Connect with us

Cover Story

താരകപ്രഭയില്‍ അലിഞ്ഞ 16 ദിനരാത്രങ്ങള്‍

ഉസ്താദിന്റെ കേരളയാത്രയെ അനുഗമിക്കാനുള്ള സിറാജ് ലൈവ് എഡിറ്റര്‍ സയ്യിദ് അലി ശിഹാബ് തങ്ങളുടെ നിർദേശം സ്വീകരിച്ച് ഞങ്ങള്‍ ആ പ്രവാഹത്തിന്റെ ഭാഗമായി... പിന്നീട് നടന്നതെല്ലാം ജീവിതത്തിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. ആ മഹാ പ്രവാഹത്തെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ അനുഗമിച്ച സിറാജ് ലൈവ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം ബിജുശങ്കർ അനുഭവം പങ്കുവെക്കുന്നു

Published

|

Last Updated

പൂക്കളെ… പൂക്കളെ… ഉദയ താരകങ്ങളേ…
പുണ്യ വീഥിയിൽ ജ്വലിച്ചുയര്‍ന്ന
മരതകങ്ങളേ…
മുത്തുനബി വഴിവരച്ച സത്യ സ്‌നേഹ
വീഥിയില്‍
സമസ്തയെ നയിച്ചിടും തണല്‍മരങ്ങളേ…
നൂറുവര്‍ഷവും കടന്നൊരീപ്രകാശ ധാരാ…
വിശ്വാസ ദര്‍ശനങ്ങളില്‍ തിളങ്ങിടുന്ന ജ്വാലാ…

ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം ഉസ്താദ് നയിച്ച മഹത്തായ യാത്ര കേരളത്തിന്റെ ഹൃദയ വീഥിയിലാകെ സൗരഭം പടര്‍ത്തി കടന്നുപോയി അനന്തപുരിയുടെ മനുഷ്യ മഹാ സമുദ്രത്തില്‍ ലയിച്ചുചേര്‍ന്നിട്ടു ദിവസങ്ങള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. എന്നിട്ടും ആ യാത്ര കടന്നുപോയ വഴികളില്‍ മുഴങ്ങി നിന്ന ആ മാര്‍ച്ചിംഗ് സോംഗിന്റെ ഈരടികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. യാത്രയുടെ ഉപനായകരായിരുന്ന ഖലീല്‍ അല്‍ ബുഖാരി തങ്ങളും പേരോട് ഉസ്താദും ഉള്‍പ്പെടുന്ന പണ്ഡിത നേതൃത്വത്തെ അനുധാവനം ചെയ്തുകൊണ്ട് രാജപാതകളിലൂടെ ചുവടുവെച്ച ആ കാലാള്‍പടയുടെ ദൃശ്യ ചാരുത കണ്ണില്‍ നിന്നു മായുന്നുമില്ല. അത്രയേറെ ഹൃദയഹാരിയായ 16 രാപ്പകലുകളുടെ ഓര്‍മയില്‍ മനുഷ്യര്‍ക്കൊപ്പമെന്ന മഹാ സന്ദേശം പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.

നീണ്ട ഇടവേളക്കു ശേഷം നടന്ന കാന്തപുരം ഉസ്താദിന്റെ കേരളയാത്രയെ സിറാജ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗമായ സിറാജ് ലൈവ് സംഘവും അനുഗമിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉള്ളില്‍ ആവേശമായിരുന്നു. സിറാജ് ലൈവ് എഡിറ്റര്‍ ഇൻ ചാർജ് സയ്യിദ് അലി ശിഹാബ് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആ പുറപ്പാട് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനേകം മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.

സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ മൂന്നാമത്തെ കേരളയാത്രയാണ്. നീണ്ട വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷമുള്ള യാത്ര. 1999ല്‍ ഒന്നാമത്തെ കേരളയാത്ര പോകുമ്പോള്‍ അച്ചടിമാധ്യമങ്ങള്‍ മാത്രമാണ് വാര്‍ത്തകള്‍ നിയന്ത്രിച്ചത്. ദൃശ്യമാധ്യമ രംഗത്ത് ഏഷ്യാനെറ്റ് മാത്രം. 2012ല്‍ രണ്ടാമത്തെ കേരളയാത്രയാകുമ്പോഴേക്കും ദൃശ്യമാധ്യമങ്ങള്‍ രംഗം കീഴടക്കിയിരുന്നു. 2026ല്‍ മൂന്നാമത്തെ കേരളയാത്ര നടക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വാര്‍ത്താവിനിമയത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന വെല്ലുവിളിയെയാണ് സിറാജ് ലൈവിന് ഏറ്റെടുക്കാനുണ്ടായിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സയ്യിദ് അലി ശിഹാബുമൊത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളും സാഹിത്യോത്സവുകളും കവര്‍ ചെയ്ത ആഹ്ലാദകരമായ അനുഭവം മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും ഒട്ടും മടുപ്പോ ക്ഷീണമോ തളര്‍ച്ചയോ ഇല്ലാതെ ടീമിനെ നയിക്കാനുള്ള തങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്. അങ്ങനെ ഞാനും വിഷ്വല്‍ എഡിറ്ററും ക്യാമറാമാനുമായ മുഹമ്മദ് ഷബീബും ശിഹാബ് തങ്ങളോടൊപ്പം ആ മഹാ ദൗത്യത്തിന്റെ ഭാഗമായി.

എങ്ങനെ കേരളയാത്രയുടെ ആവേശം ഒട്ടും ചോരാതെ, ലോകത്തെമ്പാടും കണ്ണു നട്ടു കാത്തിരിക്കുന്ന ജന സഹസ്രങ്ങള്‍ക്കു മുമ്പിലേക്ക് എത്തിക്കുമെന്നതിനെ കുറിച്ച് ഏറെ ആലോചിച്ചിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ പരിമിതിയൊന്നും ഞങ്ങളുടെ ആത്മവിശ്വാസത്തെ ഒട്ടും തളര്‍ത്തിയില്ല.
ഡിസംബര്‍ 31ന് നാടാകെ പുതുവത്സരപ്പിറവിയുടെ ആഘോഷാരവങ്ങളില്‍ മുഴുകുമ്പോള്‍ സിറാജിന്റെ അങ്കണത്തില്‍ കേരളയാത്രയെ അനുഗമിക്കാനുള്ള ബ്രാന്‍ഡഡ് വാഹനം ഒരുങ്ങുകയായിരുന്നു. ടെമ്പോ ട്രാവലറിന്റെ സീറ്റുകള്‍ ഇളക്കി മാറ്റി കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാവുന്ന വിധം മേശകള്‍ ഘടിപ്പിച്ച് വാഹനത്തിന്റെ അകം ഒരുക്കിയെടുത്തു. പുറത്ത് കേരളയാത്രയുടേയും സിറാജിന്റേയും സ്റ്റിക്കറുകള്‍ പതിച്ചു ഗംഭീരമാക്കി. വൈകീട്ടോടെ വാഹനം സജ്ജമായി ഞങ്ങള്‍ കാസർകോട്ടേക്കു പുറപ്പെട്ടു. സിറാജ് പത്രത്തെ പ്രതിനിധീകരിച്ചു കോഴിക്കോട് ബ്യൂറോ ചീഫ് ശഫീഖ് കാന്തപുരവും തിരൂരങ്ങാടി ലേഖകന്‍ ഹമീദ് തിരൂരങ്ങാടിയും സര്‍ക്കുലേഷന്‍ വിഭാഗത്തിലെ എന്‍ കെ സി അബ്ദുല്ല, ഉമറുൽ ഫാറൂഖ് എന്നിവരും കൂടെയുണ്ടായിരുന്നു. പിന്നീട് സീനിയന്‍ റിപ്പോര്‍ട്ടര്‍ ഉമര്‍ മായനാടും ഫോട്ടോഗ്രാഫര്‍ ഷമീര്‍ ഊര്‍പ്പള്ളിയും സംഘത്തില്‍ ചേര്‍ന്നു. ഫോട്ടോഗ്രാഫർമാരായ ശിവജികുമാറും അജ്മൽ ഫവാസും ചിലയിടങ്ങളിൽ ഞങ്ങൾക്കൊപ്പമെത്തി.

പുതുവര്‍ഷപ്പുലരിയില്‍ കേരളാ അതിര്‍ത്തിക്കപ്പുറമുള്ള കര്‍ണാടകയിലെ ഉള്ളാള്‍ ദര്‍ഗയില്‍ സിയാറത്ത് നടത്തി യാത്ര പുറപ്പെടുന്ന നിമിഷം വരെ സിറാജ് ലൈവിലെ വാര്‍ത്താ കവറേജ് എങ്ങനെ വേണമെന്ന വ്യക്തമായ ഒരു രൂപം ഉണ്ടായിരുന്നില്ല. ദര്‍ഗയുടെ പരിസരത്ത് കേരളയാത്രാ സംഘത്തിന്റെ വാഹന വ്യൂഹം എത്തുമ്പോഴേക്കും പരിസരം ജനനിബിഡമായിരുന്നു. കര്‍ണാടകയിലേയും കേരളത്തിലേയും ജനസഹസ്രങ്ങള്‍ ദര്‍ഗയും പരിസരവും കൈയടക്കിക്കഴിഞ്ഞിരുന്നു. ഈ ജനാരവത്തില്‍ നിന്നായിരുന്നു ഞങ്ങള്‍ക്ക് ആദ്യത്തെ വാര്‍ത്ത നല്‍കേണ്ടിയിരുന്നത്. അന്ന് ആ നിമിഷം ആവേശക്കടലിലേക്ക് എടുത്തുചാടിയ ഞങ്ങള്‍ അനന്തപുരിയുടെ മണ്ണില്‍ ആ യാത്രയുടെ തിരശ്ശീല താഴുംവരെ ശബ്ദവും ദൃശ്യവുമായി യാത്രക്കൊപ്പം സഞ്ചരിച്ചു. യൂട്യൂബിലും ഫേസ്ബുക്കിലുമായി ഒരു കോടിയോളം കാഴ്ചകളാണ് സിറാജ് ലൈവിന്റെ കേരളയാത്രാ റിപ്പോർട്ടുകൾക്ക് ലഭിച്ചത് എന്നത് ജനം ആ റിപ്പോർട്ടുകളെ എത്രമാത്രം ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്.

എന്നും രാവിലെ ആറ് മണിക്ക് ഉണര്‍ന്നു ഞങ്ങള്‍ സജ്ജരായി ഇറങ്ങി. യാത്രാ അംഗങ്ങള്‍ ലൈനപ് ആകാനുള്ള മജീദ് കക്കാടിന്റെ ചെറിയ സന്ദേശം ഫോണില്‍ എത്തിയിട്ടുണ്ടാകും. ഒരു ദിവസത്തെ അന്തിയുറക്കം വരെയുള്ള പരിപാടിയുടെ സമഗ്രമായ സന്ദേശമായിരിക്കും ആ കുറിപ്പ്. രാത്രി പരിപാടി അവസാനിച്ച ശേഷം നഗരിയില്‍ നിന്ന് തന്നെ അന്നത്തെ സമഗ്ര കവറേജും വിലയിരുത്തലുമായി പ്രത്യേക ന്യൂസ് ബുള്ളറ്റില്‍ ഷൂട്ട് ചെയ്യും. തുടര്‍ന്ന് താമസ സ്ഥലത്തേക്കു മടങ്ങിയ ശേഷം പുലര്‍ച്ചെ മൂന്ന് മണിവരെ അതിന്റെ എഡിറ്റിംഗ് ജോലികള്‍. അതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. മൂന്നോ നാലോ മണിക്കൂര്‍ മാത്രമുള്ള ഉറക്കം മൂലം ശിഹാബ് തങ്ങളും ക്യാമറാമാന്‍ ഷബീബും നന്നേ തളരുമെങ്കിലും രാവിലെ ഒമ്പതു മണിയോടെ നടക്കുന്ന അടുത്ത ജില്ലാ അതിര്‍ത്തിയിലെ സ്വീകരണ സ്ഥലത്ത് എത്തുമ്പോഴേക്കും പതിന്മടങ്ങ് ഊർജസ്വലരാകും.
യാത്രയുടെ ആവേശം വരച്ചുകാട്ടാന്‍ പുതിയ വാക്കുകള്‍… പുതിയ വിശേഷണങ്ങള്‍… ഓര്‍മയുടെ ശേഷിപ്പുകള്‍… നാട്ടു ചരിത്രങ്ങള്‍ എല്ലാം ഒഴുകിനിറയുകയായി. ഓരോ തവണ ശബ്ദം നിലയ്ക്കുമെന്ന ഘട്ടത്തിലും ശിഹാബ് തങ്ങള്‍ കൂടുതല്‍ തെളിമയോടെ ക്യാമറക്കു മുമ്പിലും ആള്‍ക്കൂട്ടത്തിലും നിറയുന്നതാണു കണ്ടത്. ഓരോ സ്വീകരണ കേന്ദ്രത്തിലും ആള്‍ക്കൂട്ടം സിറാജ് ലൈവ് ടീമിനെ തിരിച്ചറിയുകയും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് കരുത്തായി മാറി.

യാത്രാനായകന്‍ കാന്തപുരം ഉസ്താദും ഉപനായകരായ ബുഖാരി തങ്ങളും പേരോട് ഉസ്താദും ഓരോ സ്വീകരണ കേന്ദ്രത്തിലും വെച്ചു നല്‍കുന്ന പുഞ്ചിരിയും അഭിനന്ദനവും വാര്‍ത്താ സംഘത്തിലേക്ക് ഊര്‍ജമായി പടര്‍ന്നു. ആദ്യ നാള്‍ പിന്നിടുമ്പോഴേക്കും യാത്രാ സംഘം ഒരു കുടുംബമായി പരിണമിച്ചിരുന്നു. സ്‌നേഹത്താല്‍ കൊരുത്തെടുത്ത ഒരു ഹാരം പോലെ നൂറിലധികം അംഗങ്ങള്‍… സഞ്ചാരം, സ്വീകരണം, പ്രഭാഷണം, ഭക്ഷണം, വിശ്രമം…വീണ്ടും സഞ്ചാരം.

90 വയസ്സ് പിന്നിട്ട ഉസ്താദ് ആദ്യ നാളുകളില്‍ കണ്ടപോലെ ആയിരുന്നില്ല പിന്നീടുള്ള ദിവസങ്ങളില്‍. ജനസഹസ്രങ്ങള്‍ ഒഴുകിയെത്തുന്ന വേദികള്‍ പിന്നിടുന്നതിനൊപ്പം ആ മുഖത്തെ തേജസ്സും പ്രസരിപ്പും വര്‍ധിച്ചുവരികയായിരുന്നു. വാക്കുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതായി. നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്നു എന്ന വിലയിരുത്തല്‍ യാഥാര്‍ഥ്യമായിത്തീരുന്ന കാഴ്ചയായിരുന്നു പിന്നീട്.
പണ്ഡിത സഭയോടൊപ്പമുള്ള സഞ്ചാരത്തിന്റെ പ്രസരിപ്പ് ജന സഹസ്രങ്ങള്‍ക്കെന്നപോലെ യാത്രാ സംഘത്തിലേക്കും പടരുകയായിരുന്നു. ഓരോ സ്വീകരണ കേന്ദ്രത്തിലും വ്യത്യസ്തമായ പ്രസംഗങ്ങളായിരുന്നു യാത്രയുടെ സവിശേഷത. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തിന്റെ അനേകമനേകം വ്യാഖ്യാനങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ഉണ്ടായത്. ഏറ്റവും പുതിയ കാര്യങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ കാന്തപുരം ഉസ്താദും ബുഖാരി തങ്ങളും സദാ ശ്രമിച്ചു. ലോകത്തുണ്ടാകുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍ സ്വീകരണ വേദിയില്‍ പ്രതിഫലിച്ചു. വെനിസ്വേലയില്‍ അമേരിക്കയുടെ കടന്നാക്രമണുണ്ടായപ്പോള്‍ അത് അതേ സമയം സ്വീകരണ വേദിയില്‍ ഉന്നയിക്കപ്പെട്ടു. കാന്തപുരം ഉസ്താദ് സാമ്രാജ്യത്വ കടന്നാക്രമണത്തെ ശക്തമായി അപലപിച്ചു. ഹകീം അസ്ഹരി ഉസ്താദ് പ്രമേയ പ്രഭാഷണത്തില്‍ അമേരിക്കന്‍ കടന്നാക്രമണത്തെയും മൂലധന താത്പര്യങ്ങളേയും കൃത്യമായി വിശകലനം ചെയ്തു. ആ പ്രസംഗം സാമ്രാജ്യത്വം, അധിനിവേശം, മൂലധനയുദ്ധം, ചൂഷണം…അങ്ങനെ ചിന്തോദ്ദീപകങ്ങളായി അനേകം തലങ്ങളിലേക്ക് വളര്‍ന്നു.

പേരോട് ഉസ്താദിന്റെ ആത്മീയ പ്രഭാഷണവും വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്നു. ഒരു വേദിയില്‍ പറഞ്ഞ വിഷയങ്ങള്‍ മറ്റെവിടെയും ആവര്‍ത്തിച്ചില്ല. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ അനേകം അടരുകളാല്‍ ആ പ്രഭാഷണം സമ്പുഷ്ടമായി. മനുഷ്യര്‍ക്കൊപ്പമെന്ന ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ഖുര്‍ആനിന്റെ ആഴങ്ങളില്‍ നിന്ന് അനേകം മുഹൂര്‍ത്തങ്ങളെ അദ്ദേഹം കണ്ടെത്തി. ഹൃദയത്തിന്റെ പൂര്‍ണതയില്‍ മുഖം സംസാരിച്ചു. എല്ലാ പ്രസംഗങ്ങളും ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു വരുന്നതായിരുന്നു. ആര്‍ക്കും അനായാസേന ഗ്രഹിക്കാന്‍ കഴിയുന്ന ലളിതമായ ആഖ്യാനം.

ചിലയിടങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തിയ വണ്ടൂര്‍ ഉസ്താദും അലി അബ്ദുല്ല സാഹിബും പ്രഭാഷണ കലയുടെ ആചാര്യന്മാരാണെന്നു തെളിയിച്ചു. സ്‌നേഹവിരുന്നില്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ പോലും സൂക്ഷ്മവും ഹൃദയസ്പര്‍ശിയുമായിരുന്നു അവരുടെ വാക്കുകള്‍. മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശത്തിന്റെ ഏറ്റവും ജൈവികമായ അവതരണം കൊണ്ട് അലി അബ്ദുല്ല സാഹിബ് ഓരോ ഹൃദയങ്ങളേയും സ്പര്‍ശിച്ചു. തിരുവനന്തപുരത്തെ സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം ഉള്‍പ്പെടെ വണ്ടൂര്‍ ഉസ്താദ് ഏതാനും വേദികളില്‍ മാത്രമാണ് പ്രസംഗിച്ചതെങ്കിലും അതെല്ലാം കേള്‍വിക്കാരുടെ ഹൃദയത്തിന്റെ താളില്‍ രേഖപ്പെട്ടു കിടക്കുന്നതായിരുന്നു. എല്ലാ സ്വീകരണ റാലിയിലും മുന്നില്‍ വഴി നിയന്ത്രിച്ചു നടന്നു പോകുന്ന ഒരാളുണ്ട്. മുഹമ്മദ് പറവൂര്‍ മാഷ്. ആ നടപ്പിലും ഓട്ടത്തിലുമുണ്ട് കടിഞ്ഞാണ്‍ പിടിക്കുന്ന സാരഥിയുടെ സൂക്ഷ്മത.

കേരളയാത്രയുടെ റാലി എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. എല്ലാ ജില്ലയിലും ഒരേ രീതിയില്‍ അടുക്കിലും ചിട്ടയിലും അണിയിച്ചൊരുക്കിയ ഒരു ദൃശ്യവിരുന്നായിരുന്നു അത്. ഏറ്റവും മുന്നില്‍ റാലിയുടെ ഓരോ നിമിഷവും ഒപ്പിയെടുത്ത് മീഡിയ ടീമിന്റെ വാന്‍. അതിനു പിറകില്‍ ബാനറിന് പിന്നിലായി അണിനിരന്ന് പ്രസ്ഥാനത്തിന്റെ ജില്ലാ നേതൃനിര. അതിനു പിന്നാലെ പ്രത്യേകം നമ്പറിട്ട 22 വാഹനങ്ങളിലായി കാന്തപുരം ഉസ്താദും ഖലീല്‍ തങ്ങളും പേരോട് ഉസ്താദും അടക്കം ജാഥാനായകരും പണ്ഡിത പ്രമുഖരും. ഒന്ന്, മൂന്ന് നമ്പര്‍ വാഹനങ്ങളായിരുന്നു ശരിക്കും യാത്രയുടെ കണ്ണും കാതും. കേരള മുസ്്ലിം ജമാഅത്ത് നായകരായ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍, സലീം അണ്ടോണ എന്നിവരാണ് ഒന്നാം നമ്പര്‍ വാഹനത്തിലുള്ളത്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര എന്നിവരാണ് മൂന്നാം നമ്പര്‍ വാഹനത്തിലെ അംഗങ്ങള്‍. സ്ഥിരം അംഗമല്ലെങ്കിലും എസ് ശറഫുദ്ദീന്‍ മുഴുസമയം യാത്രയുടെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സജീവമായിരുന്നു. എല്ലാ വേദികളിലും പ്രാര്‍ഥന നിര്‍വഹിച്ചിരുന്നത് കേരളത്തിന്റെ ആത്മീയ സൗന്ദര്യമായ സയ്യിദ് അലി ബാഫഖി തങ്ങളായിരുന്നു. ഒരു യുവാവിന്റ പ്രസരിപ്പോടെ യാത്രയില്‍ ഉടനീളം സഞ്ചരിച്ച തങ്ങൾ ചക്രക്കസേരയിലാണ് എല്ലാ വേദികളിലും എത്തിയിരുന്നത്.

ഈ വാഹനവ്യൂഹം നീങ്ങിക്കഴിഞ്ഞാല്‍ മാര്‍ച്ചിംഗ് സോംഗിന് ചുവടൊപ്പിച്ച് വിവിധ സ്‌ക്വാഡുകളായി സെന്റിനറി ഗാര്‍ഡ് നീങ്ങുന്നു. ഒരേ യൂണിഫോം അണിഞ്ഞ് 313 പേര്‍. ആ ചുവടുവെപ്പുകളുടെ താളം വഴിയോരങ്ങളിലെ കാഴ്ചക്കാരിലേക്കും പടരുകയായി. ഓരോ ജില്ലകളിലും അതത് ജില്ലയില്‍ നിന്നുള്ള 313 പേര്‍ എന്നതൊഴിച്ചാല്‍ എല്ലായിടത്തും ഒരേ ചടുലത. എല്ലാവര്‍ക്കും കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അവരുടെ ചുവടുകള്‍ കണ്ടാലറിയാം. സമാപനത്തിന് അനന്തപുരിക്ക് ദൃശ്യവിരുന്നൊരുക്കി അവരെല്ലാവരും ഒന്നിച്ചുചേര്‍ന്ന് അയ്യായിരത്തില്‍ അധികം പേര്‍ ഒന്നിച്ച് ചുടവുവെച്ചപ്പോള്‍ അത് അതിമനോഹരമായ കാഴ്ചയായി. പാളയത്ത് നിന്ന് തുടങ്ങിയ റാലിയുടെ മുന്‍നിര സമാപന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനിയില്‍ എത്തി ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് സെന്റിനറി ഗാര്‍ഡിന്റെ അവസാന സംഘം നഗരിയില്‍ പ്രവേശിച്ചത്. എം അബൂബക്കര്‍ പടിക്കലിന്റെ നേതൃത്വത്തിലായിരുന്നു സെന്റിനറി ഗാര്‍ഡിനെ ഏകോപിപ്പിച്ചത്.

ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും യാത്രാ നായകര്‍ കടന്നു വരുമ്പോള്‍ വേദിയില്‍ നിന്നുയരുന്ന ഹൃദ്യമായൊരു സ്വാഗത ഗാനമുണ്ട്. “കാമിലരാഗതമായ് സുല്‍ത്താനിതവരവായ്…സൗഹൃദമോതി മഹാന്‍ കാവലരായി ഭവാന്‍…’ ആവേശം വിതയ്ക്കുന്ന ആ ഗാനത്തിന്റെ ശബ്ദസൗകുമാര്യം വേദിയും സദസ്സും നിറയുന്നു. “നല്ല നാള്‍ മണ്ണിനായ് കരുതും ചിരിവിരിയാന്‍..ചില്ലുതാര്‍ വിണ്ണിനായ് തെളിയും തിരിവരയാന്‍…’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് യാത്ര വഴിത്താരകളെ പിന്നിട്ടു കടന്നുവന്നത്. ഓരോ വേദിയിലും പ്രസംഗങ്ങള്‍ ആംഗ്യ ഭാഷയില്‍ പരിഭാഷപ്പെടുത്തിയതും പ്രത്യേകം പ്രശംസിക്കപ്പെട്ടു. കേള്‍വി പരിമിതിയുള്ളവരുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ കേരളയാത്രാ സ്വീകരണ വേദിയിലേക്കു കടന്നെത്തിയവര്‍ ഓരോ സദസ്സിലും നിറഞ്ഞുനിന്ന് നേതാക്കളുടെ ഭാഷണങ്ങള്‍ ആവോളം ആസ്വദിക്കുന്നതു കാണാമായിരുന്നു. നീലഗിരി സ്വദേശി ഗഫൂര്‍ സഖാഫി പാക്കണയും അസ്‍ലം സഖാഫി കുമ്പളക്കാടുമാണ് ആംഗ്യഭാഷയില്‍ പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്തത്.

ഓരോ ജില്ലയിലും ലഭിച്ച വരവേല്‍പ്പിന്റെ ആവേശത്തിരയോടൊപ്പം അവിടങ്ങളില്‍ ലഭിച്ച ആതിഥ്യത്തിന്റെ മാധുര്യവും മറക്കാനാകില്ല. മഹാ വരവേല്‍പ്പും ജനങ്ങള്‍ ഒഴുകി നിറഞ്ഞ പൊതു സമ്മേളനങ്ങള്‍ക്കും ശേഷം ഒരോ രാവിലും സംഘങ്ങള്‍ക്ക് അന്തിയുറങ്ങാനും ഭക്ഷണം കഴിക്കാനും അടുത്ത ദിവസം ഒരുങ്ങാനുമെല്ലാമുള്ള വിപുലമായ സംവിധാനങ്ങളാണുണ്ടായിരുന്നത്. ഓരോ ജില്ലയും രുചി വൈവിധ്യങ്ങള്‍ നല്‍കി ഉള്ളം നിറച്ചു. 16 നാളുകള്‍ കൊഴിഞ്ഞുപോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല.
മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം തന്നെയായിരുന്നു കേരളയാത്രയുടെ കാതല്‍. മനുഷ്യര്‍ക്കൊപ്പം എന്ന ആറ്റിക്കുറുക്കിയ മുദ്രാവാക്യം ഉസ്താദ് മുന്നോട്ടുവെച്ചപ്പോള്‍ അത് സര്‍വസ്വീകാര്യമായി. എ ഐ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളും സര്‍വീലിയന്‍സ് ക്യാപ്പിറ്റലിസമടക്കം ഗഹനമായ വിഷയങ്ങള്‍ അടക്കം മനുഷ്യനെ സ്പര്‍ശിക്കുന്ന എല്ലാം ഉള്‍ക്കൊള്ളിച്ച് രാകിമിനുക്കിയ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം ഒരു മതസംഘടന ഉയര്‍ത്തിക്കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന മന്ത്രി പി രാജീവിന്റെ പ്രസംഗം മാത്രം മതി കേരളയാത്രയെ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാന്‍. പല വേദികളിലും സംസാരിച്ചവരെല്ലാം വിഷയ സ്വീകരണത്തിലെ സവിശേഷതയെ എടുത്തുകാട്ടി.

സകല മനുഷ്യരുടെയും ഹൃദയങ്ങളെ തൊട്ട്, ഓരോ ജില്ലയിലും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരത്തിവെച്ച്, പലതിലും പരിഹാരങ്ങള്‍ നിര്‍ദേശിച്ചാണ് യാത്ര കടന്നുപോയത്. വയനാട്ടിലും ഇടുക്കിയിലും കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഉസ്താദ് ശബ്ദമുയര്‍ത്തി. വന്യജീവി സംഘര്‍ഷങ്ങള്‍ക്കെതിരെ ശാസ്ത്രീയ പരിഹാരവും കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടു. മലപ്പുറത്തും എറണാകുളത്തും ജില്ലകളുടെ പുനഃക്രമീകരണം എന്ന വിപ്ലവകരമായ നിർദേശമാണ് മുന്നോട്ടുവെച്ചത്. കോഴിക്കോട്ടെ സാഹിത്യ പാരമ്പര്യത്തെയും കണ്ണൂരിലെ പ്രവാസികളുടെ നോവുകളെയും കേരളയാത്ര ഉയര്‍ത്തിക്കാട്ടി. കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ ദുരിതം കേട്ട കാന്തപുരം ഉസ്താദ് നീണ്ടകരയെ അന്താരാഷ്ട്ര മാരിടൈം ഹബ്ബാക്കണമെന്ന് ആഹ്വാനം ചെയ്തു. ഈ വിഷയങ്ങളെല്ലാം ക്രോഡീകരിച്ച് സമാപന വേദിയില്‍ മുഖ്യമന്ത്രിക്ക് മെമ്മോറാന്‍ഡമായി നല്‍കിയപ്പോള്‍ അത് കേരളത്തിന്റെ തന്നെ ആവശ്യങ്ങളായി മാറി. സമാപന വേദിയില്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന ഖലീല്‍ തങ്ങളുടെ ആവശ്യം അത്ഭുതത്തോടെയാണ് പുറംലോകവും മാധ്യമങ്ങളും വീക്ഷിച്ചത്. നിരവധി എയ്ഡഡ് വിദ്യാലയങ്ങള്‍ നടത്തുന്ന ഈ സംഘടന എത്രമാത്രം സുതാര്യമായാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് അത് തുറന്നുകാട്ടുന്നു.

ജനകീയതയായിരുന്നു ഈ കേരളയാത്രയുടെ ഏറ്റവും വലിയ സവിശേഷത. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള മനുഷ്യര്‍ വേദികളില്‍ ഒന്നിച്ചിരുന്നു. അവര്‍ക്കിടയില്‍ രാഷ്ട്രീയ ചേരികളില്ല, ജാതി ഭേദമില്ല, സംഘടനാ വ്യത്യാസമില്ല… ഒരു കാലത്ത് കാന്തപുരം ഉസ്താദിനെയും സംഘടനയേയും ഒരുപാട് കയ്പുനീര്‍ കുടിപ്പിച്ചവര്‍ പോലും വേദികളില്‍ വന്ന് ഉസ്താദിന്റെ മഹത്വം പറഞ്ഞപ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിയായി. അന്ന് 1989ല്‍ സമസ്തയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം ഉസ്താദിന് കുറേയേറെക്കാലം സഞ്ചരിക്കേണ്ടിവന്നത് കനല്‍ വഴികളും മുള്ളുവേലികളും നിറഞ്ഞ പാതകളിലൂടെയായിരുന്നു. ഉസ്താദ് നേരിടാത്ത അധിക്ഷേപങ്ങളില്ല. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളായിരുന്നു ചുറ്റും. പക്ഷേ, നേരിന്റെ കെടാവിളക്ക് കൈകളിലേന്തി നിശ്ചയദാര്‍ഢ്യത്തോടെ ആ മഹാമനീഷി മുന്നോട്ടു ഗമിച്ചപ്പോള്‍, പ്രതിസന്ധികളെല്ലാം വഴിമാറി. അന്ന് കല്ലെറിഞ്ഞവര്‍ ഇപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് ഉസ്താദിനെ കാണാന്‍ വന്നു. എതിര്‍പ്പിന്റെ ശബ്ദങ്ങളൊന്നുമില്ലാതെ സര്‍വരാലും ആശിര്‍വദിക്കപ്പെട്ട യാത്ര. ഉസ്താദിനു മാത്രം സാധ്യമാകുന്ന മഹായാത്ര.

ഓരോ സ്വീകരണ കേന്ദ്രം പിന്നിടുമ്പോഴും അമ്പരപ്പിക്കുന്ന ഉള്‍ക്കാഴ്ചയാണ് യാത്ര തുറന്നിട്ടത്. അത്രമാത്രം അറിവും അനുഭവ സമ്പത്തുമുള്ള ഒരു നേതൃ നിരയാണ് യാത്ര നയിക്കുന്നത്. കാലങ്ങളായി വിവിധ വിഷയങ്ങളില്‍ വാഗ്‌ധോരണികളായി വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന പണ്ഡിത ജ്യോതിസ്സുകളാണവര്‍. അറിവും ആശയങ്ങളും ലക്ഷ്യങ്ങളും വാക്കുകളായി ജനങ്ങളിലേക്ക് പ്രവഹിക്കുകയാണ്. ആ മഹാ പ്രവാഹത്തിനു ചാരെ നിന്നവരെല്ലാം ഇല്‍മിന്റെ പനിനീര്‍ മഴയില്‍ നനഞ്ഞു.

കോഴിക്കോട് പത്രപ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ഓരോ നിര്‍ണായക രാഷ്ട്രീയ സാമൂഹിക സമസ്യകളിലും കാന്തപുരം ഉസ്താദിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തിട്ടുണ്ട്. 1999 ല്‍ കാന്തപുരം ഉസ്താദ് ആദ്യ കേരളയാത്ര നടത്തുമ്പോള്‍ കാലിക്കറ്റ് ടവറില്‍ നടന്ന ഉസ്താദിന്റെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഓര്‍മ അന്ന് എ സി വി റിപ്പോര്‍ട്ടര്‍ ആയിരുന്ന എന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സമുദായ നേതാവായിരുന്ന മന്നത്ത് പത്മനാഭന്റെ കേരള യാത്രയുമായി ബന്ധപ്പെടുത്തി അന്നു ചോദിച്ച ചോദ്യവും അതിന് ഉസ്താദ് നല്‍കിയ മറുപടിയുടെ മുഴക്കവും ഉള്ളിലുണ്ട്. എന്നാല്‍ കൃത്യം 27 വര്‍ഷങ്ങള്‍ക്കു ശേഷം ആ മഹാ ഗുരുവിനൊപ്പം ഒരു കേരളയാത്രയില്‍ പങ്കാളിയാവാനുള്ള അവസരം വന്നു ചേരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല… അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ആ മഹത്തായ അവസരം ഉള്ളില്‍ നിറച്ച അനുഭൂതിയുടെ കടലിരമ്പം വിട്ടുപോകുന്നതേയില്ല.
.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest