Connect with us

Eranakulam

നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദം: ചോദ്യം ചെയ്യല്‍ തുടങ്ങി

Published

|

Last Updated

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദത്തില്‍ ആരോപണവിധേയരായവരെ ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആരോപണവിധേയമായവരിലെ അഞ്ച് പേരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. നേവിയുടെ അനുമതിയോടെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആരോപണവിധേയരായവരില്‍ രണ്ട് പേര്‍ സ്ഥലത്ത് ഇല്ലാത്തത് കേസ് അന്വേഷണത്തെ ബാധിക്കും. നാവിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നതായി സി ഐ പറഞ്ഞു.

നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം യുവതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമിപത്തുള്ളവരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. യുവതിയും ഭര്‍ത്താവും തമ്മില്‍ കുറേക്കാലമായി അഭിപ്രായഭിന്നതയുണ്ടായിരുന്നതായി സമീപത്തു താമസിക്കുന്നവര്‍ മൊഴി നല്‍കി. പരീക്ഷയുമായി ബന്ധപ്പെട്ട് യുവതി ഇപ്പോള്‍ ഡല്‍ഹിയിലായതിനാല്‍ 26നു മടങ്ങിയെത്തിയ ശേഷമേ ഇവരുടെ മൊഴിയെടുക്കുകയുള്ളു.
ഉന്നത ഉദ്യോഗസ്ഥരോടൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി കാണിച്ച് ലഫ്റ്റനന്റ് രവി കിരണിന്റെ ഭാര്യ ഭുവനേശ്വര്‍ സത്യനഗര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ നാല് കമ്മഡോര്‍ ഉള്‍പ്പെടെ 10 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഹാര്‍ബര്‍ പോലിസ് കേസ് എടുത്തിരുന്നു. സബ് ഇന്‍സ്‌പെക്ടറാണ് കേസ് ആദ്യം അന്വേഷിച്ചതെങ്കിലും പിന്നീട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന് അന്വേഷണം കൈമാറുകയായിരുന്നു. ഭര്‍തൃപിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന പീഡനത്തിനും ഭര്‍ത്താവ് ഉള്‍പ്പെടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡനത്തിനുമാണ് യുവതി പരാതി നല്‍കിയത്. വിശാഖപട്ടണത്തും സമാന രീതിയില്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

Latest