Connect with us

Editorial

അടച്ചിടലല്ല, ജാഗ്രതയും നിരീക്ഷണവുമാണ് വേണ്ടത്

Published

|

Last Updated

സംസ്ഥാനത്ത് കടകളും സ്ഥാപനങ്ങളും അടച്ചിടുന്നത് താമസിയാതെ ഒഴിവാക്കുമെന്നും ഇന്നത്തെ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നുമാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ എല്ലാ മേഖലയും അടച്ചിടുന്നതിനെതിരെ കടുത്ത വിമര്‍ശമാണ് അടുത്ത കാലത്തായി ഉയര്‍ന്നു വരുന്നത്. സംസ്ഥാനത്ത് നിയന്ത്രണം ഇനിയും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഈ മാസം ഒമ്പത് മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്നും പോലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം സ്വീകാര്യമല്ല, മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ അംഗീകരിക്കാമെന്നാണ് വ്യാപാരികളുടെ നിലപാട്. മാസങ്ങളായി കട അടഞ്ഞു കിടന്നതിനെ തുടര്‍ന്ന് കടക്കെണിയിലകപ്പെട്ട് സംസ്ഥാനത്ത് ഇതിനകം 16 വ്യാപാരികള്‍ ആത്മഹത്യ ചെയ്തതായും നേതാക്കള്‍ അറിയിച്ചു. അശാസ്ത്രീയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുമുണ്ട് സമിതി.

നിയമസഭയില്‍ പ്രതിപക്ഷവും കടുത്ത വിമര്‍ശമുയര്‍ത്തിയിരുന്നു അടച്ചിടല്‍ തുടരുന്നതിനെതിരെ. കൊവിഡ് പ്രതിരോധത്തിന് നിലവില്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ജനങ്ങളെ അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ഒരുഘട്ടത്തില്‍ സാമ്പത്തിക കുതിച്ചു ചാട്ടത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി വളര്‍ന്നതാണ് കേരളം. തലതിരിഞ്ഞ അടച്ചിടല്‍ നയംമൂലം സംസ്ഥാനം പട്ടിണിയിലേക്ക് നീങ്ങുന്നതായി ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, കൊവിഡ് ചട്ടലംഘനമെന്ന പേരില്‍ ഇടതു കൈകൊണ്ട് ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും വലതു കൈകൊണ്ട് ഭക്ഷ്യ കിറ്റ് വിതരണം നടത്തുകയും ചെയ്യുകയാണ് സര്‍ക്കാറെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി പി ആര്‍) അനുസരിച്ച് വാരാന്ത ലോക്ക്ഡൗണും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണങ്ങളും നടപ്പാക്കുന്നത് വൈറസ് വ്യാപനം കുറക്കാന്‍ കാര്യമായി സഹായിക്കില്ലെന്ന് ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നു. റോഡിന് ഒരു വശത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടി ഡി കാറ്റഗറിയും ട്രിപ്പിള്‍ ലോക്ക്ഡൗണും ആകുമ്പോള്‍, മറുവശത്ത് ഇളവുകള്‍ ഏറെയുള്ള എ കാറ്റഗറിയാകുന്ന സംഭവങ്ങളുണ്ട്. ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടുമ്പോള്‍ തൊട്ടടുത്ത പ്രദേശം ബി കാറ്റഗറിയിലാണെങ്കില്‍ ഡി കാറ്റഗറി പ്രദേശത്തെ ആളുകള്‍ അവശ്യ സാധനങ്ങള്‍ക്കും മറ്റും തൊട്ടടുത്ത ബി കാറ്റഗറി പ്രദേശത്തേക്ക് തള്ളിക്കയറുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടെന്ത് ഫലം? പരിശോധന ഒരേ നിലയില്‍ നടക്കാത്തതിനാലാണ് ഈ അന്തരം. സംസ്ഥാനത്ത് അടച്ചിടല്‍ തുടര്‍ന്നിട്ടും രോഗവ്യാപനം കുറയുന്നില്ലെന്നത് ഈ വീക്ഷണം ശരിവെക്കുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെയാണ്.

ആഴ്ചയില്‍ നിശ്ചിത ദിവസം കടകള്‍ അടച്ചിടുന്ന രീതി കേരളത്തിലല്ലാതെ ലോകത്ത് ഒരിടത്തും നടപ്പാക്കിയിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശനിയും ഞായറും ലോക്ക്ഡൗണ്‍ ആകുമ്പോള്‍ വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു. ആളുകള്‍ കൂട്ടംകൂടരുതെന്ന നിര്‍ദേശം ഇവിടെ വ്യാപകമായി ലംഘിക്കപ്പെടുകയും ഇത് സമ്പര്‍ക്ക വ്യാപനത്തിനു വഴിവെക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുകയും സ്ഥാപനങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച് ഒരേ സമയം പ്രവേശിക്കാവുന്നവരുടെ എണ്ണം നിശ്ചയിക്കുകയുമാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. കടകള്‍ സ്ഥിരമായി തുറക്കുമ്പോള്‍ ജനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം നടത്തിയെടുക്കാന്‍ വേണ്ടി തിരക്കു കൂട്ടുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനാകും.
ഏപ്രില്‍ മൂന്നാം വാരത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍, കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഇനിയും സമ്പൂര്‍ണ അടച്ചിടല്‍ പരിഹാരമല്ല, അത് രാജ്യത്തിന് താങ്ങാനാകാത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടു. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ അവിടേക്ക് പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. ജൂലൈ 31ന് ചേര്‍ന്ന സംസ്ഥാനതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായിയും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്കു പകരം മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.
കോഴിക്കോട് ആസ്ഥാനമായ ഒരു മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം, ജനജീവിതത്തെ കാര്യമായി ബാധിക്കാതെ തന്നെ കൊവിഡ് വ്യാപനം തടയാനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. കച്ചവട സ്ഥാപനങ്ങള്‍, യാത്രകള്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍ എന്നിവക്ക് അനുവദിച്ച സമയവും ആളുകളുടെ എണ്ണവും വര്‍ധിപ്പിക്കുകയും സ്ഥലത്തിന്റെ വിസ്തൃതിക്ക് അനുസരിച്ച് പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുക, കച്ചവട സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക, വാഹനത്തില്‍ നിന്ന് ഇറങ്ങാതെയുള്ള ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുക, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രീതികളിലേക്ക് മാറാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുക, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് കാര്‍ട്ടുകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനം നിര്‍ബന്ധമാക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. സ്ഥാപനങ്ങള്‍ അടച്ചിടുകയും ജനങ്ങളെ പുറത്തിറക്കാതെയിരിക്കുകയുമല്ല വേണ്ടത്. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനായി ഇപ്പോള്‍ പോലീസും ഭരണകൂടങ്ങളും അധികാരികളും സ്വീകരിച്ചിരിക്കുന്ന സന്നാഹമത്രയും, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയാക്കുകയും ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനായി വിനിയോഗിച്ചാല്‍ ഇത് സാധ്യമാക്കാവുന്നതേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.