിലെ 10 മണിക്ക് പ്രാദേശിക സര്‍ക്കാറുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. സി രവീന്ദ്രനാഥ് എം എല്‍ എ, പഞ്ചായത്ത് ഡയറക്ടര്‍ എസ് ലളിതാംബിക, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി വത്സലകുമാരി, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ എസ് ദിവാകരന്‍ പിള്ള, കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, ഐ കെ എം ഡയറക്ടര്‍ എം ഷംസുദ്ദീന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം ദിലീപ്കുമാര്‍ സംസാരിക്കും. കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ മോഡറേറ്ററായിരിക്കും.