Alappuzha
ക്വട്ടേഷൻ നൽകിയത് 13 കാരി; വീഡിയോ കോളിലൂടെ കൊലപാതകം കണ്ടു; പ്രചോദനമായത് സിനിമ; കരുവാറ്റ കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം സ്വദേശിയായ 13 കാരിയും സുഹൃത്തുക്കളായ 16-ഉം 17-ഉം വയസ്സുള്ള മൂന്ന് ആൺകുട്ടികളും ചേർന്നാണ് കൃത്യം നടത്തിയത്
ആലപ്പുഴ | ആലപ്പുഴ കരുവാറ്റയിൽ 65 വയസ്സുകാരനായ ഗൃഹനാഥനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. വയോധികനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഉറ്റബന്ധുവായ 13 വയസ്സുകാരിയാണെന്ന് പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ 13 കാരിയും സുഹൃത്തുക്കളായ 16-ഉം 17-ഉം വയസ്സുള്ള മൂന്ന് ആൺകുട്ടികളും ചേർന്നാണ് കൃത്യം നടത്തിയത്. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് ആലപ്പുഴ എസ് പി. ടി കെ വിഷ്ണുപ്രദീപ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും നിരന്തരം വഴക്കുപറഞ്ഞിരുന്ന വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാൾ ഞായറാഴ്ച വീട്ടിൽ തനിച്ചായിരിക്കുമെന്ന വിവരം പെൺകുട്ടിയാണ് കാമുകന് കൈമാറിയത്. തുടർന്ന് കൊല്ലത്തുനിന്ന് കരുവാറ്റയിലെത്തിയ സംഘം വീടിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകടന്നത്. കൊല്ലപ്പെട്ടയാൾക്ക് കഴുത്തിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

കൊല്ലപ്പെട്ട കരുവാറ്റ സ്വദേശി ശിവൻകുട്ടി
വയോധികനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കാമുകൻ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചുകൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തിനു ശേഷം വീട്ടിൽനിന്ന് കവർന്ന സ്വർണാഭരണങ്ങൾ കൊല്ലത്തെ ജ്വല്ലറിയിൽ വിറ്റ് 16,500 രൂപ നേടി. മോഷ്ടിച്ച സ്വർണം വിറ്റ് കിട്ടുന്ന പണം കൊണ്ട് ഐഫോൺ വാങ്ങാനും കൂട്ടാളികൾക്ക് ആഡംബര ബൈക്ക് സ്വന്തമാക്കാനുമായിരുന്നു പദ്ധതി. വിറ്റ സ്വർണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
മോഷണശ്രമമാണെന്ന് തോന്നിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികൾ സംഭവസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ചില സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം മുത്തശ്ശനെ കാണാനില്ലെന്ന് മറ്റുള്ളവരെ അറിയിച്ചതും ഈ പെൺകുട്ടിയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട നാല് കൗമാരക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
Also Readവയോധികന്റെ കൊലപാതകം; നാല് വിദ്യാര്‍ഥികള്‍ പിടിയില്‍ കേസിലെ പ്രധാന കണ്ണിയായ 13 കാരിയെ ജുവനൈൽ നീതിന്യായ ബോർഡിന് മുന്നിൽ ഹാജരാക്കി. പ്രതികളായ ആൺകുട്ടികൾ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. ഇവർക്ക് സ്വർണം വിൽക്കാൻ സഹായം നൽകിയ ആളെക്കുറിച്ചും അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
കരുവാറ്റ സ്വദേശി ശിവൻകുട്ടിയെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ശിവന്‍കുട്ടിയെ കാണാനില്ലായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടിയുടെ ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ചെറുമകള്‍ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ പൊളിച്ചുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.
Summary
In Alappuzha, a 13-year-old girl and three male students were involved in a murder and staged it as a robbery by scattering pepper powder at the crime scene. The police, led by SP TK Vishnupradeep, unravelled the plot and recovered the stolen gold ring that was sold for Rs 16,000. The minor girl was apprehended and produced before the Juvenile Justice Board as the investigation continues.


